തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചതോടെ തോമസ് ചാണ്ടി രക്ഷപ്പെട്ടു. നിരന്തരം വാർത്ത കൊടുത്ത ഏഷ്യാനെറ്റ് ന്യൂസ് പോലൂം ചാണ്ടിയെ മറുന്നു. ഇതോടെ ലേക് പാലസിലെ കൈയേറ്റവും ഓർമകളിലേക്ക് മാറുകയാണ്. ഇനി ചാണ്ടിയുടെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാനും നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കാനുമുള്ള നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. തോമസ് ചാണ്ടിയുടെ രാജിയോടെ എല്ലാവരും തൃപ്തരായി. ഇനി ആരും തോമസ് ചാണ്ടിയെ ബുദ്ധിമുട്ടിക്കാൻ എത്തില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ

കൈയേറ്റത്തിൽ ഒഴിപ്പിക്കലിന് നോട്ടീസ് നൽകലിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ പോലും തുടങ്ങിയിട്ടില്ല. ഭൂമി കൈയേറ്റം സംബന്ധിച്ച് രണ്ടു കലക്ടർമാരുടെ റിപ്പോർട്ടുകളിലെ വൈരുദ്ധ്യം പ്രശ്നമാകുകയും ചെയ്യും. ഇക്കാര്യത്തിൽ നിയമോപദേശം തേടുകയും വേണം. ഏതായാലും തോമസ് ചാണ്ടി മന്ത്രിയായി തിരിച്ചുവരില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഹണി ട്രാപ്പിൽ കുടുങ്ങിത എകെ ശശീന്ദ്രൻ കുറ്റവിമുക്തനാകാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയാകും. ശശീന്ദ്രൻ കുറ്റവിമുക്തനായാൽ ഒഴിഞ്ഞു കൊടുക്കുമെന്ന് തോമസ് ചാണ്ടി നേരത്തെ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിനാൽ തോമസ് ചാണ്ടി മന്ത്രിയാകില്ല. അതുകൊണ്ട് തന്നെ കൈയേറ്റം ഏവരും ഇനി വെറുതെ വിടും. നിരന്തര സ്‌റ്റോറികൾ ഏഷ്യാനെറ്റ് ന്യൂസും ചെയ്യില്ലെന്നാണ് സൂചന.

നികത്തിയ നെൽവയൽ പൂർവസ്ഥിതിയിലാക്കാനും കൈയേറ്റം ഒഴിപ്പിക്കാനും ഉടൻ നടപടിയെടുക്കാൻ തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ ആലപ്പുഴ ജില്ലാ കലക്ടർക്ക് റവന്യുമന്ത്രി നിർദ്ദേശം നൽകിയിരുന്നു. മാർത്താണ്ഡം കായലുമായി ബന്ധപ്പെട്ട 53 പ്ലോട്ടുകളുടെ രേഖകൾ പരിശോധിക്കുകയും ഭൂമി അളന്നുതിരിക്കുകയും വേണം. കൈയേറ്റം കണ്ടെത്തിയാൽ നോട്ടീസ് നൽകലിൽ തുടങ്ങി ദീർഘമായ നടപടികളുണ്ട്. നെൽവയൽ പൂർവസ്ഥിതിയിലാക്കുന്നതിന് മുമ്പ് നെൽവയൽ- തണ്ണീർത്തട സംരക്ഷണ നിയമം അനുസരിച്ച് ഉടമയ്ക്ക് വീണ്ടും നോട്ടീസ് നൽകുകയും വാദം കേൾക്കുകയും വേണം. ഇത്തരം നടപടികളൊക്കെ ഇനി ഏവരും മറക്കും.

തോമസ് ചാണ്ടി കായൽ ഭൂമി കൈയേറിയെന്നു കണ്ടെത്തിയിരുന്നെങ്കിലും എത്രത്തോളമെന്നതിന് ആർക്കും ഒരു ഉറപ്പുമില്ല. ഇവിടെ സ്വന്തം ഉടമസ്ഥതയിലുണ്ടായിരുന്നതിനു പുറമേ 64 പേരിൽനിന്ന് അഞ്ചു സെന്റ് വീതം ഭൂമി വാങ്ങിയിരുന്നു. ഇതിൽ 11 പേരുടെ രേഖകൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. തോമസ് ചാണ്ടിയുടെ ഭൂമിയോടു ചേർന്നുള്ള പുറമ്പോക്ക് കൂടി അളന്നുതിരിച്ചാൽ മാത്രമേ കൈയേറ്റത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാകൂ. ഇതിന് സർവേ വിഭാഗവും മടിക്കുകയാണ്. വെള്ളം കയറി കിടക്കുന്നതു കൊണ്ട് സർവ്വേ നടക്കില്ലെന്നാണ് ഇവരുടെ നിലപാട്. ഫയൽ മുക്കൽ ഉൾപ്പെടെയുള്ള വിവാദവും ഇനി ആരും ചർച്ചയാക്കില്ല.

റിസോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിനു വേണ്ടി നിലംനികത്തിയെന്ന ആരോപണവും ഓർമ്മകളിലേക്ക് മാറും. നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിലവിൽ വന്ന 2008 ഓഗസ്റ്റ് 12-നു ശേഷമാണ് വയൽ നികത്തിയതെങ്കിൽ പൂർവസ്ഥിതിയിലാക്കാൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ട്. എന്നാൽ ചാണ്ടിയുടെ കൈയേറ്റം അതിന് മുമ്പാണെന്ന് വരുത്താനും നീക്കമുണ്ട്. അങ്ങനെ രാജിയിലൂടെ മറ്റെല്ലാ പ്രശ്‌നവും തോമസ് ചാണ്ടിയെ വിട്ടൊഴിയുകയാണ്.