ആലപ്പുഴ : ബന്ധുത്വ നിയമനത്തിൽ ഇപി ജയരാജനെ രാജിവയ്ക്കും വരെ പ്രക്ഷോഭത്തിലായിരുന്നു പ്രതിപക്ഷം. ഭരണ മുന്നണിയിൽ നിന്നു പോലും എതിർപ്പുയർന്നു. ഹണി ട്രാപ് വിവാദത്തിൽ ശശിധരൻ കുടുങ്ങിയപ്പോൾ മണിക്കൂറുകൾക്ക് അകം രാജിയെത്തി. എന്നാൽ ഭൂമി കൈയേറ്റത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ പ്രാഥമിക തെളിവുണ്ടെന്ന് ഏവരും പറഞ്ഞിട്ടും ആരും വേണ്ട വിധത്തിൽ പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. കേരളത്തിലെ എല്ലാ പാർട്ടികളുടേയും മന്ത്രിയാണ് തോമസ് ചാണ്ടിയെന്ന പ്രവാസിയെന്ന വാദം ശരിവയ്ക്കുന്ന മൗനം.

വി എസ് അച്യുതാനന്ദൻ ഇറക്കിയ പ്രസ്താവന മാത്രമാണ് വേറിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാണ്ടിക്കെതിരെ ആഞ്ഞടിച്ചെങ്കിലും ഈ മന്ത്രിയെ കോൺഗ്രസുകാർ വഴി തടയുന്നില്ല. പ്രതിഷേധമെല്ലാം വാക്കുകളിൽ ഒതുക്കുകയാണ് അവർ. എൻസിപി ഇപ്പോൾ വേണമെങ്കിലും ബിജെപി പക്ഷത്ത് എത്താൻ സാധ്യതയുള്ള പാർട്ടിയാണ്. അതുകൊണ്ട് തന്നെ ബിജെപിയും പേരിനുമാത്രം സമരം ചെയ്യുന്നു. അങ്ങനെ എല്ലാവരും തോമസ് ചാണ്ടിയെ മന്ത്രിയായി നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്.

അതിനിടെ ഭൂമി കൈയേറ്റത്തിൽ മാധ്യമ വാർത്തകൾ എത്തുന്നു. ആലപ്പുഴ കളക്ടർ ടിവി അനുമപയെ സ്വാധീനിക്കാനും കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഭൂമി ഇടപാടു സംബന്ധിച്ചു കലക്ടർ ടി.വി. അനുപമ നാളെ നടത്തുന്ന തെളിവെടുപ്പ് മന്ത്രി തോമസ് ചാണ്ടിക്കു നിർണായകം. എല്ലാ ഭൂമി ഇടപാടുകളും സംബന്ധിച്ച സമഗ്രമായ അന്വേഷണത്തിനു പകരം, നാളത്തെ തെളിവെടുപ്പിനു ശേഷം കുറ്റക്കാരനെന്നു കണ്ടാൽ കലക്ടർക്ക് അപ്പോൾത്തന്നെ നടപടി എടുക്കാം. നിലം നികത്തൽ സ്ഥിരീകരിച്ചാൽ നിലം പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശിക്കുന്നതിനു പുറമെ കേസെടുക്കാനും സാധിക്കും.

ഇത്തരം ഒരു നടപടി കളക്ടർ എടുത്താൽ മന്ത്രിക്ക് തിരിച്ചടിയാകും. ഈ തെളിവെടുപ്പിന് മുമ്പ് തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിലെ നിജസ്ഥിതി അറിയാൻ മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിച്ചു. തോമസ് ചാണ്ടിയുടെ ഭൂമിയുടെ എല്ലാ രേഖകളും വിളിച്ചു വരുത്തി മുഖ്യമന്ത്രി പരിശോധിച്ചു. സംശയം തീർക്കാൻ തോമസ് ചാണ്ടിയേയും വിളിപ്പിച്ചു. കളി കൈവിട്ടുപോയാൽ രാജി വയ്‌ക്കേണ്ടി വരുമെന്ന് മന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കളക്ടറുടെ റിപ്പോർട്ട് അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ് മന്ത്രി.

ഭൂമി ഇടപാടുകൾ സംബന്ധിച്ച് ആലപ്പുഴ കലക്ടറുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് അനൗദ്യോഗികമായി മുഖ്യമന്ത്രി നേരിട്ടു രേഖകൾ പരിശോധിച്ചത്. മന്ത്രി തോമസ് ചാണ്ടിയെ നേരിട്ടു വിളിച്ച് എല്ലാ രേഖകളും എത്തിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. ലേക് പാലസ് റിസോർട്ട്, ലേക് പാലസിനു സമീപത്തുള്ള സീറോ ജെട്ടിവലിയകുളം റോഡ് എന്നിവയുടെ നിർമ്മാണ രേഖകൾ, റിസോർട്ടിനു മുന്നിലെ കായലിൽ ബോയകൾ സ്ഥാപിച്ചതിന്റെ അനുമതി രേഖകൾ, മാർത്താണ്ഡം കായലിന്റെ ഉടമസ്ഥതയും ഭൂമിയും സംബന്ധിച്ച രേഖകൾ, മാത്തൂർ ദേവസ്വം ഭൂമിയുടെ കൈമാറ്റ രേഖകൾ എന്നിവയാണു മുഖ്യമന്ത്രി പരിശോധിച്ചത്. നാളെ കലക്ടർ നടത്തുന്ന ഹിയറിങ്ങിനു മുന്നോടിയായാണു ചർച്ച നടത്തിയതെന്നാണു വിശദീകരണം.

ലേക് പാലസ് റിസോർട്ടിന്റെ നിർമ്മാണം, സമീപത്തെ റോഡ് നിർമ്മാണം, മാർത്താണ്ഡം കായൽ നികത്തൽ, കായലിൽ ബോയ സ്ഥാപിക്കൽ, മാത്തൂർ ഭൂമി ഇടപാട് തുടങ്ങി പല ആരോപണങ്ങൾ ഉണ്ടെങ്കിലും റിസോർട്ടിനു സമീപത്തെ റോഡിനരികെ 60 സെന്റ് സ്ഥലം നികത്തിയതു സംബന്ധിച്ചു മാത്രമാണു നാളെ തെളിവെടുപ്പു നടത്തുന്നത്. എല്ലാ വിഷയങ്ങളും അന്വേഷിച്ച് ഒരുമിച്ച് റിപ്പോർട്ട് നൽകിയാൽ മതിയെന്നു റവന്യു വകുപ്പ് നിർദ്ദേശം നൽകിയെങ്കിലും നിലം നികത്തൽ സംബന്ധിച്ചു മാത്രമാണു കലക്ടർ ഇടക്കാല റിപ്പോർട്ട് നൽകിയത്.

കലക്ടർക്കു പൂർണവും വിപുലവുമായ അധികാരം നൽകുന്ന നെൽവയൽതണ്ണീർത്തട നിയമം ഉപയോഗിച്ചാണു തെളിവെടുപ്പിനു വിളിച്ചിരിക്കുന്നത്. ലേക് പാലസിന്റെ ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർക്കാണു തെളിവെടുപ്പിനുള്ള നോട്ടിസ് നൽകിയിട്ടുള്ളത്. ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിങ് ഡയറക്ടർ ബന്ധുവായ ജോൺ ജോസഫാണ്.

റിസോർട്ടും ഭൂമിയും അനുബന്ധ വസ്തുക്കളും ഡയറക്ടർ ജോസ് മാത്യു മാപ്പിളശേരിയുടെ പേരിലുള്ളതാണ്. ഇവരിൽ ആരെങ്കിലുമാകും ഹിയറിങ്ങിനു ഹാജരാകുക. ഉദ്യോഗസ്ഥതലത്തിലും തയ്യാറെടുപ്പ് തെളിവെടുപ്പിൽ ഹാജരാകാൻ വിപുലമായ ഉദ്യോഗസ്ഥ സംഘത്തിനും നിർദ്ദേശമുണ്ട്. ഭൂമി ക്രമക്കേടുകൾ സംബന്ധിച്ചു വാട്ടർ വേൾഡ് ടൂറിസം കമ്പനി നൽകുന്ന വിശദീകരണത്തിനും രേഖകൾക്കും അപ്പോൾത്തന്നെ പരിശോധന നടത്തി മറുപടി നൽകാനാണു വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരോടു ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നാണു സൂചന. ആലപ്പുഴ ആർഡിഒ, ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കൃഷി ഓഫിസർ, അമ്പലപ്പുഴ ലാൻഡ് റവന്യു തഹസിൽദാർ എന്നിവർ പങ്കെടുക്കും. കീഴുദ്യോഗസ്ഥർ ഫയലുകളുമായി പുറത്തുമുണ്ടാകും.

അതിനിടെ ദേവസ്വം അവകാശം ഉന്നയിച്ച മാത്തൂർ ഭൂമി വിൽപന സംബന്ധിച്ച്, തനിക്കു ഭൂമി കൈമാറിയയാളെ അടക്കം വിളിച്ചുവരുത്തിയാണു രേഖകളുടെ നിജസ്ഥിതി തോമസ് ചാണ്ടി ഉറപ്പുവരുത്തിയെന്നും സൂചനയുണ്ട്. എൻസിപിയിൽ തനിക്കൊപ്പം നിൽക്കുന്ന നേതാക്കളുമായും ചർച്ച നടത്തി. എൻസിപിയുടെ ഏഴു ജില്ലാ കമ്മിറ്റികൾ മന്ത്രി തോമസ് ചാണ്ടിക്കെതിരെ തിരിഞ്ഞ സാഹചര്യത്തിലായിരുന്നു ഈ ചർച്ച. എങ്ങനേയും രാജി ഒഴിവാക്കാനാണ് നീക്കം.

അതിനിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ രൂപവത്കരിച്ച വേമ്പനാട് കായൽ ജനകീയ കമ്മിഷൻ റിപ്പോർട്ടും തോമസ് ചാണ്ടിക്ക് തിരിച്ചടിയാവുമെന്നാണ് സൂചന. ഡോ. പ്രഭാത് പട്നായിക്ക് ചെയർമാനും ഡോ.സി.ടി.എസ്. നായർ മെംബർ സെക്രട്ടറിയും ഡോ. കെ.ജി. പത്മകുമാർ, ഡോ.സി.ടി.എസ്. നായർ, ഡോ. ശ്രീകുമാർ ഛതോപാധ്യായ, ഡോ. അന്നാ മേഴ്സി, എം.ജി. രാധാകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ കമ്മിഷൻ തയാറാക്കിയ റിപ്പോർട്ട് ഈമാസം 30ന്പുറത്തുവരും. വേമ്പനാട് കായലിലെ അനധികൃത കൈയേറ്റങ്ങളുടെ സ്വഭാവവും വ്യാപ്തിയും തീരദേശ പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിര വികസനം സംബന്ധിച്ച നിർദ്ദേശങ്ങളുമടങ്ങുന്നതാണ് റിപ്പോർട്ട്.

വേമ്പനാട് കായൽ വ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങളുമായി കമ്മിഷൻ ആശയവിനിമയം നടത്തിയിരുന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ അയ്യായിരത്തിലധികം കുടുംബങ്ങളെ കമ്മിഷൻ സന്ദർശിച്ചു. വേമ്പനാടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വ്യത്യസ്ത ഏജൻസികളും ശാസ്ത്രകാരന്മാരും നടത്തിയ പഠനങ്ങളോടൊപ്പം കായലിലും തീരങ്ങളിലും നടക്കുന്ന നിയമലംഘനങ്ങളും കമ്മിഷൻ പരിശോധിച്ചിരുന്നു. വേമ്പനാട് പശ്ചിമഘട്ടത്തെയും സമുദ്രതീരത്തെയും ബന്ധിപ്പിക്കുന്ന പരിസ്ഥിതി വ്യവസ്ഥയായതിനാൽ പശ്ചിമ ഘട്ടത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളും കമ്മിഷൻ പഠനത്തിൽ പരിഗണിച്ചിട്ടുണ്ട്.