തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വെള്ളിയാഴ്ച അടച്ചിടും. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നടപടി. വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് ആറു വരെ പ്രവർത്തനം നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ബുറേവി നാളെ ഉച്ചയോടെ തിരുവനന്തപുരത്ത് വീശാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം ക്രമപ്പെടുത്തിയിരിക്കുന്നത്. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നടപടി.