കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ വ്യത്യസ്ത ധ്രുവങ്ങളിലാണ് സിപിഐയും സിപിഎമ്മും. ചാണ്ടിയുടെ രാജി വേണമെന്നാണ് സിപിഐ ആവശ്യം. എന്നാൽ, സിപിഎമ്മാകട്ടെ ചാണ്ടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിനിടെയാണ് ജനജാഗ്രതാ യാത്ര നടന്നതും. വടക്കൻ മേഖലാ ജാഥ കോടിയേരി ബാലകൃഷ്ണനും തെക്കൻ മേഖലാ ജാഥയെ നയിച്ചത് കാനം രാജേന്ദ്രനുമായിരുന്നു. ജാഥ ഫിനിഷിംഗിലേക്ക് കടന്നതോടെ തർക്കം മുറുകിയപ്പോൾ സി.പി.എം പാലം വലിച്ചു എന്ന പൊതുവികാരമാണ് സിപിഐയിൽ.

കോടിയേരി നയിച്ച ഉത്തരമേഖലാജാഥയിൽ ആൾക്കൂട്ടം നിറഞ്ഞുകവിഞ്ഞപ്പോൾ, തെക്കൻജാഥ നയിച്ച കാനം രാജേന്ദ്രനു പലപ്പോഴും ആളില്ലാക്കസേരകൾക്കു മുന്നിൽ പ്രസംഗിക്കേണ്ടിവന്നതാണു മുന്നണിയിൽ ചർച്ചയാകുന്നത്. സിപിഎമ്മുകാർ പാലം വലിച്ചതാണു കാനത്തിന്റെ ജാഥയിൽ ആളുകുറയാൻ കാരണമെന്ന ആരോപണവുമായി സിപിഐ. പ്രാദേശികഘടകങ്ങൾ രംഗത്തുവന്നു. കോടിയേരിയുടെ ജാഥയ്ക്കു തങ്ങൾ പരമാവധി ആളുകളെ എത്തിച്ചപ്പോൾ കാനത്തിന്റെ ജാഥയെ സി.പി.എം. പിന്നിൽനിന്നു കുത്തിയെന്നാണ് ഇവരുടെ വാദം. സിപിഐ. പാർട്ടി കോൺഗ്രസിനു മുന്നോടിയായി നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇതുസംബന്ധിച്ചു രൂക്ഷമായ വിമർശനങ്ങളാണുയരുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലൂടെയായിരുന്നു കാനം നയിച്ച ജാഥ. എന്നാൽ, പല സ്വീകരണകേന്ദ്രങ്ങളിലും സി.പി.എം. ഏരിയാ കമ്മിറ്റി ഭാരവാഹികൾപോലും പങ്കെടുത്തില്ല. തോമസ് ചാണ്ടി വിഷയത്തിൽ ഉൾപ്പെടെ സർക്കാരിനെതിരേ കാനം നടത്തിയ വിമർശനങ്ങളാണു സിപിഎമ്മിനെ ചൊടിപ്പിച്ചതെന്നാണു സൂചന. പത്തനംതിട്ട ജില്ലയിൽ ആളു കുറയാൻ കാരണം മഴയാണെന്നാണ് ഔദ്യോഗികവിശദീകരണം. സിപിഎമ്മും സിപിഐയും പരസ്യമായി ഏറ്റുമുട്ടിയിട്ടുള്ള സ്ഥലമാണിത്.

സി.പി.എം. കാലുവാരിയതിനെതിരേ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സിപിഐ. പ്രാദേശികഘടകങ്ങൾ ശക്തമായി രംഗത്തുണ്ട്. ഇടുക്കിയിലെ സ്വീകരണസ്ഥലത്തു 3000 പേരെ എത്തിക്കുമെന്നു സി.പി.എം. അറിയിച്ചെങ്കിലും 500 പേർപോലും എത്തിയില്ലെന്നാണ് ആക്ഷേപം. കോട്ടയത്തു സി.പി.എം. ശക്തികേന്ദ്രങ്ങളിൽപോലും കാനത്തിന്റെ ജാഥയ്ക്ക് ആളുണ്ടായിരുന്നില്ല. എറണാകുളത്തും സ്ഥിതി മറിച്ചായിരുന്നില്ല.