കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഇന്നുണ്ടാകില്ലെന്ന് ഉറപ്പായി. ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനം നേരിടേണ്ടി വന്നിട്ടും താൻ രാജിവെക്കാൻ ഉദ്ദേസിക്കുന്നില്ലെന്ന ആവർത്തിച്ച് തോമസ് ചാണ്ടി രംഗത്തെത്തി. ഇന്നത്തെ കോടതി വിധി തനിക്ക് അനുകൂലമാണെന്നാണ് ചാണ്ടി വാദിക്കുന്നത്. കോടതി വിധിയിൽ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. വാക്കാലുള്ള പരാമർശം കൊണ്ടൊന്നും താൻ രാജിവെക്കില്ല. വിധിന്യായത്തിൽ തനിക്കെതിരെ എന്തെങ്കിലും പരാമർശം ഉണ്ടെങ്കിൽ ആ സെക്കന്റിൽ രാജിവെക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

കയ്യേറ്റത്തിൽ താൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു. താൻ ഭൂമി കയ്യേറിയിട്ടില്ലെന്ന് കോടതി ശരിവച്ചു. തനിക്കെതിരായ രണ്ടു ഹർജികൾ ഹൈക്കോടതി തള്ളിയിട്ടുണ്ട്. റിസോർട്ട് കേസിൽ മുൻ കലക്ടറുടെ കണ്ടെത്തലുകൾ കോടതി ശരിവച്ചുവെന്നും തോമസ് ചാണ്ടി പറഞ്ഞു. നാളെ കോടതി ഉത്തരവ് കിട്ടിയശേഷം വിധിപരിശോധിക്കും. അതിൽ തനിക്കെതിരായ പരാമർശം ഉണ്ടെങ്കിൽ രാജിവെക്കുമെന്നും നാളെ മാധ്യമങ്ങളെ കാണുമെന്നും തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

കായൽ കയ്യേറ്റ ആരോപണത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം നേരിടേണ്ടിവന്ന തോമസ് ചാണ്ടി ഡൽഹി യാത്ര റദ്ദാക്കി തിരുവനന്തപുരത്തേക്ക് തിരിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം നടക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാനാണ് ചാണ്ടി രാത്രിതന്നെ തിരുവനന്തപുരത്ത് എത്തുന്നത്. കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ഡൽഹിക്കു പോകുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാൽ പിന്നീട് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എൻസിപി നേതാക്കളോട് തിരുവനന്തപുരത്തേക്കെത്താൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ഹൈക്കോടതി വിധിക്കെതിരെ മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. റിട്ട് ഹർജിയുടെ ഉള്ളടക്കം പരിശോധിക്കാതെ തള്ളിയ നടപടിയടക്കം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. എന്നാൽ, സി.പി.എം കടുത്ത പ്രതിരോധത്തിലായ വിഷയത്തിൽ തോമസ് ചാണ്ടിയെ രക്ഷിച്ചെടുക്കാൻ തിരക്കിട്ട ചർച്ചകൾ തലസ്ഥാനത്തും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിൽ കൂടിക്കാഴ്ച നടത്തി. എകെജി സെന്ററിൽ വെച്ച് നടന്ന കൂടിക്കാഴ്‌ച്ചയിൽ തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചും പാർട്ടിയെടുക്കേണ്ട നിലപാടിനെക്കുറിച്ചും ചർച്ചയായി. എന്നാൽ ഇതു സംബന്ധിച്ച് വ്യക്തമായ മറുപടികളൊന്നും ഉണ്ടായിട്ടില്ല. മന്ത്രിമാരുമായി കാര്യങ്ങൾ ചർച്ച ചെയ്യാനും മുഖ്യമന്ത്രി തയ്യാറായിട്ടുണ്ട്.

ഇതിനിടെ എൻസിപി ദേശീയ നേതൃത്വത്തെ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. ഉത്തരവ് വിലയിരുത്തിയ ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പാർട്ടി ദേശീയ നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിൽ സത്യസന്ധത നിലനിർത്തുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രിയും എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കിയിട്ടുണ്ട്.

കായൽ കയ്യേറ്റ ആരോപണത്തിൽ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഹർജിയാണ് അതിരൂക്ഷമായ വിമർശനങ്ങളോടെ ഹൈക്കോടതി തള്ളിയത്. സർക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോർട്ടിൽ പിശകുണ്ടെങ്കിൽ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയിൽ കലക്ടർ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എൻ രവീന്ദ്രനും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വ്യക്തമാക്കി.

മന്ത്രി എന്ന നിലയിൽ തോമസ് ചാണ്ടി സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഹർജി നല്കിയതും അതിലെ വാചകങ്ങളും അതിന്റെ ഉള്ളടക്കവുമെല്ലാം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. ഈ രീതിയിലാണ് ഹർജി നല്കുന്നതെങ്കിൽ തോമസ് ചാണ്ടി രാജിവയ്ക്കുകയാണ് വേണ്ടത് . മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് താങ്കൾ ഉദ്ദേശിക്കുന്ന തരത്തിൽ പോകാനാകില്ല. ദന്ത ഗോപുരത്തിൽനിന്ന് താഴെയിറങ്ങി സാധാരണക്കാരനായി നിയമത്തെ നേരിടണം. സർക്കാരിന് മന്ത്രിയെ വിശ്വാസമില്ല. അതുകൊണ്ടാണ് സർക്കാർ ഹർജ്ജിയെ എതിർക്കുന്നന്നതെന്നും ഹൈക്കോടതി നേരത്തെ വിമർശിച്ചിരുന്നു.

ചരിത്രത്തിൽ ആദ്യമായിട്ടാവും സർക്കാരിനെതിരെ മന്ത്രി ഹർജി നൽകുന്നത് എന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നുവരെ ഒരു വേള ഹൈക്കോടതിക്ക് പറയേണ്ടിവന്നു. റിപ്പോർട്ടിൽ തെറ്റായ പരാമർശങ്ങൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കാൻ റിപ്പോർട്ടു തയ്യാറാക്കിയ കളക്ടറെ സമീപിച്ച് ആവശ്യപ്പെടണം എന്നാണ് കോടതി വിധിച്ചത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിലോ മുഖ്യമന്ത്രിയിൽ വിശ്വാസമോ ഇല്ലാത്ത മന്ത്രിയെ അയോഗ്യനാക്കാനുള്ള ഏറ്റവും ഉത്തമമായ സാഹചര്യമാണെന്ന് രാവിലെ ഹർജി പരിഗണിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചിരുന്നു.