തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ നികുതി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന പ്രതിയും നേമം സോൺ മുൻ സൂപ്രണ്ട് എസ്. ശാന്തിയാണ് അറസ്റ്റിലായത്. ഇവർ പൊലീസ് സംഘത്തിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. നികുതി വെട്ടിപ്പ് വിഷയം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഘട്ടത്തിലാണ് കീഴടങ്ങൽ എന്നതും ശ്രദ്ധേയമാണ്. .

ഒന്നാം പ്രതിയും നേമം സോണൽ ഓഫീസിലെ ക്യാഷറുമായ സുനിത, ശ്രീകാര്യം സോണൽ ഓഫീസിലെ അറ്റൻഡന്റ് ബിജു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. നേമം സോണിൽ മാത്രം 25 ദിവസത്തെ നികുതി തട്ടിയെടുത്തിട്ടുണ്ടെന്ന് ബാങ്ക് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. നേരത്തേ എസ്. ശാന്തി അടക്കം ഏഴ് ജീവനക്കാരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

2020 ജനുവരി 24 മുതൽ 2021 ജൂലായ് 14 വരെയുള്ള ഒന്നര വർഷത്തെ ഇടപാടുകളാണ് പരിശോധിച്ചത്. കരമടച്ച 27 ലക്ഷം രൂപ കോർപ്പറേഷൻ അക്കൗണ്ടിൽ നിക്ഷേപിക്കാതെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ പരിശോധനയിലാണ് തിരുവനന്തപുരം നഗരസഭയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.

മൂന്ന് സോണൽ ഓഫീസുകളിൽ നിന്നായി ഏകദേശം 33,54,169 രൂപയാണ് ഉദ്യോഗസ്ഥർ വെട്ടിച്ചത്. സോണൽ ഓഫീസുകളിൽ ജനങ്ങളിൽ നിന്നു സ്വീകരിക്കുന്ന പണം അന്നോ, തൊട്ടടുത്ത പ്രവൃത്തി ദിവസം രാവിലെ 12 ന് മുൻപോ വികാസ് ഭവനിലെ എസ്.ബി. എസ്‌ബിഐ ബാങ്കിലെ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് അടയ്ക്കണമെന്നാണു നിർദ്ദേശം. ഇതിനായി ചുമതലപ്പെടുത്തിയ ജീവനക്കാർ പണം ബാങ്കിൽ അടച്ചില്ലെന്നാണ് കണ്ടെത്തൽ.

ശ്രീകാര്യം സോണിൽ 500785 രൂപ ബാങ്കിലടയ്ക്കാത്ത കാഷ്യർ അനിൽകുമാർ, ഓഫീസ് അസിസ്റ്റന്റ് ബിജു, നേമം സോണിൽ 26,74,333 രൂപ ബാങ്കിൽ അടയ്ക്കാത്ത കാഷ്യർ എസ്.സ്മിത, സുപ്രണ്ട് ശാന്തി, ആറ്റിപ്ര സോണിൽ 1,9,836 രൂപ ബാങ്കിലിടാത്ത ജോർജ്കുട്ടി എന്നിവരെ ഇതിന്റെ പേരിൽ നഗരസഭ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ശ്രീകാര്യം സോണിലെ അന്നത്തെ ചാർജ് ഓഫീസറും ഇപ്പോൾ കൊല്ലം നഗരസഭയിലെ ജീവനക്കാരിയുമായ ലളിതാംബികയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഉള്ളൂർ സോണൽ ഓഫീസ് കഴിഞ്ഞമാസം നടത്തിയ അദാലത്തിൽ പണമടച്ചവരുടെ വിവരങ്ങളും കോർപ്പറേഷൻ സൈറ്റായ സഞ്ചയ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സാധാരണ ഗതിയിൽ റസിഡന്റ്‌സ് അസോസിയേഷനുകളിൽ കോർപറേഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി നികുതി ശേഖരിക്കുന്ന രീതിയുണ്ട്. ഇങ്ങനെ കൃത്യമായി നികുതി അടച്ചിരുന്ന മിക്കവരുടെ പേരിലും വൻ കുടിശിക ഉള്ളതായാണ് പോർട്ടലിൽ കാണിക്കുന്നത്. ഇതോടെ കോർപ്പറേഷനിലെ നികുതി വെട്ടിപ്പിന്റെ ആഴമേറുകയാണ്.

കാലങ്ങളായി അടച്ചിരുന്ന നികുതിയുടെ രസീതുമായെത്തി കോർപ്പറേഷനിൽ കണക്കുകൾ ശരിയാക്കേണ്ട അവസ്ഥയാണുള്ളത്. രസീതുകൾ സൂക്ഷിച്ചുവയ്ക്കാത്തവർ എന്തുചെയ്യുമെന്ന ചോദ്യത്തിന് പക്ഷെ കോർപ്പറേഷന്റെ പക്കൽ ഉത്തരമില്ല. വീട്ടുകരമുൾപ്പെടെ കൃത്യമായി നകുതി അടച്ചവർക്ക് കുടിശിക നോട്ടീസുകൾ വന്നുതുടങ്ങിയതോടെയാണ് സംഭവം പുറത്തായത്. കോർപ്പറേഷന് കീഴിലുള്ള 11 സോണൽ ഓഫീസുകളിൽ മൂന്നിടങ്ങളിൽ ഭാഗികമായ ഓഡിറ്റ് നടന്നുകഴിഞ്ഞപ്പോൾ തന്നെ 33 ലക്ഷം രൂപയുടെ ക്രമക്കേടാണ് പുറത്തുവന്നത്. കൂടുതൽ സോണൽ ഓഫീസുകളിൽ പരിശോധന പൂർത്തിയാകുമ്പോൾ ഈ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകൾ.