തിരുവനന്തപുരം: കേരള നിയമസഭയിൽ ഇന്ന് നാവുപിഴകളുടെ ദിവസമായിരുന്നു. മൂന്നാർ വിഷയവും എം എം മണി വിഷയവും കൊണ്ട് പ്രക്ഷുബ്ധമായ നിയമസഭയിൽ പിരിമുറുക്കം കുറച്ചത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുതൽ കെ എം മാണി വരെയുള്ളവരുടെ നാവുപിഴകളായിരുന്നു. സ്ഥിരമായി നാവു പിഴയ്ക്കുന്ന തിരുവഞ്ചൂരായിരുന്നു ഇന്ന് സഭയിലെ പ്രധാന കോമഡി താരം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി ചോദിക്കാൻ നിയോഗിക്കപ്പെട്ട വ്യക്തി തിരുവഞ്ചൂരായിരുന്നു. അവിടെ തുടങ്ങി നാവുപിഴകൾ.

അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി തേടവേ സഭയിൽ തിരുവഞ്ചൂരിന്റെ നാവുപിഴ ശരിക്കും സഭയിൽ ചിരിപടർത്തുകയായിരുന്നു. മൂന്നാറിലെ പെമ്പിളൈ ഒരുമൈക്കെതിരായി മന്ത്രി മണി നടത്തിയ പരാമർശങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു തിരുവഞ്ചൂർ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലെ ആവശ്യം. എഴുതി തയ്യാറാക്കിയ അടിയന്തര പ്രമേയ നോട്ടീസ് വായിക്കുമ്പോഴായിരുന്നു തിരുവഞ്ചൂരിന് നാവു പിഴച്ചത്. ഇത് സഹഎംഎൽഎമാരിൽ അടക്കം ചിരി പടർത്തി.

വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി മന്ത്രി മണിയെ തള്ളിയെന്ന വാർത്ത സഭയുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ ആയിരുന്നു സെക്കന്റുകളോളം തിരുവഞ്ചൂരിന് പിഴവ് പറ്റിയത്. മണിയെ തള്ളി മുഖ്യമന്ത്രി, മുഖ്യമന്ത്രി പറഞ്ഞ വാചകം ഞാൻ ഒന്ന് വായിക്കാം. പെൺകൾ.. പെൺമട്രേ.. പെൺപേർ.. പെമ്പിളൈ എരുമ! എന്നിങ്ങനെ തിരുവഞ്ചൂർ തപ്പിത്തടഞ്ഞു കൊണ്ട് പറഞ്ഞതോടെ പിന്നിരുന്ന മുരളീധരൻ ചിരിയടക്കാൻ പാടുപെട്ടു. ഇതേ അവസ്ഥയിലായിരുന്നു പല എംഎൽഎമാരും, പി ടി തോമസ് മുഖം വെട്ടിച്ച് ചിരിച്ചപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചിരിയമർത്താൻ പാടുപെടുകയായിരുന്നു. ഇതിനിടെ പെമ്പിളൈ ഒരുമ എന്ന് അടുത്തിരുന്ന കെ സി ജോസഫ് പറഞ്ഞു കൊടുക്കുകയും ചെയ്തു. തിരുവഞ്ചൂരിന്റെ തപ്പിത്തടയൽ തുടരവേ ചെയറിൽ ഇരുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണനും ചിരിയടക്കാൻ പാടുപെട്ടു.

പെമ്പിളൈ ഒരുമൈയെക്കുറിച്ച് മണി നടത്തിയിട്ടുള്ള പരാമർശം ശരിവെക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു എന്നാണ് തിരുവഞ്ചൂർ പറഞ്ഞ് അവസാനിപ്പിച്ചതും. തിരുവഞ്ചൂരിന് സമീപത്തിരുന്ന എംഎൽഎമാരായ കെ. മുരളീധരൻ, വി എസ് ശിവകുമാർ, അടൂർപ്രകാശ്, പിടി തോമസ്, കെസി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ തിരുവഞ്ചൂരിന്റെ പരാമർശങ്ങളിൽ ചിരിക്കുന്നതും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും നാവുപിഴ കൊണ്ട് ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന തിരുവഞ്ചൂരിനെ ട്രോളന്മാർ വീണ്ടും നോട്ടമിട്ടു കഴിഞ്ഞു. നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനത്തിൽ പുരസ്‌കാര ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചപ്പോഴും മന്ത്രിയായിരുന്ന തിരുവഞ്ചൂരിന് നാക്കുപിഴ സംഭവിച്ചിരുന്നു.

തിരുവഞ്ചൂരിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും നാവുപിഴക്കുന്ന കാഴ്‌ച്ച നിയമസഭ കണ്ടു. പാപ്പാത്തിച്ചോലയെ ചപ്പാത്തി, ആ ചപ്പാത്തിച്ചോല എന്നാണ് മുഖ്യമന്ത്രി പറഞ്ഞതും. എന്തായാലും മുഖ്യമന്ത്രിക്ക് ശേഷവും നാവുപിഴ തുടർന്നു. ഇത്തവണ കെ എം മാണിയുടെ ഊഴമായിരുന്നു. രാജിവെക്കാത്ത എം എം മണിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഞാനും എന്റെ പാർട്ടിയും വാക്കൗട്ട് നടത്തുന്നുവെന്ന് പറയാൻ ഉദ്ദേശിച്ച കെഎം മാണി പറഞ്ഞത് ' ഞാനും എന്റെ പാർട്ടിയും രാജിവെക്കുന്നുവെന്ന്'. ശക്തമായി ഊന്നിപ്പറയാൻ ശ്രമിച്ച കെ എം മാണിയുടെ നാവു പിഴയും സഭയിൽ ചരിപിടർത്തി. ചുരുക്കത്തിൽ വിവാദങ്ങൾ കൊണ്ട് സംഘർഷഭരിതമാകുമെന്ന് കരുതിയ നിയമസഭയിൽ ഇന്ന് നടന്നത് ചിരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു.