തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണെന്ന് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഇക്കാര്യത്തിൽ ഉപ്പ് തിന്നവർ ആരായാലും അവർ വെള്ളം കുടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ഗെയിംസ് നടത്തിപ്പിനെ പ്രധാനമന്ത്രി പോലും അഭിനന്ദിച്ചതാണ്. മീറ്റിൽ പങ്കെടുത്ത താരങ്ങൾക്കോ സംസ്ഥാനങ്ങൾക്കോ ഒരു പരാതിയും ഇല്ല. ഗെയിംസ് നടത്തിപ്പിൽ എല്ലാവരും പൂർണ തൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വാർത്താ സമ്മേളനങ്ങൾ നടത്തുന്ന മൂന്നോ നാലോ പേരാണ് ഗെയിംസിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പേരെടുത്ത് പറയാതെ തിരുവഞ്ചൂർ സൂചിപ്പിച്ചു.

ഗെയിംസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. മാദ്ധ്യമങ്ങൾ എഴുതിപ്പിടിപ്പിക്കുന്നതിന് മറുപടി നൽകാൻ തനിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ആരോപണം നിത്യത്തൊഴിലാക്കി നടത്തുന്നവർക്കു മാത്രമേ പരാതിയുള്ളൂ. അവർ ഇഷ്ടമുള്ളതു പറയട്ടെ. ഓണക്കാലത്ത് തലപ്പന്തെങ്കിലും കളിച്ചു പരിചയമുള്ളവരാണ് പരാതി പറയുന്നതെങ്കിൽ കേൾക്കാം. ഗെയിംസ് വില്ലേജ് ഉൾപ്പെടെയുള്ളവ സമാപനത്തിനു ശേഷം ലേലം ചെയ്യാനാണ് തീരുമാനം. സ്‌കൂളുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇളവുകൾ നൽകണോ എന്ന് സർക്കാരിന് തീരുമാനിക്കാമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

അതിനിടെ ദേശീയ ഗെയിംസ് നടത്തിപ്പിനെ അഭിനന്ദിച്ച് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനവും ലഭിച്ചു. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിൽ എത്തിയത്. കേരളത്തിൽ ഗെയിംസ് നടത്തിപ്പ് ഏറെ വിവാദങ്ങൾക്കിടയിലാണെങ്കിലും പ്രധാനമന്ത്രിയുടെ അഭിനന്ദനക്കത്ത് ഗെയിംസിന്റെ അണിയറ പ്രവർത്തകർക്ക് ആശ്വാസമായിരിക്കുകയാണ്.