ഫാസിയാബാദ്: കേന്ദ്രം ഭരിക്കുന്നത് രാമഭക്തന്മാരുടേതാനെന്ന് ബിജെപി മുൻ അധ്യക്ഷനും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിൻ ഗഡ്കരി. ഉത്തർപ്രദേശിലെ അയോധ്യയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ ആയിരുന്നു പ്രസ്താവന. ശ്രീരാമ മന്ത്രങ്ങൾ ചൊല്ലുന്ന ഭക്തരാണ് സർക്കാരിൽ ഉള്ളതെന്നും ഗഡ്കരി പറഞ്ഞു. 2000 കോടി രൂപ മുതൽ മുടക്കി, സീതയുടെ ജന്മ സ്ഥലമായി കണക്കാക്കപ്പെടുന്ന നേപ്പാളിലെ ജനക്പൂരിനെയും അയോധ്യയേയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കുമെന്നും ഗഡ്കരി അറിയിച്ചു.

തങ്ങളുടെ ഭരണം ഹിന്ദുവിശ്വാസികൾക്ക് വേണ്ടിയാണെന്നും ബിജെപി മുൻ ദേശീയ അധ്യക്ഷൻ കൂടിയായ ഗഡ്കരി പറഞ്ഞു. അയോധ്യ മുതൽ ചിത്രകൂടം വരെ ഇത് രാമഭക്തരുടെ സർക്കാരാണ്, ജയ് ശ്രീറാം എന്ന് ജപിക്കുന്നവരുടെ സർക്കാരാണ്'. അയോധ്യയിൽ റോഡ് നവീകരണ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.

അയോധ്യയെയും രാമന്റെ ഭാര്യ സീതയുടെ ജന്മസ്ഥലമെന്ന് വിശേഷിപ്പിക്കുന്ന നേപ്പാളിലെ ജനക്പൂറിനെയും യോജിപ്പിച്ചു കൊണ്ട് 2,000 കോടി രൂപ മുതൽമുടക്കിൽ രാംജാനകി മാർഗ് റോഡ് നിർമ്മിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വിവാദ പ്രസ്താവനകളിൽ നിന്നും അകന്ന് നിൽക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ഒരു കേന്ദ്രമന്ത്രി തന്നെ സർക്കാരിന്റെ ഹിന്ദുത്വ നിലപാട് പരസ്യമായി ഏറ്റുപറഞ്ഞിരിക്കുന്നത്.

വിവാദ പ്രസ്താവന നടത്തിയ എംപി സാക്ഷി മഹാജന് ബിജെപി ഈ അടുത്തയിടെയാണ് വിശദീകരണ നോട്ടീസ് അയച്ചത്. അതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. നേതാക്കളുടെ മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയ്ക്ക് കൂച്ചുവിലങ്ങിടാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നതിനിടെയാണ് ബിജെപിയിലെ മുതിർന്ന നേതാവ് തന്നെ അപക്വമായ പ്രസ്താവനയുമായി രംഗത്ത് വന്നത്.