- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രങ്ങളിൽ കാണിക്കയായും നടവരവായും ലഭിച്ചത് 500 കിലോഗ്രാം സ്വർണം; സാമ്പത്തീക പ്രതിസന്ധികൾക്ക് പരിഹാരമായി സ്വർണ്ണത്തെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്; ഇനി വേണ്ടത് ഹൈക്കോടതിയുടെ അനുമതി
കൊച്ചി: കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ക്ഷേത്രങ്ങളിൽ കാണിക്കയായി ലഭിച്ച സ്വർണ്ണ ഉരുപ്പടികൾ ബാങ്കിൽ നിക്ഷേപിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 500 കിലോഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ നിക്ഷേപിക്കുക. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ നടപടികൾ ആരംഭിക്കും.ക്ഷേത്രങ്ങളിൽ കാണിക്കയായും നടവരവായും കിട്ടിയ സ്വർണമാണു നിക്ഷേപിക്കുന്നത്. ഇതിന്റെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 500 കിലോയോളം ഉണ്ടെന്നു കണ്ടെത്തിയത്.
റിസർവ് ബാങ്ക് ഉരുപ്പടിയായി സ്വീകരിക്കില്ല. അതിനാൽ മുഴുവൻ ഉരുപ്പടികൾ ഉരുക്കി ബാറാക്കിയാണു നൽകുക. ഇതു ദേവസ്വം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാങ്ക് അധികൃതർ ചെയ്യും.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണുള്ളത്. അതിനാലാണ് കോടതിയുടെ അനുമതിക്കായി കാത്ത് നിൽക്കുന്നത്. ഗുരുവായൂർ, പളനി, തിരുപ്പതി ദേവസ്വങ്ങൾ ഇത്തരത്തിൽ റിസർവ് ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.
പതിറ്റാണ്ടുകൾക്കു മുൻപു നിർമ്മിച്ചതും അമൂല്യവുമായ ആഭരണങ്ങളും അലങ്കാരങ്ങളും എടുക്കില്ല. ഇവയെല്ലാം പൈതൃക സ്വത്തുക്കളുടെ അമൂല്യശേഖരത്തിൽ സൂക്ഷിക്കും. ഇവയെല്ലാമായി ഏകദേശം നാലായിരം കിലോയോളം വരുന്ന സ്വർണ ഉരുപ്പടികളുണ്ടെന്നാണു പറയുന്നത്.
സ്വർണം നിക്ഷേപിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. ഏകദേശം 500 കിലോയോളം തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇതു നിക്ഷേപിക്കുന്നതിലൂടെ ബോർഡിനു പ്രതിവർഷം അഞ്ചുകോടിയോളം രൂപ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ആകെ മൂല്യത്തിന്റെ രണ്ടര ശതമാനം കണക്കാക്കിയാണു പലിശ നൽകുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ്, അഡ്വ. എൻ. വാസു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ