തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ നിന്നും 26 ലക്ഷത്തിന്റെ പണാപരഹരണം നടത്തിയ കേസിൽ കോടതിയുടെ ഇടപെടൽ. കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും ജില്ലാ കോടതി വിളിച്ചു വരുത്തി. കേസിൽ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ടിന്റെ മുൻകൂർ ജാമ്യഹർജിയിലാണ് 12 ന് വിധി പറയുക. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണ കുമാറിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ അപഹരിച്ച് സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്ത കേസിൽ മുഖ്യ പ്രതിയായ നേമം മേഖലാ ഓഫീസ് സൂപ്രണ്ട് എസ്. ശാന്തിയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.

നേമം പൊലീസ് സ്റ്റേഷനിൽ നിന്നും കേസ് ഡയറിയും പൊലീസ് റിപ്പോർട്ടും ഒക്ടോബർ 6 ന് ജില്ലാ കോടതി വിളിച്ചു വരുത്തി പരിശോധിച്ചിരുന്നു. മുഖ്യ പ്രതി ശാന്തിയെ കേസുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ കേസ് ഡയറി ഫയലിൽ അടയാളപ്പെടുത്തി മാർക്ക് ചെയ്തു നൽകാൻ പബ്ലിക് പ്രോസിക്യൂട്ടറോട് നിർദേശിച്ച് കോടതി സി ഡി ഫയൽ പി പി ക്ക് തിര്യെനൽകി. തുടർന്ന് പബ്ലിക് പ്രോസിക്യൂട്ടർ എ. ഹക്കിം പ്രതിയെ കുത്യവുമായി ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ മാർക്ക് ചെയ്ത് സി ഡി ഫയൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.

മേഖല ഓഫീസിലെ ഒടുക്ക് വരവ് ബാങ്കിലടക്കാതെ തട്ടിയെടുത്തെന്ന് ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. സൂപ്രണ്ട് ശാന്തിയേയും ക്യാഷിയറുടെ ചുമതലയുണ്ടായിരുന്ന സുനിതയേയും സസ്‌പെന്റ് ചെയ്തിരുന്നു. എന്നാൽ പൊലീസിനോ വിജിലൻസിലോ പരാതി നൽകാതെ കോർപ്പറേഷൻ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധ സമരങ്ങൾക്കൊടുവിലാണ് നേമം സ്റ്റേഷനിൽ പരാതിപ്പെട്ട് കേസെടുത്തത്. ശ്രീകാര്യം പൊലീസ് സമാന സ്വഭാവമുള്ള കേസ് മുമ്പെടുത്തിരുന്നു. അഞ്ച് ലക്ഷത്തിൽപരം രൂപയാണ് ഇവിടെ നിന്നും നഷ്ടമായത്.

രണ്ടു പേരെ സസ്‌പെന്റും ചെയ്തിരുന്നു. ഉള്ളൂർ, ആറ്റിപ്ര മേഖല ഓഫീസുകളിലും ക്രമക്കേട് കണ്ടെത്തിയിരുന്നു. ഓഡിറ്റ് വകുപ്പിന്റെ കോർപ്പറേഷൻ തല വിഭാഗം അഞ്ച് മേഖല ഓഫീസുകളിൽ നടത്തുന്ന പരിശോധന പുരോഗമിച്ചു വരികയാണ്. ശ്രീകാര്യത്ത് തട്ടിപ്പു കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന തുടങ്ങിയത്. അതേസമയം തിരുവനന്തപുരം കോർപ്പറേഷനിൽ വീട്ടുകരം തട്ടിപ്പിന് പിന്നാലെ അടച്ച തൊഴിൽ നികുതിയും കാണാനില്ല. തെലങ്കാന കേന്ദ്രമായി കേരളത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ 20 തൊഴിലാളികളുടെ ഇരുപതിനായിരത്തിലേറെ രൂപയാണ് കാണാതായത്. അങ്ങനെയൊരു പണം കോർപ്പറേഷന് കിട്ടിയിട്ടേ ഇല്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ കേരളത്തിലുള്ള ജീവനക്കാരുടെ പ്രൊഫഷണൽ ടാക്‌സ് എങ്ങനെ അടക്കണം എന്നറിയാനായി ഏഷ്യാനെറ്റ് ന്യൂസ് സംഘം കോർപറേഷൻ സെക്രട്ടറിയെ സമീപിച്ചു. ഐടി ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം 20 ജീവനക്കാരുടെ തൊഴിൽ നികുതി ഓൺലൈൻ വഴി തെലങ്കാന ഓഫീസിൽ നിന്നടച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ രസീതും കിട്ടി. അടുത്ത ആറുമാസത്തെ നികുതി അടയ്ക്കാനായപ്പോൾ ഓൺലൈൻ വഴി അടക്കാനായില്ല.

തുടർന്ന് കേരളത്തിലെ ജീവനക്കാർ തിരുവനന്തപുരം കോർപ്പറേഷനിലെത്തി. എന്നാൽ നേരത്തെ അടച്ച പണം കോർപ്പറേഷനിൽ ലഭിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. കൊച്ചി കോർപ്പറേഷനിലേക്കായിരിക്കും പണം പോയത് എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. നികുതി അടച്ച എല്ലാ വിവരവും രസീതും വെച്ച് നാല് മാസം മുമ്പ് കോർപറേഷൻ മേയറെ അടക്കം കണ്ട് പരാതി കൊടുത്തെങ്കിലും ഫലമുണ്ടായില്ല.