ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് ചരിത്രം തിരുത്തി. ഇറങ്ങിപ്പോക്കും ബഹളവുമെല്ലാം നിറഞ്ഞ് പിണങ്ങിപ്പിരിയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പാർലമെന്റ് മാറ്റി മറിച്ചത്.

പതിനഞ്ച് വർഷത്തിനിടെ ഏറ്റവും ക്രിയാത്മകമായി പാർലമെന്റ് പ്രവർത്തിച്ചത് ഈ സെഷനിലാണ്. നിശ്ചയിച്ച സമയവും കടന്ന് ചർക്കൾ നീണ്ടു. 123 ശതമാനമാണ് ലോക്‌സഭ പ്രവർത്തിച്ചത്. രാജ്യസഭയാകട്ടേ 101 ശതമാനം വരെ എത്തി. രാജ്യസഭയിൽ ഷെഡ്യൂൾ ചെയ്ത 31 ശതമാനം ചോദ്യത്തിനും ഉത്തരം നൽകി. പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഇത്തവണ ലോക്‌സഭയിൽ 22 ശതമാനം ചോദ്യങ്ങൾക്കും വാക്കാൽ ഉത്തരം നൽകാനുമായി.

തീരുമാനങ്ങളിലെത്താൻ വോട്ടെടുപ്പ് നടത്തിയതിലും നേട്ടമുണ്ട്. ശബ്ദവോട്ടോടെ എല്ലാം പാസാകുന്ന പതിവാണ് മാറുന്നത്. രാജ്യസഭയും ലോക്‌സഭയും 23 ബില്ലുകളും പാസാക്കി. ഇന്ത്യാ-ബംഗ്ലാ അതിർത്തി പ്രദേശ കരാറിനായി ഭരണഘടനാ ഭേദഗതിയും നടന്നു. ഓർഡിനൻസുകളെ ബില്ലായി അവതരിപ്പിച്ച് നിയമാക്കുന്നതിനും സാക്ഷ്യം വഹിച്ചു. അവരിപ്പിക്കപ്പെട്ട മൂന്നിലൊന്ന് ബില്ലുകളും ഓർഡിനൻസുകൾക്ക് പകരമുള്ളതായിരുന്നു. രാജ്യസഭയിൽ സ്വാകാര്യ ബിൽ പാസാകുന്നതിനും വേദിയായി. ഭിന്നലിംഗക്കാരുടെ അവകാശവുമായി ബന്ധപ്പെട്ട് തിരുച് ശിവ കൊണ്ടു വന്ന സ്വകാര്യ ബില്ലാണ് അംഗീകരിക്കപ്പെട്ടത്. 47 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആദ്യമായിരുന്നു ഇത്.

കള്ളപ്പണം തടയുന്നതിനുള്ള നിയമ നിർമ്മാണവും ഇത്തവണ പാർലമെന്റിൽ നടന്നു. ഭൂമി ഏറ്റെടുക്കൽ ബിൽ സംയുക്ത സമിതിയുടെ പരിഗണനയ്ക്കും വിട്ടു.