തിരുവനന്തപുരം: എംഎൽഎമാരും എംപിമാരുമെല്ലാം ജനസേവകർ എന്നാണ് പൊതുവിൽ പറയാറ്. എന്നാൽ, ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഒരു കീഴ്‌വഴക്കമാണ് ഇന്ത്യയിൽ ജനപ്രതിനിധികളുടെ കാര്യത്തിൽ ഉള്ളത്. സ്വന്തം ശമ്പളവും ആനുകൂല്യങ്ങളും നിശ്ചയിക്കുന്ന ഏകവിഭാഗം ഇവരാണ്. ഇങ്ങനെ സ്വന്തം ശമ്പളം നിശ്ചയിക്കുന്നവർ ഖജനാവ് ശരിക്കും ധൂർത്തടിക്കുയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ എംഎൽഎമാരും ഇക്കാര്യത്തിൽ പിന്നിലല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തായി. സംസ്ഥാനത്തെ എംഎൽഎമാർ ചികിത്സാ ചെലവ് ഇനത്തിൽ കോടികളാണ് ചിലവഴിച്ചത്. കണക്കുകുകൾ പ്രകാരം 45 കോടിയിൽ അധികം ആസ്തിയുള്ള വ്യവസായിയായ തോമസ് ചാണ്ടി എംഎൽഎ. ര 1,91, 14,366 രൂപയാണ് തോമസ് ചാണ്ടി എംഎൽഎ ചികിത്സക്ക് വേണ്ടി ചെലവാക്കിയത്.

ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലും കോടികൾ ലാഭം കൊയ്തും ജീവിക്കുന്ന എൻസിപി എംഎൽഎ സർക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രി,അമേരിക്കയിലെ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലാണ് തോമസ് ചാണ്ടി എംഎൽഎ കഴിഞ്ഞ നാലു വർഷത്തിനിടെ ചികിത്സ തേടിയത്. വിദേശത്തെ ആശുപത്രിയിൽ മാത്രം ചെലവായത് ഒരു കോടിയിലേറെ രൂപയാണ്.

സംസ്ഥാനത്തിന് പുറത്തും വിദേശത്തുമാണ് മിക്ക എംഎ‍ൽഎമാരും ചികിത്സയെടുക്കുന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് പുറത്തുവന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ജനപ്രതിനിധികൾക്ക് ലഭിക്കുമെന്നിരിക്കെയാണ് അതൊഴുവാക്കി സ്വകാര്യആശുപത്രികളിൽ ചികിത്സതേടുന്നത്. ജനപ്രതിനിധികളുടേയും ബന്ധുക്കളുടേയും ചികിത്സയ്ക്കായി കഴിഞ്ഞ നാല് വർഷത്തിനിടെ സർക്കാർ മൊത്തം ചെലവിട്ടത് 4,26,11,825 രൂപ. മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ ചികിത്സാചെലവ് ഉൾപ്പെടാതെയാണ് ഇത്.

എംഎ‍ൽഎ മാരിൽ 11 പേർ 5 ലക്ഷത്തിനും മീതെയാണ് ചികിത്സാചെലവ് ഇനത്തിൽ കൈപറ്റിയത്. തോമസ് ചാണ്ടിയാണ് ഏറ്റവും ഉയർന്ന തുക കൈപറ്റിയത്. അമേരിക്കയിലെ ചികിത്സാ ചിലവുൾപ്പടെ 1,91, 14,366 രൂപ. അന്തരിച്ച സ്പീക്കർ ജി കാർത്തികേയന്റെ ചികിത്സയ്ക്കായി യാത്രചെലവുൾപ്പടെ 60,41,002 രൂപയാണ് സർക്കാർ ചെലവിട്ടത്. പ്രമുഖ എംഎ‍ൽഎമാരുടെ ചികിത്സാചെലവുകൾ ഇങ്ങനെ.

സി ദിവകരൻ - 12,09,824, സി.എഫ് തോമസ് - 9,47,990, ഇപി ജയരാജൻ - 6,87,821, തേറമ്പൽ രാമകൃഷണൻ - 6,53,317, അൻവർ സാദത്ത് - 4,53,838, കോടിയേരി ബാലകൃഷ്ണൻ - 3,54,051.

സർക്കാർ ആശുപത്രികളിൽ ജനപ്രതിനിധികൾക്ക് സൗജന്യചികിത്സ ലഭ്യമാണെന്നിരിക്കെയാണ് ഈ കോടികളുടെ അധികബാധ്യത. ചികിത്സാചെലവിനത്തിൽ 5 പൈസപോലും കൈപറ്റാത്ത 8 എംഎ‍ൽഎമാരും സഭയിലുണ്ട്. അബ്ദുറഹ്മാൻ രണ്ടത്താണി, കെ.എം ഷാജി, കെ അച്യുതൻ, സി കൃഷ്ണൻ, സി മമ്മുട്ടി, ടി.എ അഹമ്മദ് കബീർ, എൻ ഷംസുദ്ധീൻ, പി ഉബൈദുള്ള എന്നിവരാണ് സർക്കാരിൽ നിന്ന് ചികിത്സാചെലവ് കൈപറ്റാത്തവർ.

ജനപ്രതിനിധികൾക്ക് ചികിത്സാചെലവിനത്തിൽ കൈപറ്റാവുന്ന തുകയ്ക്ക് പരിധിയില്ല. മാത്രവുമല്ല സമർപ്പിക്കുന്ന ക്ലെയിമുകളും കാര്യമായി പരിശോധിക്കാറുമില്ല. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോളും മെഡിക്കൽ ഇൻഷൂറൻസ് വഴി എംഎ‍ൽഎ മാരുടെ ചികിത്സാചെലവിന്റെ അധികബാധ്യതയിൽ നിന്ന് ഒഴിവാകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.