തൊടുപുഴ: സൂര്യനെല്ലി മോഡൽ പീഡനപരമ്പരയ്ക്ക് വിധേയയായ 17 കാരിയുടെ വീട്ടിലെ സ്ഥിതി ആരിലും സഹതാപമുണർത്തുന്നത്. കടന്നൽ കുത്തേറ്റതിനെ തുടർന്നുള്ള വിഷ ബാധയകറ്റാൻ നടത്തിയ ഓപ്പറേഷനോടെ അമ്മ കിടപ്പുരോഗിയായി. മുത്തശി വീട്ടുപണിക്കു പോയിക്കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ഇതിൽ നിന്നും ചികിത്സയ്ക്കും തുക മിച്ചം പിടിക്കണം.

ഒന്നരവർഷം മുമ്പാണ് പെൺകുട്ടിയുടെ മാതാവിന്റെ കാലിൽ കടന്നൽ കുത്തേറ്റത്. കുത്തേറ്റ സ്ഥലം പഴുത്ത് വ്രണമായി. ചികിത്സ നടന്നുവരുന്നതിനിടെ വിഷം തലച്ചോറിനെയും ബാധിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു.തുടർന്ന് 42 കാരിയായ ഇവരുടെ തലയ്ക്ക് ഓപ്പറേഷൻ നടത്തി. ഇതോടെ ഇവരുടെ ചലശേഷി തന്നെ നഷ്ടമായി.

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഇവർ അനുഭവിക്കുന്ന യാതന കണ്ടുനിൽക്കുന്നവരുടെയും കരളലിയിക്കുന്നതാണ്്. തലമുടിയെല്ലാം നഷ്ടമായി, മെലിഞ്ഞുണങ്ങി, പേരിന് മാത്രം സംസാരിക്കുന്ന നിലയിലേയ്ക്ക് ഇവരുടെ ആരോഗ്യസ്ഥിതി മാറിയിട്ടുണ്ടെന്നാണ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പൊലീസ് നൽകുന്ന സൂചന.

പീഡന കേസിൽ പെൺകുട്ടിയുടെ അമ്മയ്ക്കും മുത്തശിക്കും പങ്കുണ്ടെന്നാണ് സിഡബ്ല്യുസി യുടെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യത്തിൽ പൊലീസിന് തെളിവ് ലഭിച്ചിട്ടില്ലന്നാണ് സൂചന. കേസിൽ അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലന്നാണ് പൊലീസ് നിലപാട്.

2020-ജൂലൈയിൽ വെള്ളത്തൂവൽ ദേശീയം സ്വദേശിയുമായി 15-ാം വയസ്സിൽ പെൺകുട്ടിയുടെ വിവാഹം നടന്നിരുന്നു. വീട്ടുകാർ ആലോചിച്ചാണ് വിവാഹം നടത്തിയത്. പുലർച്ചെ 5.45-നായിരുന്നു താലികെട്ട്. വരന് പ്രായം 40 തോടടുത്തുണ്ടായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സായി എന്നാണ് വീട്ടുകാർ ക്ഷേത്രം ഭാരവാഹികളെ അറിയച്ചത്.

സംഭവം ചൈൽഡ്ലൈൻ പ്രവർത്തകർ അറിയുകയും ഇവർ വെള്ളത്തൂവൽ പൊലീസിന് വിവരം നൽകുകയുമായിരുന്നു. പൊലീസ് മാതാവും വരനും ബന്ധുക്കളുമടക്കം 13 പേർക്കെതിരെ കേസെടുത്തിരുന്നു. കോടതിയിൽ ജാമ്യമെടുത്തിറങ്ങിയ വരൻ താമസിയാതെ നാടുവിട്ടു.
കേസിൽ ഇനി രണ്ടുപ്രതികൾ കൂടി പിടിയിലാവാനുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. എറണാകുളം കോട്ടയം ,ഇടുക്കി എന്നി ജില്ലകളിലെ 11 ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായിട്ടാണ് പെൺകുട്ടി മൊഴിനൽകിയിരിക്കുന്നത്. കാറിലും വീടുകളിലും, ലോഡ്ജുകളിലും എത്തിച്ചാണ് അറസ്റ്റിലായവർ പെൺകുട്ടിയെ ഉപദ്രവിച്ചത്.

തന്റെ പരിചയക്കാർക്കാണ് അറസ്റ്റിലായ ബേബി പെൺകുട്ടിയെ എത്തിച്ച് നൽകിയിരുന്നത്. 3000 മുതൽ 10000 രൂപവരെ ഇടപാടുകാരിൽ നിന്നും ഇയാൾ വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ലൈംഗികത്തൊഴിലാളികളായ നിരവധി സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇടനിലക്കാരൻ കുമാരംമംഗലം മംഗലത്തുവീട്ടിൽ രഘു (ബേബി-51), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ സ്വദേശി കൊട്ടൂർ തങ്കച്ചൻ (56), ഇടവെട്ടി വലിയജാരം പോക്കളത്ത് ബിനു (43), പടിഞ്ഞാറേ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് തോമസ് ചാക്കോ (27), കെ.എസ്.ഇ.ബി. ജീവനക്കാരൻ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ സജീവ് (55), മലപ്പുറം പെരുന്തൽമണ്ണ മാളിയേക്കൽ ജോൺസൺ (50) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടനിലക്കാരനായ ബേബി പെൺകുട്ടിക്ക് ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തങ്കച്ചനെ പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് തങ്കച്ചനും മറ്റു പ്രതികളും ചേർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ബേബിയുടെ പരിചയക്കാരാണ് മറ്റ് പ്രതികൾ. ഇവരിൽനിന്ന് പണം വാങ്ങിയ ശേഷമാണ് ബേബി പെൺകുട്ടിയെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം ചൈൽഡ്‌ലൈൻ പ്രവർത്തകരെ അറിയിച്ചു. വിവരം അറിഞ്ഞ പൊലീസ്, പെൺകുട്ടിയുടെ മൊഴിയെടുക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ പോക്‌സോ കേസും എടുത്തിട്ടുണ്ട്.