തിരുവനന്തപുരം: അഴിമതി വിരുദ്ധ നിലപാടുകൾ മുറുകെ പിടിച്ചാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ അധികാരത്തിൽ കയറിയത്. എന്നാൽ, അധികാരത്തിൽ എത്തിയതോടെ എവിടെപ്പോയി പിണറായി വിജയന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ എവിടെ പോയി? സ്വന്തം അണികൾ പോലും തോമസ് ചാണ്ടിയെന്ന ധനാഢ്യനായ മന്ത്രിയെ താങ്ങുന്ന മുഖ്യമന്ത്രിയുടെ നിലപാട് കണ്ട് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അവസരം കിട്ടുമ്പോൾ വാക്കുമാറ്റിപ്പറയുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തിലേക്ക് പിണറായി വിജയനും മാറിയോ? നിയമസഭയിൽ അടക്കം തോമസ് ചാണ്ടിയെ ശക്തമായി പ്രതിരോധിക്കുന്ന പിണറായി വിജയനൊണ് കണ്ടത്. ഇപ്പോഴും അദ്ദേഹം നിലപാട് മാറ്റിയതായി ആർക്കും അറിവുമില്ല. 

എന്തുകൊണ്ടാണ് ഇ പി ജയരാജന്റെ രാജി കേവലം ഒരു പ്രസ്താവന കൊണ്ട് കൈയിൽ വാങ്ങിയ പിണറായി മാർത്താണ്ഡം കായൽ കൈയേറിയെന്ന് കലക്ടർ റിപ്പോർട്ടിൽ പറയുന്ന മന്ത്രിയെ സംരക്ഷിക്കുന്നത്? ഇതൊക്കെ കാണിമ്പോൾ സാധാരണക്കാരനായ ആളുകൾക്ക് തോന്നുന്ന ഒരു വികരമുണ്ട്. പണത്തിന് മുകളിൽ ഒരു ഇരട്ടച്ചങ്കനും പറക്കില്ല എന്നതാണ് അത്. അല്ലെങ്കിൽ പിന്നെ കേരളത്തിലെ ഈർക്കിൽ പാർട്ടിയായ എൻസിപിയിലെ ഒരു മന്ത്രിയെ തെറ്റ് കയ്യോടെ പിടിച്ചിട്ടും സംരക്ഷിക്കുന്നത് എന്തിനാണ്? ഇനിയും തിരഞ്ഞെടുപ്പുകൾ വരമ്പോൾ രാഷ്ട്രീയ ധാർമ്മികതയെ കുറിച്ച് പിണറായി വിജയൻ പറയുന്നത് എങ്ങനെ?

രാഷ്ട്രീയ ധാർമ്മികതക്ക് അപ്പുറം സർക്കാർ സ്വത്ത് കയ്യേറിയെന്ന ഗുരുതരമായ ആരോപണമാണ് തോമസ് ചാണ്ടിക്കെതിരെ നിലനിൽക്കുന്നത്. മന്ത്രിയുടെ നിയമലംഘനം വ്യക്തമാക്കുന്ന റിപ്പോർട്ട് കലക്ടർ ബന്ധപ്പെട്ട മന്ത്രിക്ക് നൽകുകയും ചെയ്തു. എന്നിട്ടും നിയമോപദേശത്തിന്റെ പേരു പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയാണ് മുഖ്യമന്ത്രി. മുന്നണി മര്യാദ കൊണ്ടെന്ന് വിശദീകരിക്കുമ്പോൾ തന്നയാണ് ഇതേ മര്യാദ എന്തുകൊണ്ട് ഒരു പെൺകുട്ടിയുടെ പൈങ്കിളി വർത്തമാനത്തിൽ വീണു പോയ എ കെ ശശീന്ദ്രന് നൽകുന്നില്ലെന്ന ചോദ്യവും ഉയരുന്നത്. ശശീന്ദ്രന്റെ അതേ പാർട്ടിക്കാരൻ തന്നെയാണ് തോമസ് ചാണ്ടി. ഇ പി ജയരാജന്റെ കാര്യത്തിൽ സ്വന്തം പാർട്ടിക്കാരൻ എന്ന കാര്യം മുഖ്യമന്ത്രിക്ക് പറയാമായിരിക്കും. എങ്കിലും പിണറായി വിജയന്റെ ബലത്തിൽ തന്നെയാണ് തോമസ് ചാണ്ടി അധികാരത്തിൽ കടിച്ചു തൂങ്ങുന്നതെന്ന യാഥാർത്ഥ്യം പകൽ പോലെ വ്യക്തമാണ്.

പതിവുപോലെ മുഖ്യമന്ത്രിയുടെ നിലപാടുകളെ ന്യായീകരിക്കാൻ സൈബർ ലോകത്ത് അടക്കം സി.പി.എം പോരാളികൾ രംഗത്തുണ്ട്. ഇവർ മുന്നോട്ടു വെക്കുന്ന കാര്യം സമ്പന്നനായതു കൊണ്ടാണ് എല്ലാവരും ചാണ്ടിയുടെ രാജി ആവശ്യപ്പെടുന്നത് എന്നാണ്. എന്നാൽ, അങ്ങനെ പറയുന്നവരുടെ കൂട്ടത്തിൽ ഞങ്ങളില്ല. സമ്പന്നൻ ആകുന്നത് ആരുടെയും തെറ്റല്ല. എന്നാൽ, ഒരാൾ എങ്ങനെയാണ് സമ്പന്നൻ ആകുന്നത് എന്നത് ശ്രദ്ധിക്കേണ്ട വിഷയം തന്നെയാണ്. സ്വന്തം അധ്വാനം കൊണ്ടും വിയർപ്പു കൊണ്ടുമാണ് ഒരാൾ സമ്പന്നനാകുന്നത്. അല്ലാതെ നിയമം ലംഘിച്ചു കൊണ്ടല്ല. തോമസ് ചാണ്ടിയുടെ കുവൈത്ത് മുതലുള്ള ചരിത്രം അത്രയ്ക്ക നല്ലതല്ലെന്ന് പരിശോധിച്ചാൽ വ്യക്തമാകുന്ന കാര്യമാണ്.

എന്തിന് വേണ്ടിയായുന്നു തോമസ് ചാണ്ടി കുവൈത്തിലെ ജയിലിന്റെ വക്കിലെത്തിയത്? എന്തിന വേണ്ടിയായിരുന്നു ചാണ്ടിയുടെ പാർട്‌നർമാർ ജയിലിൽ ആയത്? എന്തിന് വേണ്ടിയായിരുന്നു തോമസ് ചാണ്ടിയുടെ ബിസിനസിന്റെ ഭാഗമായിരുന്ന കെ പി മോഹനൻ നേരം ഇരുട്ടി വെളുക്കും മുമ്പ് കേരളത്തിലേക്ക് മുങ്ങിയത്? ഈ കഥ പണ്ടേ അറിയാവുന്നതാണ്. അതിന് ശേഷമാണ് വ്യവസായിയുടെ വേഷം കെട്ടിയതും ടൂറിസം രംഗത്തേക്ക് ചുവടുവെച്ചതുമൊക്കെ. പക്ഷേ ഇങ്ങനെ വ്യവസായ പ്രമുഖനാകാനുള്ള പാതയിൽ അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പുമൊക്കെ ചാണ്ടി കൈമുതലാക്കിയിരുന്നു. അക്കാലത്ത് തോമസ് ചാണ്ടിയുടെ തട്ടിപ്പുകളെ കുറിച്ച് നിരന്തരം വാർത്തകൾ എഴുതിയത് സി.പി.എം മുഖപത്രമായ ദേശാഭിമാനിയായിരുന്നു. ഇപ്പോൾ എന്തേ ദേശാഭിമാനി ചാണ്ടിയുടെ തട്ടിപ്പുകളെ കണ്ടില്ലെന്ന് നടിക്കുന്നു?

ചാണ്ടിയുടെ പൂർവ്വകാല ചരിത്രമെല്ലാം മറന്നു കൊണ്ടാണ് പിണറായി വിജയൻ അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് ആനയിച്ച് ഇരുത്തിയത്. അത് തന്നെ ഇടതു മുന്നണിക്ക് സംഭവിച്ച ഒരു പിഴവായിരുന്നു. മന്ത്രിയാകുന്നതിന് മുമ്പ് തന്നെ താൻപോരിമ വിളമ്പി താൻ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന് തെളിയിച്ച നേതാവാണ് തോമസ് ചാണ്ടി. ചാണ്ടിയുടെ രാജി ആവശ്യങ്ങളെ നിരാകരിക്കുന്ന സമീപനം സ്വീകരിക്കുന്ന ഇടതു നേതാക്കളും ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ കെ എം മാണിക്കെതിരെ കാട്ടിക്കൂട്ടിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന്. അന്ന് ഒരു അബ്കാരി നൽകിയ മൊഴിയെ വിശ്വാസത്തിലെടുത്ത് രാഷ്ട്രീയത്തിൽ വർഷങ്ങൾ പയറ്റിത്തെളിഞ്ഞ കെഎം മാണിക്കെതിരെ സി.പി.എം ഉറഞ്ഞു തുള്ളി.

എന്തായാലും കോടതി പരാമർശം ഉണ്ടായതോടെ കെ എം മാണി രാജിവെച്ചു. ഇവിടെ ആ ഘട്ടവും പിന്നിട്ടിരിക്കുന്നു. കോടതിയും ഇരട്ടനീതിയാണോ ഇവിടെ നടക്കുന്നതെന്ന ചോദ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നിട്ടും തോമസ് ചാണ്ടിയെ താങ്ങുന്ന നിലപാടിൽ ലജ്ജ തോന്നുന്നു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. മന്ത്രിയായിരുന്നപ്പോഴും എംഎൽഎയായിരുന്നപ്പോഴും കൂടുതൽ സമയ വിദേശത്ത് സമയം ചിലവഴിച്ച വ്യക്തിയാണ് ചാണ്ടി. കടമ നിറവേറ്റുന്നു എന്നതിന് അപ്പുറത്തേക്ക് ആത്മാർത്ഥമായ പ്രവർത്തനം തോമസ് ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ആ ആത്മാർത്ഥത ഉണ്ടായതാകട്ടെ സ്വന്തം കാര്യത്തിൽ മാത്രവും. ഇങ്ങനെയൊരു വ്യക്തിയെ എന്തിനാണ് ജനങ്ങളുടെ പ്രതീക്ഷകളുടെ ഭാരം പേറുന്ന ഇടതു സർക്കാർ താങ്ങുന്നത്. ഈ ബാധ്യത പേറേണ്ട യാതൊരു കാര്യവും കേരള ജനതയ്ക്ക് ഇല്ലാത്തതിനാൽ എത്രയും വേഗം മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യേണ്ടത്.