കോട്ടയം: സോഷ്യൽമീഡിയ അടുത്തകാലത്ത് ഏറ്റവും അധികം വധിച്ചത് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ്. മന്ത്രിയുടെ നാവു പിഴ ചൂണ്ടായായിരുന്നു സോഷ്യൽ മീഡിയ ട്രോളുകൾ. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ നടീനടന്മാരുടെ പേര് തെറ്റായി ഉച്ഛരിച്ചപ്പോൾ മുതലാണ് മന്ത്രിക്കെതിരെ ട്രോളുകൾ പ്രവഹിച്ചത്. ഇടവേളയ്ക്ക് ശേഷം ഇത് ശക്തമായതാകട്ടെ അവാർഡ് ദാന വേദിയിലെ നാവു പിഴയുടെ പേരിലും. മോഹലാലിനെ പുകഴ്‌ത്തിയപ്പോൾ കണ്ണിലുണ്ണി എന്ന് പറയുന്നതിന് പകരം കണ്ണുണ്ണി എന്ന് പറഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയുടെ ആക്രമണം ഉണ്ടായത്.

ഈ സമയത്ത് തുടങ്ങിയ ട്രോളുകൾ ന്യൂയർ ആഘോഷത്തിലെയും താരമായി മാറി. തിരുവഞ്ചൂരിന്റെ ചിത്രം വച്ചായിരുന്നു ആശംസകളും. എന്തായാലും സോഷ്യൽ മീഡിയയിൽ തിരുവഞ്ചൂർ വധം പൊടിപൊടിക്കുമ്പോൾ വിവാദങ്ങൾക്ക് മറുപടിയുമായി ഒടുവിൽ മന്ത്രിതന്നെ നേരിട്ടെത്തി. തന്നെ പരിഹസിക്കുന്നവർ ആദ്യം സ്വയം കണ്ണാടി നോക്കട്ടെ എന്നാണ് മന്ത്രി പറയുന്നത്. തന്നെ അപമാനിക്കുന്നവരോട് ഒരു ചിരിമാത്രമാണ് മറുപടിയായി പറയാനുള്ളതെന്നു അദ്ദേഹം മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. നസ്രിയ എങ്ങനെ നുസ്രിയ ആയെന്നും മോഹൻലാലിനെ കണ്ണിലുണ്ണി എന്ന് വിളിച്ചത് എങ്ങനെ കണ്ണുണ്ണി ആയെന്നും തിരുവഞ്ചൂർ വിശദീകരിച്ചു.

ഈ രണ്ട് സംഭവങ്ങളെ കുറിച്ചും മന്ത്രി പറയുന്നത് ഇങ്ങനെ: സിനിമാ അവാർഡ് പ്രഖ്യാപനത്തിനു മൂന്നു മണിക്കാണു തിരുവനന്തപുരത്ത് പത്രസമ്മേളനം തീരുമാനിച്ചത്. യോഗങ്ങൾ കഴിഞ്ഞ് 2.45നാണ് എത്തിയത്. അപ്പോഴും പ്രഖ്യാപിക്കേണ്ട പേരുകളുടെ ഒറിജിനൽ പട്ടിക വന്നിരുന്നില്ല. പത്രസമ്മേളനത്തിനു രണ്ടു മിനിറ്റു മുൻപാണു കിട്ടിയത്. ഏതോ പുതിയ ഫോണ്ടിലായിരുന്നു അക്ഷരങ്ങൾ. നുസ്‌റിയ എന്നാണ് എനിക്കു കിട്ടിയ പേപ്പറിൽ എഴുതിയിരുന്നത്. സംശയം തോന്നി അതിന്റെ അടിയിൽ വരയ്ക്കുകയും ചെയ്തു. സമയം അതിക്രമിച്ചിരുന്നു. പക്ഷേ, അക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല.

കോട്ടയത്തു സിനിമാ അവാർഡ് വേദിയിൽ മോഹൻലാലിനെക്കുറിച്ചു പറയുമ്പോൾ കണ്ണിലുണ്ണി എന്നു പറഞ്ഞതു കണ്ണുണ്ണി എന്നു പിശകി. അപ്പോൾ തന്നെ തിരുത്തുകയും ചെയ്തു. മോഹൻലാലിനോടുള്ള അടുപ്പവും സ്‌നേഹവും കൊണ്ടു മനസ്സിൽനിന്നു പറഞ്ഞതാണത്. ഞാനൊരു സാധാരണ മനുഷ്യനല്ലേ. ചിലപ്പോൾ വികാരപരമായി പ്രസംഗിക്കേണ്ടി വരും. ചിലപ്പോൾ ഫലിതമായിരിക്കും ചിലപ്പോൾ രൂക്ഷപ്രതികരണമാവാം. ഇതൊക്കെ പറയുമ്പോൾ ആരോഹണ അവരോഹണത്തിൽ വരുന്ന കുറവല്ലേ ഈ കുറ്റമായി പറയുന്നത്. അതു സത്യസന്ധമായി ചൂണ്ടിക്കാട്ടിയാൽ തിരുത്താം.- മന്ത്രി വ്യക്തമക്കുന്നു.

അതേസമയം അവാർഡ് ദാന ചടങ്ങിൽ മമിക്രി താരം കോട്ടയം നസീർ തന്നെ അപമാനിച്ചു എന്നാണ് തിരുവഞ്ചൂർ പറയുന്നത്. ഞാൻകൂടി ഇരുന്ന സമ്മേളനത്തിൽ, എന്നെ അവഹേളിച്ചും അപമാനിച്ചും തമാശയെന്ന മട്ടിൽ കാണിച്ച അധിക്ഷേപമാണ് കോട്ടയം നസീർ നടത്തിയത്. എന്നാൽ ഈ അധിക്ഷേപത്തിന് ഒരു കയ്യടിപോലുമുണ്ടായില്െലന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഞാനിടപെടുന്നത് സാധാരണക്കാരുടെ കാര്യങ്ങളിലാണ്. പാലവും റോഡും വെള്ളവുമൊക്കെ തേടിയാണ് എന്നെക്കാണാൻ പാവങ്ങൾ വരുന്നത്. സോഷ്യൽ മീഡിയ നോക്കിയിരുന്നാൽ അവരുടെ പ്രശ്‌നങ്ങളിലേക്കിറങ്ങാൻ പറ്റില്ല. സഹപ്രവർത്തകർ ചിലതു കൊണ്ടുവന്നു കാണിക്കും. യാഥാർഥ്യത്തിൽനിന്നു വളരെ അകന്ന് മനഃപൂർവം അധിഷേപിക്കുന്നവയാണെന്നു തോന്നുമ്പോൾ സഹതാപം തോന്നുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യാന്തര ചലച്ചിത്രമേള ഏറ്റവും ഭംഗിയായി നടത്തിയതിനു പ്രതിപക്ഷനേതാവ് വി എസ് പോലും അഭിനന്ദിച്ചു. എന്നാൽ ഒരു സോഷ്യൽമീഡിയക്കാരും ലൈക്ക് തന്നില്ലെന്നും തിരുവഞ്ചൂർ പറയുന്നു. രാവിലെമുതൽ കിടന്നുറങ്ങുന്നയാളിനെ ആരെങ്കിലും വിമർശിക്കുമോ? സാധാരണമനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും ഒക്കെയേ എനിക്കുമുള്ളുവെന്നും അദ്ദേഹം വിമർശകരോടായി പറയുന്നു.