- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏലത്തോട്ടത്തിലെ മരുന്നടിക്ക് ശേഷം ഷാപ്പിൽ പോയി മദ്യപാനം; സാന്റോ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചത് സഹോദരൻ സിബിക്ക് ഇഷ്ടപ്പെട്ടില്ല; സുഹൃത്തിനെ പറഞ്ഞു വിടുന്നതിനെ ചൊല്ലി ഇരുവർക്കുമിടയിൽ തർക്കം; എയർഗണുമായി സിബിയെ വെടിവെച്ച് സാന്റോ; സാന്റോ ക്രിമിനൽകേസുകളിലെ പ്രതി
ഇടുക്കി: സഹോദരനു നേരെ അനുജൻ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തു. രാജാക്കാട് - സേനാപതിക്ക് സമീപം മാവറ സിറ്റിയിലാണ് സംഭവം. കുരിശു പാറ കൂനം മാക്കൽ സിബി (49)ക്കു നേരെയാണ് സഹോദരൻ സാന്റോ (38) നിറയൊഴിച്ചത്. കഴുത്തിൽ വെടിയേറ്റ നിലയിൽ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച സിബിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴുത്തിൽ ആഴത്തിൽ ഇറങ്ങിയ ബുള്ളറ്റ് നിക്കാൻ മണിക്കൂറുകൾ നീണ്ടു നിന്ന ശസ്ത്രക്രിയ വേണ്ടി വന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന.
ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. കുരിശു പാറ താമസിക്കുന്ന സിബിക്ക് സാന്റോയുടെ വീടിനു സമീപത്തുള്ള ഏലത്തോട്ടത്തിൽ മരുന്നടിക്കുന്നതിനും സിബിയും സഹായിയും ബുധനാഴ്ച എത്തിയിരുന്നു. ജോലി തീർന്ന ശേഷം വൈകുന്നേരത്തോടെ പണി ആയുധങ്ങൾ സാന്റോയുടെ വീട്ടിൽ വെച്ച ശേഷം 3 പേരും ചേർന്ന് അടുത്ത കള്ളുഷാപ്പിലെത്തി മദ്യപിച്ച ശേഷം തിരികെ എത്തി.
ഈ സമയം സാന്റോ തന്റെ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു. ഇത് ഇഷ്ടപ്പെടാത്ത സിബി സുഹൃത്തിനെ പറഞ്ഞുവിടാൻ സാന്റോ യോട് ആവശ്യപ്പെട്ടു. എങ്കിൽ നിങ്ങളും വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ സാന്റോ ആവശ്യപ്പെടുകയും പണി സാധനങ്ങൾ തടഞ്ഞുവെയ്ക്കുകയും ചെയ്തു. സിബിയും സഹായിയും നേരെ ഉടുമ്പൻചോല പൊലീസ്റ്റേഷനിലെത്തി തങ്ങളെ സഹോദരൻ ഇറക്കി വിട്ടെന്നും പണി സാധനങ്ങൾ എടുത്തു തരണമെന്നും പറഞ്ഞു.
ഇവർ മദ്യ ലഹരിയിലാണെന്നു മനസ്സിലാക്കായ ഉദ്യോഗസ്ഥൻ നാളെ എടുക്കാമെന്നും ഇന്ന് നിങ്ങൾ അങ്ങോട്ട് പോകരുതെന്നും നിർദ്ദേശിച്ചു. ഇത് സമ്മതിച്ചിറങ്ങിയ ഇവർ നേരെ സാന്റോയുടെ വീട്ടിലേക്കാണ് പോയത്. ഈ സമയം എയർ ഗണ്ണുമായി വീടിന് പുറത്തിറങ്ങിയ സാന്റോ വെടി ഉതിർക്കുകയാണ് ചെയ്തത്. കഴുത്തിന് വെടിയേറ്റ സിബിയെ നാട്ടുകാർ ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിലേറ്റ ബുള്ളറ്റ് അന്നനാളം വഴി ശ്വാസകോശത്തിലെത്തിയിരുന്നു.
5 മണിക്കൂർ നേരത്തെ ശസ്ത്രക്രിയക്കു ശേഷമാണ് വെടിയുണ്ട പുറത്തെടുക്കാൻ കഴിഞ്ഞത്. സിബി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. സാന്റോക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തതായും ഒളിവിലായ ഇയ്യാളെ ഉടൻ പിടികൂടുമെന്നും ഇതിന് മുൻപും 2 ക്രിമിനൽക്കേസ്സുകൾ ശാന്തൻപാറ പൊലീസിൽ ഇയ്യാൾക്കെതിരെയുണ്ടെന്നും ഉടുമ്പൻചോല സിഐ. ഫിലിപ്പ് അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.