കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷനായി മുൻ മന്ത്രി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. ശശീന്ദ്രൻ പക്ഷത്തെ രാജൻ മാസ്റ്ററാണ് ഉപാധ്യക്ഷൻ. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ശേഷമാണ് സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നത്. ശരത് പവാറിന്റെയും പ്രഫുൽ പട്ടേലിന്റെയും ഇടപെടലോടെയും ആശിർവാദത്തോടെയുമാണ് ചാണ്ടി പാർട്ടിയുടെ സുപ്രധാന പദവിയിലേക്ക് എത്തിയത്.

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് തിരഞ്ഞെടുപ്പ് രമ്യമായ പരിഹാരത്തിലേക്ക് എത്തിച്ചത്. ബാബു കാർത്തികേയനാണ് ട്രഷറർ. നെടുമ്പാശേരിയിൽ നടന്ന സംസ്ഥാന ജനറൽ ബോഡിയുടേതാണ് തീരുമാനം. നിലവിൽ പീതാംബരൻ മാസ്റ്ററാണ് എൻസിപി അധ്യക്ഷൻ. സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം മുന്നോട്ട് വച്ച നിർദേശ പ്രകാരമാണിപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനം തോമസ് ചാണ്ടിക്ക് നൽകാനായിരുന്നു നിർദ്ദേശം. ഉപാധ്യക്ഷനെ ശശീന്ദ്രൻ പക്ഷത്തുനിന്ന് തിരഞ്ഞെടുക്കാനും തീരുമാനിച്ചു.

എൻസിപിക്ക് സംസ്ഥാനത്ത് രണ്ടു എംഎൽഎമാരാണുള്ളത്. തോമസ് ചാണ്ടിയും എകെ ശശീന്ദ്രനും. പാർട്ടിക്ക് അനുവദിച്ച മന്ത്രി പദവി ആദ്യം ലഭിച്ചത് ശശീന്ദ്രനായിരുന്നു. അദ്ദേഹം ഫോൺകെണി വിവാദത്തിൽപ്പെട്ടതോടെ രാജിവച്ചു. പിന്നീട് വകുപ്പ് തോമസ് ചാണ്ടിക്ക് കൈമാറിയെങ്കിലും ഏറെ കാലം ആ പദിവിയിലിരിക്കാൻ അദ്ദേഹത്തിനും സാധിച്ചില്ല. കായൽ കയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കും മന്ത്രിപദവി രാജിവയ്ക്കേണ്ടി വന്നു. പിന്നീട് വകുപ്പിന് മന്ത്രിയില്ലാത്ത അവസ്ഥയായിരുന്നു.

എംഎൽഎമാരിൽ കുറ്റക്കാരനല്ലെന്ന് തെളിയുന്ന ആദ്യ വ്യക്തിക്ക് വകുപ്പ് കൈമാറാനായിരുന്നു തീരുമാനം. തുടർന്നാണ് ഫോൺകെണി കേസിൽ ശശീന്ദ്രന് ശുദ്ധിപത്രം ലഭിച്ചത്. ഇതോടെ മന്ത്രി പദവി അദ്ദേഹത്തിന് കൈമാറി. പിന്നീടാണ് പാർട്ടി സംസ്ഥാന അധ്യക്ഷ പദവി തോമസ് ചാണ്ടിക്ക് നൽകാൻ കേന്ദ്ര നേതൃത്വം നിർദേശിച്ചത്.

പാർട്ടി ഭരണഘടന പ്രകാരം താഴെത്തട്ടിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ മുൻകൈ നേടാനാകാതെ വന്നതോടെയാണ് തോമസ് ചാണ്ടി പക്ഷം സമവായമെന്ന തന്ത്രത്തിലേക്ക് നീങ്ങിയത്.പാർട്ടി തിരഞ്ഞെടുപ്പ് അതോറ്റിറ്റി ചെയർമാൻ ആലിക്കോയ, പീതാംബരൻ മാഷ്, തോമസ് ചാണ്ടി എന്നിവർ മാർച്ചിൽ ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ കാണുകയും തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.തിരഞ്ഞെടുപ്പ് നടന്നാൽ തോമസ് ചാണ്ടിക്ക് മേൽക്കൈ കിട്ടില്ലെന്ന ആശങ്ക ഉയർന്നതോടെയാണ് പവാറിനെ ശരണം പ്രാപിച്ചത്.

പവാറിനെ കണ്ടപ്പോൾ പ്രഫുൽ പട്ടേലുമായി കൂടി കൂടിയാലോചിച്ച് തീരുമാനമെടുക്കാൻ ധാരണയായി. തുടർന്ന് പട്ടേലുമായുള്ള കൂടിക്കാഴ്ചയിൽ വർക്കിങ് കമ്മിറ്റി അംഗങ്ങൾക്ക് മാത്രമായിരുന്നു പ്രവേശനം. പാർട്ടിയിൽ എ.കെ. ശശീന്ദ്രൻ വിഭാഗത്തിനുള്ള ആധിപത്യത്തെ അവഗണിച്ചാണു സംസ്ഥാന അധ്യക്ഷ പദവിയിലേക്കു തോമസ് ചാണ്ടിയെ ദേശീയ നേതൃത്വം കൊണ്ടുവരുന്നത്. ദേശീയ രാഷ്ട്രീയത്തിൽ സ്വീകരിക്കാനിരിക്കുന്ന തീരുമാനങ്ങൾക്കൊപ്പം കേരളത്തിലെ പാർട്ടി നിലകൊള്ളണമെങ്കിൽ തോമസ് ചാണ്ടി തന്നെ വേണമെന്നാണു വിലയിരുത്തൽ. ടി.പി. പീതാംബരന്റെ പിന്തുണയും തോമസ് ചാണ്ടിക്കുണ്ടായിരുന്നു.

നോമിനേഷനു പകരം സംസ്ഥാന സമിതി വിളിച്ചുകൂട്ടി തീരുമാനം എടുക്കണമെന്ന നിർദ്ദേശമാണു ദേശീയ നേതൃത്വം മുന്നോട്ടുവച്ചത്. മവായത്തിനായി സംസ്ഥാന ഭാരവാഹിസ്ഥാനങ്ങളിൽ ഭൂരിപക്ഷവും ശശീന്ദ്രൻ പക്ഷത്തിനു നൽകും.സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണശേഷമാണ് എൻസിപിയിൽ അധ്യക്ഷപദവിക്കായി തർക്കം മുറുകിയത്.