സർക്കാർ രണ്ടുകോടി രൂപ നൽകിയത് തെറ്റല്ലെന്ന് തോമസ് ചാണ്ടി; ബാർ പൂട്ടിയതിൽ 200 കോടി നഷ്ടം വന്നപ്പോൾ മിണ്ടാത്തവരാണ് ക്യാൻസർ ചികിത്സാ തുകയുടെ കാര്യത്തിൽ വിവാദമുണ്ടാക്കുന്നതെന്നും കുട്ടനാട് എംഎൽഎ
ആലപ്പുഴ: ചികിത്സയ്ക്കായി രണ്ടുകോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചതിൽ തെറ്റില്ലെന്ന് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി. കേരളത്തിനകത്ത് മാത്രം 50 കോടിക്കടുത്ത് ആസ്തിയുള്ളപ്പോൾ ചികിത്സക്കായി സർക്കാരിന്റെ പണം പറ്റി എന്ന വിവാദത്തോടു പ്രതികരിക്കുകയായിരുന്നു തോമസ് ചാണ്ടി. നിയമം അനുശാസിക്കുന്നതു പ്രകാരം എംഎൽഎമാരുടെ ചികിത്സയ്ക്കായ
- Share
- Tweet
- Telegram
- LinkedIniiiii
ആലപ്പുഴ: ചികിത്സയ്ക്കായി രണ്ടുകോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ചതിൽ തെറ്റില്ലെന്ന് കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി. കേരളത്തിനകത്ത് മാത്രം 50 കോടിക്കടുത്ത് ആസ്തിയുള്ളപ്പോൾ ചികിത്സക്കായി സർക്കാരിന്റെ പണം പറ്റി എന്ന വിവാദത്തോടു പ്രതികരിക്കുകയായിരുന്നു തോമസ് ചാണ്ടി.
നിയമം അനുശാസിക്കുന്നതു പ്രകാരം എംഎൽഎമാരുടെ ചികിത്സയ്ക്കായുള്ള പണംമാത്രമേ കൈപറ്റിയിട്ടുള്ളൂവെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയും വി എം സുധീരനും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂലം ബാറുകളടച്ചപ്പോൾ കേരളത്തിന് 200 കോടിയാണ് നഷ്ടമായത്. അപ്പോൾ ശബ്ദിക്കാത്തവരാണ് കാൻസർ ചികിത്സക്കുവേണ്ടി രണ്ടുകോടി ചെലവാക്കിയത് വിവാദമാക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു.
കാൻസർ രോഗ ചികിത്സയ്ക്ക് 2012ൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ 15 ലക്ഷവും 2013ൽ അമേരിക്കയിലെ സ്ലോൾ ക്ലെറ്ററിങ് കാൻസർ ക്ലിനിക്കിൽ 1.74 കോടിയുമാണ് തോമസ് ചാണ്ടി ചെലവാക്കിയത്.
ഇതിന്റെ തുടർചികിത്സയ്ക്കും മരുന്നിനും മറ്റുമായി 42,000 രൂപ 2014ലും ചെലവാക്കി. ഇതെല്ലാം സർക്കാർ ഖജനാവിൽ നിന്ന് തോമസ് ചാണ്ടിക്ക് തിരികെ ലഭിക്കുകയായിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതിയോടെയാണ് തോമസ് ചാണ്ടിക്ക് സർക്കാർ ചികിത്സയ്ക്കു ചെലവായ തുക നൽകിയത്.
2011 നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ച കണക്കനുസരിച്ച് 45 കോടി രൂപയുടെ ആസ്തിയാണ് തോമസ് ചാണ്ടിക്ക് കേരളത്തിൽ മാത്രമുള്ളത്. ഇതു കൂടാതെ വിദേശത്തുൾപ്പെടെ 4 സ്കൂളുകൾ, റസ്റ്റോറന്റ്, കുവൈറ്റിൽ ബേക്കറി. ലക്ഷങ്ങൾ വിലയുള്ള ആഡംബരകാറുകളും ബോട്ടുകളും കോടികളുടെ ബിസിനസ് വരുമാനവുമുള്ളപ്പോളാണ് എംഎൽഎ 2 കോടി രൂപ സർക്കാർ ഖജനാവിൽ നിന്ന് ചെലവിട്ട് ചികിത്സ നടത്തിയതെന്നാണ് ആരോപണം ഉയർന്നത്.
കഴിഞ്ഞ നാല് വർഷത്തെ കണക്കിൽ സി.എഫ്. തോമസ് 9.47 ലക്ഷം, എം. ഹംസ 7.17 ലക്ഷം, ഇ.പി. ജയരാജൻ 6.87 ലക്ഷം, തേറമ്പിൽ രാമകൃഷ്ണൻ 6.53 ലക്ഷം, കെ.ടി. ജലീൽ 5.68 ലക്ഷം, ജമീല പ്രകാശം 5.65 ലക്ഷം, എംപി. അബ്ദുസമദ് സമദാനി 5.57 ലക്ഷം, ബി. സത്യൻ 5.57 ലക്ഷം എന്നിങ്ങനെയാണ് മറ്റ് എംഎൽഎ.മാർക്ക് നൽകിയിരിക്കുന്നത്.
സർക്കാർ ആശുപത്രികളിൽ ജനപ്രതിനിധികൾക്ക് സൗജന്യചികിത്സ ലഭ്യമാണെന്നിരിക്കെയാണ് കോടികളുടെ അധികബാധ്യത സർക്കാരിന് ഉണ്ടായിരിക്കുന്നത്. ചികിത്സാചെലവിനത്തിൽ അഞ്ചുപൈസപോലും കൈപറ്റാത്ത 8 എംഎൽഎമാരും സഭയിലുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം ഷാജി, കെ അച്യുതൻ, സി കൃഷ്ണൻ, സി മമ്മൂട്ടി, ടി എ അഹമ്മദ് കബീർ, എൻ ഷംസുദീൻ, പി ഉബൈദുള്ള എന്നിവരാണ് സർക്കാരിൽ നിന്ന് ചികിത്സാചെലവ് കൈപ്പറ്റാത്തവർ.
ജനപ്രതിനിധികൾക്ക് ചികിത്സാചെലവിനത്തിൽ കൈപ്പറ്റാവുന്ന തുകയ്ക്ക് പരിധിയില്ല. മാത്രവുമല്ല സമർപ്പിക്കുന്ന ക്ലെയിമുകളും കാര്യമായി പരിശോധിക്കാറുമില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും മെഡിക്കൽ ഇൻഷുറൻസ് വഴി എംഎൽഎ മാരുടെ ചികിത്സാചെലവിന്റെ അധികബാധ്യതയിൽ നിന്ന് ഒഴിവാകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.