തൊടുപുഴ: ആനക്ക്  ഉമ്മ കൊടുത്തതും ആന എന്നെ എടുത്ത് എറിഞ്ഞതും സത്യം തന്നെ. തെറിച്ച് വീണ ഞാൻ അവിടെ നിന്നും എഴുന്നേറ്റ് നേരെ വീട്ടിലേക്ക് പോരുകയായിരുന്നു. ആശുപത്രിലാണെന്നും ഗുരുതരമായി പരിക്കേറ്റന്നും മറ്റുമുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇത്തരത്തിൽ പ്രചരിച്ച വാർത്തകൾ ബന്ധുക്കൾക്കും വീട്ടുകാർക്കും വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി. ഇനിയെങ്കിലും നിങ്ങൾ സത്യം മനസ്സിലാക്കണം. ഉപദ്രവിക്കരുത്...പ്ലീസ്..

ബാഹുബലി സ്റ്റൈൽ ആവർത്തിച്ചതിനെ തുടർന്നാണെന്ന് പറയുന്നു ആന ഇടിച്ചുതെറിപ്പിച്ച ഉടുമ്പന്നൂർ സ്വദേശി ജിനു സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത് ഇങ്ങിനെയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ജിനു പ്രതികരിച്ചത്. ആനയുടെ ആക്രമണത്തിൽ തനിക്ക് ഒന്നും പറ്റില്ലന്നും വളഞ്ഞ് കൂടിക്കിടക്കുന്ന നിലയിൽ വീഡിയോയിൽ കാണുന്ന ദൃശ്യം ഫെയിക്കാണെന്നും ഇത് എങ്ങിനെ സംഭവിച്ചു എന്ന് അറിയില്ലെന്നും പെയിന്റിങ് തൊഴിലാളിയായ ജിനു കൂട്ടിച്ചേർത്തു.

ജിനു ആനക്ക് പഴം കൊടുക്കുന്നതും തുമ്പികൈയിൽ ഉമ്മ വയ്ക്കുന്നതും തുടർന്ന് ആന ഇയാളെ ഇടിച്ച് തെറിപ്പിക്കുന്നതും ഉൾക്കൊള്ളുന്ന വീഡിയോ ദൃശ്യം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.തുടർന്ന് വാർത്ത മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകും ചെയ്തിരുന്നു.

വീഡിയോ ദൃശ്യത്തിൽ കഴുത്തൊടിഞ്ഞ നിലയിൽ നിലത്ത് കിടക്കുന്നത് താനല്ലന്നാണ് ജിനു ആവർത്തിച്ച് വ്യക്തമാക്കുന്നത്. താൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയാണെന്ന തരത്തിൽ ചാനലുകൾ ഇന്നലെയും വാർത്ത നൽകിയെന്നും ഈ സമയം താൻ പണിസ്ഥലത്തായിരുന്നെന്നും ജിനു വ്യക്തമാക്കി.

'ഇതിന്റെ പേരിൽ ഒരു ഫെയ്‌സ് ബുക്ക് ലൈവിനോ അഭിമുഖത്തിനോ ഞാനില്ല. ഈ സംഭവം ഒരുപാട് മാനസീകമായി ബുദ്ധിമുട്ടുണ്ടാക്കി.ഇല്ലാത്ത വാർത്തകൾ നൽകി നിങ്ങൾ ഇനിയും ബുദ്ധിമുട്ടിക്കരുത്..ഇനി ഈ പേരിൽ ചാനലുകാർ നാണം കെടുത്തിയാൽ എന്റെ മരണത്തിന് അവർ സമാധാനം അവർ പറയേണ്ടി ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല'.ഇതും പറഞ്ഞ് ഫോൺ സംഭാഷണം ചുരുക്കുമ്പോൾ ജിനുവിന്റെ ശബ്ദം ഇടറിയിരുന്നു.

തന്റെ ആന കുഴപ്പക്കാരനല്ലാത്തിനാലാണ് ജിനു ഇപ്പോഴും ജീവനോടെ ഇരിക്കുന്നതെന്നും ഇയാൾ തന്നെ വീട്ടിൽ വന്ന് കണ്ട് വിവരങ്ങൾ ബോദ്ധ്യപ്പെടുത്തിയെന്നും ആനയുടമ ഉടുമ്പന്നൂർ സ്വദേശി ജിജി സ്‌കറിയ അറിയിച്ചു. ജിനുവിന് ഗുരുതരമായ പരിക്കേറ്റെന്ന വാർത്തകൾളുടെ നിജസ്ഥതി അറിയാൻ കരിമണ്ണൂർ പൊലീസും 'ഓട്ടപ്രദക്ഷിണം' നടത്തി. പല ആശുപത്രികളിൽ ബന്ധപ്പെട്ടെങ്കിലും ജിനുവിനെക്കുറിച്ച് വിവരം ലഭിച്ചില്ല.പിന്നെ ജിനുവിന്റെ മൊബൈൽ നമ്പർ തപ്പിയെടുത്ത് ബന്ധപ്പെട്ടപ്പോഴാണ് സുഖമായിരിക്കുന്നെന്ന് വ്യക്തമായത്.