തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടനത്തിൽ വന്ന പാകപ്പിഴയ്ക്ക് ഉത്തരവാദി മോഹൻലാൽ മാത്രമാണെന്ന് സമർത്ഥിച്ച് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും രംഗത്തെത്തി. ഇന്ന് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് തിരുവഞ്ചൂർ തന്റെ നിലപാട് ആവർത്തിച്ചത്. ദേശീയ ഗെയിംസിലെ മറ്റ് ഉദ്ഘാടന പരിപാടികളെ കുറിച്ച് യാതൊരു പരാതിയും ഉയർന്നിരുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു.

ലാലിസത്തിനുമുൻപുള്ള പരിപാടികളെക്കുറിച്ച് പരാതിയുണ്ടായിട്ടില്ല. സാമൂഹികമാദ്ധ്യമങ്ങളിൽ ലാലിസത്തെക്കുറിച്ച് രണ്ടഭിപ്രായം ഉയർന്നിട്ടുണ്ട്. അദ്ദേഹത്തിന് കൊടുത്ത പണം തിരിച്ച് വാങ്ങുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. വിവാദങ്ങളിൽ മോഹൻലാലിന് അതിയായ വേദനയുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ മൽസരവേദികളിൽനിന്നും പരാതിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറി പരാതിപറഞ്ഞതായി അറിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.

ചില ആളുകൾ എന്തു പറഞ്ഞാലും വിശ്വസിക്കില്ല. ദേശീയഗെയിംസ് തെളിഞ്ഞും ഒളിഞ്ഞും പലരും നടത്താതരിക്കാൻ ശ്രമിച്ചു. ഐ.ഒ.എയ്ക്ക് കള്ളകത്തയച്ചു. ദേശീയഗെയിംസ് കേരളത്തിൽ നടക്കില്ല എന്ന് പറഞ്ഞുനടന്നു. ഇത്തരം ഹിഡൻ അജണ്ടകളാണ് ലാലിസത്തിനെതിരെയുമെന്ന് തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. 2007 ലെ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരാണ് ഗെയിംസ് നടത്തിപ്പിന് പിന്നിലുള്ളത്. ഈ സർക്കാർ വന്ന ശേഷം ആരേയും മാറ്റിയിട്ടില്ല. തിരുവഞ്ചൂർ പറഞ്ഞു. വിമർശം ഉന്നയിക്കുന്നവർ നേട്ടങ്ങളുണ്ടാക്കുന്ന കായികതാരങ്ങളെ ഒന്ന് അഭിനന്ദിക്കാൻ പോലും തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു.

ഉദ്ഘാടനചടങ്ങിന് എ.ആർ.റഹ്മാനെ പാടിക്കാനിരുന്നതാണ്, എന്നാൽ ബജറ്റ് വലുതായതിനാലാണ് ഉപേക്ഷിച്ചത്. മോഹൻലാൽ മാന്യമായി പെരുമാറി. മോഹൻലാലിനെപ്പോലെയൊരു കലാകാരനെ ഇനിയും വേട്ടയാടരുതെന്ന് തിരുവഞ്ചൂർ. ചുണ്ടനക്കുന്നതും ആഭ്യന്തരവകുപ്പും തമ്മിൽ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

45 ദിവസത്തിനകം ഓഡിറ്റ് നടത്തി കണക്കുകൾ പ്രസിദ്ധപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സർക്കാർ അവസാന നിമിഷമാണ് തന്നെ സമീപിച്ചിരുന്നതെന്ന് മോഹൻലാൽ മാദ്ധ്യമങ്ങൾക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. കായികമന്ത്രിയും മുഖ്യമന്ത്രിയും നിർബന്ധിച്ചാണ് പരിപാടിക്ക് സമ്മതിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് സർക്കാറിന് തിരിച്ചടിയാകുമെന്ന് കണ്ടാണ് ലാലിസം മാത്രമാണ് പാളിയതെന്ന വിധത്തിൽ തിരുവഞ്ചൂർ ആവർത്തിക്കുന്നതും.