തിരുവനന്തപുരം: മന്ത്രിക്കസേരയിൽ കടിച്ചു തൂങ്ങിയ തോമസ് ചാണ്ടിക്ക് ഒടുവിൽ പിഴയ്ക്കുന്നു. ഇതുവരെ മന്ത്രിയെ സംരക്ഷിച്ചു നിർത്തിയ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ കൈവിട്ടതോടെ രാജി അനിവാര്യമായി. കായൽ കൈയേറിയ ചാണ്ടിയെ ഇനിയും സംരക്ഷിച്ചു നിർത്തുന്നത് ശരിയല്ലെന്ന നിലപാടിലാണ് സി.പി.എം. രാജിയല്ലാതെ മറ്റ് പോംവഴികൾ ഇല്ലെന്ന നിർദ്ദേശം അദ്ദേഹത്തിന് ഇതിനോടകം സി.പി.എം നൽകി കഴിഞ്ഞു.

സാഹചര്യം ഗൗരവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തിയതായാണ് റിപ്പോർട്ട്. രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സി.പി.എം അദ്ദേഹത്തെ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നാണ് സി.പി.എം നിർദ്ദേശിച്ചിരിക്കുന്നത്. രാജി വിഷയത്തിൽ തോമസ് ചാണ്ടി തീരുമാനമെടുത്തില്ലെങ്കിൽ മുന്നണി യോഗം വിളിക്കും. അങ്ങനെയെങ്കിൽ എൽഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാൻ തീരുമാനിക്കും.

ആലപ്പുഴ കലക്ടറുടെ റിപ്പോർട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൈവിട്ടത്. മന്ത്രിയുടെ ഈ നിലപാട് മുഖ്യമന്ത്രിയെ ശരിക്കും ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹം ഇനിയും ചാണ്ടിയുടെ രാജിയിൽ കവിഞ്ഞൊരു ആവശ്യം നടക്കില്ലെന്ന നിലപാടിലേക്ക് എത്തിയത്.

എൻസിപിക്ക് രണ്ട് എംഎൽഎമാരാണ് സഭയിലുള്ളത്. പിണറായി സർക്കാരിൽ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രൻ ഫോൺവിളി വിവാദത്തിൽ കുടുങ്ങിയതോടെയാണ് രാജിവെച്ചത്. തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി. കായൽ കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉൾപ്പെടെ നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെ ഉയർന്നത്. ലേക്ക് പാലസിന്റെ നിയമലംഘനം അക്കമിട്ട് നിരത്തിയ കളക്ടറുടെ റിപ്പോർട്ട് കൂടി വന്നതോടെ തോമസ് ചാണ്ടി കൂടുതൽ പ്രതിരോധത്തിലായി.

ആലപ്പുഴ കളക്ടർ ടി.വി അനുപമയുടെ റിപ്പോർട്ടിൽ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യത്തിൽ റവന്യു മന്ത്രി നടപടിയെടുക്കുണമെന്ന് ശുപാർശയും നൽകിയിരുന്നു. വിഷയത്തിൽ ഹൈക്കോടതിയും സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാൻ സി.പി.എം നിർബന്ധിതരായത്. അതേസമയം, തോമസ് ചാണ്ടിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി.

കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.

സോളർ കമ്മിഷൻ റിപ്പോർട്ട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന്റെ രാഷ്ട്രീയ നേട്ടം ആഘോഷിക്കാൻ ഇടതുമുന്നണിക്കു തടസ്സമാവുന്നത് തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളാണ്. കോട്ടയം വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമർശവും കാര്യങ്ങൾ കൂടുതൽ വഷളാക്കി. അഡ്വക്കേറ്റ് ജനറലിന്റെ (എജി) നിയമോപദേശം ലഭിച്ചില്ലെന്ന പിടിവള്ളിയിലാണു മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്. നിയമോപദേശം എതിരായാൽ കൈവിടുമെന്ന സൂചന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നൽകിയിട്ടുണ്ട്.

മറ്റൊരു ഘടകകക്ഷിയായ സിപിഐ ആദ്യം മുതലേ തോമസ് ചാണ്ടിക്ക് എതിരായാണു നിലകൊണ്ടത്. നിലപാട് വ്യക്തമാക്കിയ സിപിഐ, തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടതോടെ പാപഭാരം സിപിഎമ്മിന്റെ തലയിലുമായി. പല കോണുകളിൽനിന്നു രാജിക്കായി മുറവിളി ഉയരുന്നതിനിടെ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, തോമസ് ചാണ്ടിയെ തിരക്കിട്ടു വിളിപ്പിച്ചതും അതിനു മുൻപൊരു ദിവസം ശാസിച്ചതും അപായ സൂചനയായിരുന്നു.

തോമസ് ചാണ്ടിയുടെ രാജി ആവശ്യം വെള്ളിയാഴ്ച ചേരുന്ന സിപിഐ നിർവാഹക സമിതിയിലും ഉയർന്നേക്കും. ജനജാഗ്രതാ യാത്രക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തിൽ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി ചർച്ചയാകും. ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡിക്കെതിരായ പ്രസ്താവനയും പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. റവന്യൂ വകുപ്പിന്റെ നിലപാടും സ്വീകരിച്ച നടപടികളും മന്ത്രി ഇ.ചന്ദ്രശേഖരൻ യോഗത്തെ അറിയിക്കും.

അതേസമയം, തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ നികുതി പുനർനിശ്ചയിക്കാനുള്ള തീരുമാനം പാളി. റിസോർട്ടിൽ പരിശോധന നടത്താൻ ആലപ്പുഴ നഗരസഭയ്ക്കു ലേക്ക് പാലസ് അധികൃതർ അനുമതി നൽകിയില്ല. സഞ്ചാരികൾ മുറികൾ ബുക്ക് ചെയ്തിട്ടുള്ളതിനാൽ പരിശോധന ജനുവരിയിലേക്കു മാറ്റണമെന്നാണു വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ ആവശ്യം. നഗരസഭാ കൗൺസിൽ ചേർന്നാണു ലേക്ക് പാലസിനു നാളിതുവരെയായി അനുവദിച്ചുപോന്ന നികുതി ഇളവ് പിൻവലിക്കാനും പുതുക്കിയ നികുതി കണക്കാക്കാനും തീരുമാനിച്ചത്.