കൊച്ചി: ഒരാൾക്ക് എത്രതവണ മരിക്കാൻ കഴിയും? ഒരുതവണമാത്രം എന്നൊക്കെ പലരുംപറയുമായിരിക്കും. എന്നാൽ നടന് സലിംകുമാർ ഇതുവരെ മരിച്ചത് പത്ത് തവണയാണ്. ഇന്നലെയും വാട്‌സ് ആപ്പ് പോലുള്ള സോഷ്യൽമീഡിയകളിൽ സലിംകുമാർ 'മരിച്ച' വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം നിരന്തരമായി സലിംകുമാറിനെ പലരും ' കൊന്നു'. മരിച്ചുവെന്ന വാർത്ത പ്രചരിച്ചുതുടങ്ങിയാൽ സലിംകുമാറിന്റെ ഫോണിന് വിശ്രമമുണ്ടാകില്ല. സുഹൃത്തുക്കൾ വിളിക്കും വിളിച്ച് ഫോണെടുക്കുന്നതോടെ ആകെ വിളിച്ചയാൾ അങ്കലാപ്പിലാകും. മരിച്ചില്ലല്ലോയെന്ന നിരാശയാകും ചിലർക്ക്. വിളികേട്ട ഉടനെ പലരും അന്തം വിട്ട്. അസമയത്ത് ചായകുടിച്ചോ മുതലായ ചോദ്യങ്ങൾ ചോദിക്കും. മരണത്തെ കുറിച്ച് സലിംകുമാറിന്റെ അനുഭവം അത്രയ്ക്ക് സമ്പന്നമാണ്. എന്നാൽ എന്തും മുഖത്തുനോക്കി പറയുന്ന സലിംകുമാറിന്റെ നിലപാടുകൾ സൂപ്പർതാരങ്ങൾക്ക് പോലും സമീപകാലത്തായി അനിഷ്ടമുണ്ടാക്കിയിട്ടുണ്ട്. സിനിമയിലെ പുഴുക്കുത്തുകൾക്കെതിരെ അദ്ദേഹം ശക്തമായി തന്നെ പ്രതികരിക്കുന്ന കാഴ്ചയാണ് അടുത്ത കാലത്തായി കാണുന്നത്. ഈ സാഹചര്യത്തിൽ വ്യാജമരണവാർത്തകൾ പ്രചരിക്കുന്നത് സൂപ്പർതാരങ്ങളുടെ ആരാധകരുടെ ഇടയിൽ നിന്നാണോ എന്ന സംശയമാണ് ഉയരുന്നത്. വ്യാജമരണവാർത്തയ്ക്ക് ശേഷം ഇന്നലെ അപ്പോൾ തന്നെ അദ്ദേഹവുമായി നടത്തിയ സംഭാഷണമാണ് മറുനാടൻ പ്രസിദ്ധീകരിക്കുന്നത്:

മരണവാർത്ത വാട്‌സ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിഞ്ഞ് വിളിക്കുമ്പോൾ സലിം കുമാർ ചിരിക്കുകയായിരുന്നു. നിങ്ങളം അറിഞ്ഞോ ഞാൻ വീണ്ടും മരിച്ചത്. സൗദിയിൽ നിന്നോ മറ്റോ വാട്‌സ് ആപ്പിലൂടെയാണ് മരണവിവരം അറിഞ്ഞത്. മഹാനടൻ യാത്രയായി എന്നും പറഞ്ഞാണ് വാർത്ത പ്രചരിക്കുന്നത്. എന്റെയൊരു ഭാഗ്യം നോക്കണേ. പത്താം തവണയാണ് ഞാനിങ്ങനെ മരിച്ചുവീഴുന്നത്. പണ്ട് യേശുദാസിന് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ച് എട്ട് തവണയെങ്ങാനും ഇത്തരം വാർത്തകൾ പ്രചരിച്ചുവത്രെ. ഞാനിപ്പോ ആ റെക്കോർഡ് തകർത്തു. ഞാൻ പത്തുതവണ മരിച്ചു. എന്നാൽ പത്താംതവണ മരിച്ചപ്പോൾ ഒരുകാര്യം ബോധമായി.

മരിച്ചുകഴിഞ്ഞാൽ എന്നെ മഹാനായി കൊണ്ടാടപ്പെടും എന്ന കാര്യം. കാരണം മഹാനടൻ യാത്രയായി എന്നൊക്കെയാണല്ലോ വാർത്തകൾ പ്രചരിക്കുന്നത്. എന്താണിങ്ങനെയൊരു പ്രചാരണത്തിന് പ്രചോദനം എന്ന് മനസ്സിലാകുന്നില്ല. പ്രത്യേകിച്ച് നമ്മളോട് അങ്ങനെയൊരു പ്രതികാരമൊന്നും ആർക്കും തോന്നേണ്ട കാര്യമില്ലല്ലോ. ഇതുകൊണ്ട് മറ്റൊരു ഗുണമുള്ളത്. നമ്മളിങ്ങനെ വാർത്താ ശ്രദ്ധയിലൊന്നുമില്ലാതെ കഴിയുമ്പോളാണ് ഈ വ്യാജമരണവാർത്ത പ്രചരിക്കുക. അതോടെ വീണ്ടും മാദ്ധ്യമങ്ങളുടെയും നാട്ടുകാരുടെയും ശ്രദ്ധ നമ്മുടെ മേലേക്ക് വീഴും. അങ്ങനെ സജീവമാകും. ഇതൊരു ചാക്രികസഞ്ചലനമായിട്ടുണ്. കഴിഞ്ഞ പത്ത് തവണയായുള്ള മരണത്തോടെ.

എന്തായാലും ഞാൻ ജീവനോടെയുണ്ടെന്ന് നിങ്ങൾ ഉറപ്പിച്ചോളു. എന്റെ സിനിമയുടെ തിരക്കുകളിലായിരുന്നു. മരിക്കാൻ മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇക്കാലത്തുണ്ടായിട്ടില്ല. പനി പോലെ എല്ലാവർക്കും പിടിക്കുന്ന അസുഖങ്ങൾ വന്നതല്ലാതെ. ഇനി ഇങ്ങനെയുള്ള വാർത്തകൾ കൊണ്ട് ആശ്വാസം ലഭിക്കുന്നവർക്കും ഞാനൊരു ആഹ്ലാദകാരണമായല്ലോ. ഒരു തവണയല്ല പത്ത് തവണ. മരണം കൊണ്ട് മറ്റൊരാൾക്ക് ഒരു തവണ മാത്രമല്ലേ സന്തോഷം നൽകാൻ കഴിയൂ. എന്റെ കാര്യത്തിൽ അവിടെയും റെക്കോർഡ് തന്നെ. പത്ത് തവണ അത്തരം ആഹ്ലാദം പ്രദാനം ചെയ്തവനാണീ ഞാൻ. ''- സലിംകുമാർ പറഞ്ഞു.

കുറച്ചു കാലം മുമ്പ് സലിംകുമാറിന്റെ വ്യാജമരണവാർത്ത കുറച്ചുനാൾ മുമ്പും ഇതുപോലെ പ്രചരിച്ചിരുന്നു. അന്ന് റിപ്പോർട്ടർ ചാനലിനെ ഡെമോക്രേയ്‌സിയുടെ അവതാരകൻ കെ വി മധു ഇതേക്കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്:

അടുത്ത വർഷത്തെ കമ്പനി ഡയറി അയച്ചുകൊടുക്കാൻ കൃത്യമായ വിലാസത്തിനായാണ് സലിംകുമാറിനെ വിളിച്ചത്. സമയം മൂന്ന് മണികഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച വടക്കാഞ്ചേരിയിലെ സ്വയം സംവിധാനംചെയ്യുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നെന്നെ വിളിച്ചതാണ്. അതൊക്കെ ചോദിക്കാലോന്ന് കരുതിയാണ് ഫോൺ ഡയൽചെയ്തത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യറിങ്ങിൽ തന്നെ എടുത്തു. ഞാനെന്തെങ്കിലും ചോദിക്കും മുമ്പ് പുള്ളി ഒരു രാമായണത്തിന്റെ കെട്ടഴിച്ചു. രാമായണകഥ ഇങ്ങനെയായിരുന്നു

'ഞാൻ മരിച്ചിട്ടില്ല മധൂ. നിന്റെ കോളായതുകൊണ്ടാണെടുത്തത്. രാവിലെ തുടങ്ങിയതാണ് ഞാൻ മരിച്ചോ എന്നറിയാൻ ഓരോരുത്തരുടെ വിളി. റിങ് ചെയ്ത് എന്റെ ശബ്ദം കേട്ടയുടനെ ആകെ വിറളിപിടിച്ച് ഓരോരുത്തരും എന്തൊക്കെയോ ചോദിച്ച് തപ്പിക്കളിക്കും. ചോറുണ്ടോ, ഷൂട്ടിലാണോ. ഞാൻ മരിക്കാൻ പോകുകയാണെന്നും പറഞ്ഞ് ആരോ വാർത്ത പടച്ചുവിട്ടതാണ് കുഴപ്പമായത്. എത്രകാലായി മധൂ ഞാൻ മരിക്കാൻ തുടങ്ങിയിട്ട്. ഇത്തവണയെങ്കിലും ഇവരെല്ലാം കൂടി എന്നെ കൊന്നുതര്വോ. എനിക്കാണെങ്കിൽ ചിരിക്കാനും വയ്യ കരയാനും വയ്യാന്നായിരിക്കുന്നു. ഷുഗർകൂടിയതുമൂലം ആശുപത്രിലൊന്ന് കാണിക്കാൻ വന്നതാ. താരങ്ങളാരും ഡോക്ടറെ കാണാറില്ലേ. എന്നെ മാത്രം ഇങ്ങനെ കൊന്നോണ്ടിരിക്കാൻ ആളുകൾക്കെന്ത് താൽപര്യം. ഇനി നേരെ വീട്ടിലോട്ട് പോകുകയാണ്. തമാശ കുറേയുണ്ട്. വിശദമായി വിളിക്കാം' സത്യവാങ്മൂലം: സത്യമായും ഞാൻ ടെസ്റ്റുചെയ്യാൻ വിളിച്ചവരുടെ കൂട്ടത്തിലല്ല.

എന്തായാലും പത്ത് തവണ മരിച്ച സലിം കുമാറിനെ കുറിച്ചുള്ള മരണവാർത്തകൾ ഇനിയും വരുമെന്നാണ് സലിം കുമാർ തന്നെ പറയുന്നത്. ആളുകളെ ചിരിപ്പിക്കലാണ് തന്റെ തൊഴിൽ എന്നതു കൊണ്ട് തന്നെ ഇനിയും സലിംകുമാറിന്റെ മരണവാർത്ത കേട്ടാൽ ആളുകൾ ചിരിക്കുമെന്ന് അദ്ദേഹം തന്നെ പറയുന്നു.