കൊച്ചി: രാജിപ്രശ്‌നത്തിൽ തോമസ് ചാണ്ടി അയയുന്നു. മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. കോടതിയിൽനിന്ന് വിധിപ്പകർപ്പ് ലഭിച്ചശേഷം വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

കോടതി വിധിയിൽ പ്രതികൂല പരാമർശമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചായിരിക്കും താൻ നിലപാടെടുക്കുക. മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ മാറിനിൽക്കും. ഒഴിയേണ്ടി വന്നാലും നൂറിരട്ടി ശക്തിയോടെ തിരിച്ചുവരുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

അതേസമയം നാളെ മന്ത്രിസഭായോഗം നടക്കാനിരിക്കെ രാവിലെ മന്ത്രി തോമസ് ചാണ്ടിയും എൻസിപി നേതാവ് പീതാംബരനും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. തോമസ്ചാണ്ടി വിഷയത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് വി്ട്ടതോടെ ഈ കൂടിക്കാഴ്ച നിർണ്ണായകമാണ്.

ഹൈക്കോടതി വിധിയിൽ പ്രതികൂല പരാമർശമുണ്ടായാൽ അവ നീക്കിക്കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കുന്നത് അടക്കമുള്ളവ പരിഗണിക്കുമെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കോടതി വിധി കൈയിൽ കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ആദ്യ പ്രതികരണം. കോടതി വിധി തനിക്ക് പ്രതികൂലമല്ല. വിധിപ്പകർപ്പ് ലഭിക്കുമ്പോൾ കോടതി വിധി തനിക്ക് പ്രതികൂലമാണെങ്കിൽ രാജിവെക്കും - അദ്ദേഹം പറഞ്ഞു.

കോടതി പരാമർശം വിധിയായി കാണാനാവില്ല. തനിക്കുണ്ടായിരുന്ന തൊണ്ണൂറ് ശതമാനം പ്രശ്നങ്ങളും ഇപ്പോൾ പരിഹരിക്കപ്പെട്ടു. കോടതിയുടെ പരാമർശങ്ങൾക്ക് വിധിയുമായി ബന്ധമില്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ കോടതിയിലുണ്ടായ അസാധാരണ സംഭവങ്ങൾ സർക്കാരിനേയും ബാധിച്ചു എന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. അതുകകൊണ്ടു തന്നെ സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടിയന്തര ചർച്ച നടത്തി. ചാണ്ടിയുടെ രാജി സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്യുന്നതെന്നാണ് സൂചന. സി.പി.എം മന്ത്രിമാരും ഈ ചർച്ചയിൽ പങ്കെടുത്തയാണ് വിവരം.

സുപ്രീം കോടതിയിൽ അപ്പീൽ നൽകാനും എൻ.സി.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനുമായി കൊച്ചിയിൽ നിന്ന് ഡൽഹിക്ക് തിരിക്കാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയായിരുന്നു . മുഖ്യമന്ത്രി വിളിപ്പിച്ചതനുസരിച്ചാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് വരുന്നതെന്നും വിവരമുണ്ട്. രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്തെത്തും. ബുധനാഴ്ചയാണ് മന്ത്രിസഭായോഗം