കോട്ടയം: അഞ്ചേരി ബേബി വധക്കേസിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എംഎം മണിക്കെതിരെ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി യോഗത്തിൽ എം എം മണി തന്നെ നടത്തിയ വൺ ടൂ ത്രീ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പാർട്ടി പ്രവർത്തകർ തന്നെയാണ് പ്രസംഗം പുറത്തുവിട്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. അക്കാര്യം എംഎം മണി അന്ന് നിഷേധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ മണി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

വ്യക്തി വിരോധത്തിന്റെ പേരിലല്ല, കൊല നടത്തിയെന്ന വിവാദ പ്രസംഗത്തിന്റെ പേരിലാണ് എംഎം മണിക്കെതിരെ താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ കേസെടുത്തത്. കേസിൽ പിന്നീട് എന്ത് നടന്നുവെന്ന് അറിയില്ല. ആരെയെങ്കിലും ഇഷ്ടമല്ലെങ്കിൽ അവരെ അപമാനിക്കുന്ന സ്വഭാവമാണ് എം എം മണിക്ക്. എംഎം മണിയുടെ നാക്കും തന്റെ പ്രവർത്തിയും ജനങ്ങൾ വിലയിരുത്തട്ടെയെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടാക്കിയ പ്രതിഷേധം സിപിഎമ്മിനെയാകെ പ്രതിരോധത്തിലാക്കിയിരുന്ന കാലഘട്ടത്തിലായിരുന്നു എംഎം മണിയുടെ പ്രസംഗം. തൊടുപുഴക്കടുത്ത് മണക്കാട്ടെ വിശദീകരണ യോഗത്തിൽ അന്നത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയുടെ വൺ ടു ത്രീ പ്രയോഗവും 1980 കളിൽ നടത്തിയ കൊലപാതകങ്ങളുടെ വെളിപ്പെടുത്തലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മണിയുടെ പ്രസംഗം വലിയ ചർച്ചയായതോടെ.

കൊലപാതക രാഷ്ട്രീയത്തെ പാർട്ടിക്ക് ആവർത്തിച്ച് തള്ളിപ്പറയേണ്ടി വന്നു. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാർ കേസ് എടുത്തു. പൊലീസ് അറസ്റ്റ് ചെയത് എംഎം മണിക്കും മറ്റ് പ്രതികൾക്കും 46 ദിവസം ജയിലിൽ കഴിയേണ്ടി വന്നു. ജാമ്യത്തിലിറങ്ങിയിട്ടും കുറെ നാൾ ഇടുക്കി ജില്ലക്ക് പുറത്ത് കഴിയേണ്ടി വന്ന എംഎം മണി വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും കുറ്റവിമുക്തനാകുന്നത്.

എം.എം.മണിയുടെ വിടുതൽ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി എം.എം.മണി അടക്കം മൂന്ന് പ്രതികളെ ഹൈക്കോടതി കുറ്റവിമുക്താരക്കിയത്. നേരത്തെ സെഷൻസ് കോടതിയെ എം.എം.മണി വിടുതൽ ഹർജിയുമായി സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഇതോടെയാണ് മണിയും മറ്റു രണ്ടു പ്രതികളും അപ്പീൽ ഹർജിയുമായി ഹൈക്കോടതിയിലേക്ക് എത്തിയത്. എം.എം. മണിയെ കൂടാെ ഒ.ജി.മദനനൻ, പാമ്പുപാറ കുട്ടൻ എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ.

2012 മെയിൽ ഇടുക്കി മണക്കാട് നടത്തിയ വിവാദപ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസിലേക്ക് മണി പ്രതിയാവുന്നത്. കുപ്രസിദ്ധമായ 1,2,3 പ്രസംഗത്തിലൂടെ 1982-ലെ കൊലപാതക കേസിൽ ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയും 2012 നവംബറിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംഎം മണിയടക്കമുള്ള മൂന്ന് നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തു. ഇടുക്കിയിലെ വീട്ടിൽ നിന്നും ഐജിയുടെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത എം.എം.മണിക്കും കൂട്ടുപ്രതികൾക്കും 46 ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.