തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കുന്നതിന് ആവശ്യമായ ചേരുവകൾ:-

മുതിര - 1/4 കിലോഗ്രാം
കിഴങ്ങുകൾ - 1 കിലോഗ്രാം (കൊള്ളിക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്)
മുളകുപൊടി 1 റ്റീ. സ്പൂൺ
മഞ്ഞൾപ്പൊടി ഒരു നുള്ള്
ഉപ്പ് പാകത്തിന്

അരയ്ക്കാൻ

തേങ്ങ 1 ചിരണ്ടിയത്
ജീരകം 1 റ്റേ. സ്പൂൺ
പച്ചമുളക് 2
കറിവേപ്പില
വെളിച്ചെണ്ണ 1/4 കപ്പ്

ഉണ്ടാക്കുന്ന വിധം:-

മുതിര രാത്രിയിൽ കുതിർത്തുവെക്കുക. കിഴങ്ങുകളെല്ലാം തൊലികളഞ്ഞ് കഴുകുക. മുതിരയും, കിഴങ്ങളും രണ്ടായി വെള്ളവുമൊഴിച്ച്, സ്വല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. വെന്ത മുതിര തവി കൊണ്ട് ഒന്നുടച്ചു മയപ്പെടുത്തുക. അതിനുശേഷം കഷ്ണങ്ങൾ ഉടയാതെ ചേർത്തിളക്കി, തിളപ്പിക്കുക. അധികമുള്ള വെള്ളം, തീർത്തും വറ്റിക്കണം. കരിഞ്ഞു പിടിക്കാതിരിക്കാൻ ചുവടു കട്ടിയുള്ള പാത്രം ഉപയോഗിക്കുക. തേങ്ങയും ജീരകവും പച്ചമുളകും ചേർത്ത് ചതച്ചെടുക്കുക. വെള്ളം വറ്റി കുറുകിയ മുതിരകിഴങ്ങ് കൂട്ടിലേക്ക് തേങ്ങ ചതച്ചതും ചേർത്ത് ഇളക്കി യോജിപ്പിക്കുക. വാങ്ങിയശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി, അടച്ചുവെയ്ക്കുക.

തിരുവാതിര മധുരം

കൂവക്കിഴങ്ങ് പറിച്ചുകൂട്ടി, എല്ലാരും കൂടിയിരുന്നു അതിന്റെ തോല് പൊളിച്ചുകളയും, എന്നിട്ട് ഉറളിലിട്ടു ഇടിച്ചു പിഴിഞ്ഞ് വെള്ളത്തിൽ കലക്കി ഊറാൻവെക്കും, വെള്ളത്തിനടിയിൽ ഊറിവരുന്ന കൂവയെടുത്ത് കുറിക്കി, പൊടിച്ച് അതിൽ ശർക്കരയും തേങ്ങയും ചേർത്ത് പായസം പരുവത്തിൽ കോരിയെടുക്കുന്നു.

കുറിപ്പ്:- തിരുവാതിര പുഴുങ്ങുന്നത് എങ്ങിനെയെന്ന് നോക്കാം. ചില പ്രദേശങ്ങളിൽ ഉരുളക്കിഴങ്ങും കപ്പയും ഒന്നും പുഴുക്കിന്റെ കൂടെ ഉപയോഗിക്കാറില്ല. എന്നാൽ ചില പ്രദേശങ്ങളിൽ ഇവ രണ്ടും ഉപയോഗിക്കും. നാടുകൾക്കനുസരിച്ചു പുഴുക്കിനും വത്യാസം ഉണ്ടാകുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുവാതിര. ധനുമാസത്തിലെ തിരുവാതിര നക്ഷത്രത്തിലാണ് ഈ ആഘോഷം. വിശ്വാസമനുസരിച്ച് ഈ നക്ഷത്രം പരമശിവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ആഘോഷം നടത്തുന്നത്. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതംഎടുക്കുന്നു.