തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണന് നാവു പിഴയ്ക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്ത് ട്രോളാൻ തുടങ്ങിയത്. സംസ്ഥാന സിനിമാ അവാർഡ് പ്രഖ്യാപനത്തിൽ നസ്രിയ നസീമിന്റെ പേര് പറഞ്ഞപ്പോൾ തെറ്റിയത് മുതലാണ്. തുടർന്നങ്ങോട്ട് എല്ലാ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ജാഗ്രത പാലിച്ചത് തിരുവഞ്ചൂരിൽ നിന്നുള്ള നാക്കുപിഴയിലാണ്. സോഷ്യൽ മീഡിയയിൽ യഥേഷ്ടം ട്രോളുകളും പിന്നാലെയെത്തി. ഏറ്റവും ഒടുവിൽ നിയമസഭയിലെ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹം ട്രോളുകൾ ഏറ്റുവാങ്ങുന്നത്.

വെറുതേ തന്നെ ട്രോളുന്നത് ശരിയില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ തന്നെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. തന്റെ നാവുപിഴയ്ക്ക് പിന്നിലെ കാരണം ആരോഗ്യ പ്രശ്‌നമാണെന്നാണ് തിരുവഞ്ചൂർ വ്യക്തമാക്കിയത്. നിയമസഭയിലെ പ്രസംഗത്തിൽ തന്റെ നാവു പിഴച്ചതു പെട്ടെന്നു രക്തത്തിൽ പഞ്ചസാരയുടെ അളവു താഴ്ന്നതു മൂലമുള്ള ബുദ്ധിമുട്ടുകൾ കാരണമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഇന്നലെ എം.ഉമ്മറിനു ബുദ്ധിമുട്ടുണ്ടായപ്പോൾ കുടിക്കാൻ സ്പീക്കർ വെള്ളം നൽകി. ഇതുപോലെ അന്നു തനിക്ക് ഒരുതുള്ളി വെള്ളം തന്നിരുന്നെങ്കിൽ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. നാവു പിഴയ്ക്കുന്നതിനെപ്പോലും വളരെ നിർദയമായും ക്രൂരമായും പ്രചാരണ ആയുധമാക്കുന്നതിനോടു യോജിക്കാനാകില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

തിരുവഞ്ചൂർ അന്നു നാഗവല്ലിയെപ്പോലെ നടത്തിയ പ്രസംഗം പിന്നീടു വൈറലായെന്ന എ.എൻ.ആരിഫിന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സഭയിൽ പ്രസംഗം പിഴച്ച മറ്റുള്ളവരെക്കുറിച്ചു പരാമർശിക്കാൻ ആരിഫിനു ധൈര്യമില്ലെന്നും അതു പറഞ്ഞാൽ അദ്ദേഹം പിന്നെ പാർട്ടിയിൽ ഉണ്ടാകില്ലെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു.

അടുത്ത സുഹൃത്തുക്കളായതിനാലാണ് ഉമ്മറിന്റെ ബുദ്ധിമുട്ടു കണ്ടപ്പോൾ മനസ്സിലായതെന്നും ഉടൻ വെള്ളമെത്തിച്ചതെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മറുപടി നൽകി. ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവരോ അടുത്തിരിക്കുന്നവരോ ഉടൻ അക്കാര്യം ചൂണ്ടിക്കാട്ടണമെന്നും സ്പീക്കർ പറഞ്ഞു. കഴിഞ്ഞ 25നു നിയമസഭയിൽ പെമ്പിളൈ ഒരുമൈ എന്ന തിരുവഞ്ചൂരിന്റെ പ്രയോഗം തെറ്റിയതും പാപ്പാത്തിച്ചോല എന്നതു മുഖ്യമന്ത്രി പറഞ്ഞപ്പോൾ ചപ്പാത്തിച്ചോല എന്നായിപ്പോയതുമാണ് ഇന്നലെ വീണ്ടും സഭയിൽ പരാമർശിക്കപ്പെട്ടത്.