തിരുവനന്തപുരം: ഭരണപക്ഷത്തെ മന്ത്രിയും എംഎൽഎയും ഭൂമി കൈയേറ്റ വിഷയത്തിൽ പ്രതിക്കൂട്ടിലായിട്ടും അവർക്കെതിരെ ചെറുവിരൽ അനക്കാത്ത പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റേയും നിലപാടിനെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ അസ്വസ്ഥത പുകയുന്നു. കുട്ടനാട്ടിലെ ലേക്ക് റിസോർട്ടുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും അതിനെതിരെ പ്രതികരിക്കാൻ പോലും രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ തയാറാകാത്തത് ദുരൂഹമാണ്.

മന്ത്രിയുടെ അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെ തോമസ് ചാണ്ടിയുടെ പാർട്ടിയായ എൻസിപിയിൽ നിന്നു പോലും പ്രതികരണം ഉണ്ടാകുന്നതിനിടയിലാണ് കോൺഗ്രസ് നേതാക്കൾ കുറ്റകരമായ മൗനം അവലംബിക്കുന്നത്. നിയമസഭ സമ്മേളനം നടക്കുന്ന കാലമായിട്ടും പോലും മന്ത്രിക്കെതിരായ ആരോപണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ ഉമ്മൻ ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്‌ക്കോ സാധിച്ചിട്ടില്ല.തോമസ് ചാണ്ടിയുമായി രാഷ്ട്രീയഭേദമന്യേ നേതാക്കൾക്കുള്ള ബന്ധമാണ് ഇതു സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.

പണക്കാർക്കു വേണ്ടി രാഷ്ട്രീയത്തിന് അതീതമായി നിയമ സംവിധാനങ്ങളും ഭണകൂടങ്ങളും മുട്ടുവളയ്ക്കുമെന്നതനിനുള്ള ഉദാഹരണങ്ങളാണ് മന്ത്രി തോമസ് ചാണ്ടിയും പിവി അൻവർ എംഎ‍ൽഎയും. പരിസ്ഥിതി ലോല മേഖലയായ കക്കാടംപൊയ്കയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി പിവി അൻവർ എംഎൽഎ പണിതുയർത്തിയ വാർട്ടർ തീം പാർക്കിന് യുഡിഎഫ് ഭരണസമിതിയുള്ള പാഞ്ചായത്താണ് അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്.

ഭരണപക്ഷത്തെ മുൾമുനയിൽ നിർത്താവുന്ന നിരവധി ആരോപണങ്ങൾ ഉയർന്നു വന്നിട്ടും പ്രതിപക്ഷ നേതാവെന്ന നിലയിൽ താനൊരു തികഞ്ഞ പരാജയമാണെന്ന് രമേശ് ചെന്നിത്തല തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് കോൺഗ്രസിലെ യുവനേതാക്കൾ കുറ്റപ്പെടുത്തുന്നത്. കോവളം കൊട്ടാരം രവിപിള്ളയ്ക്ക് തീറെഴുതിയ സംഭവത്തിൽ പോലും ചെന്നിത്തലയിൽ നിന്ന് ശക്തമായ പ്രതിരോധമോ പ്രതിഷേധമോ ഉയർന്നു വന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സഭാ സമ്മേളന കാലയവായിട്ടും ഒപ്പമുണ്ടായിരുന്ന ഒരു എംഎൽഎയെ ജയിലിൽ അടച്ച സംഭവം ചർച്ചയാക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിലായ എം വിൻസെന്റ് എംഎൽഎയെ പൂർണമായും കൊയ്യൊഴിഞ്ഞെന്ന സന്ദേശമാണ് കേൺഗ്രസ് നേതാക്കൾ നൽകുന്നതെന്നാണ് യുവനേതാക്കൾ കുറ്റപ്പെടുത്തുന്നത്.

മന്ത്രി തോമസ് ചാണ്ടിക്ക് എതിരായ ആരോപണങ്ങളിൽ രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ ഇടപെടാത്തതിൽ പ്രതിപക്ഷനിരയിലെ യുവ എംഎൽഎമാർക്കു പോലും പ്രതിഷേധമുണ്ട്. മന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും കെപിസിസി പ്രസിഡന്റ് എംഎം ഹസനും ഇതുവരെ അറിഞ്ഞമട്ട് കാണിച്ചിട്ടില്ല. ആലപ്പുഴയിൽ നിന്നുള്ള ഒരു കെപിസിസി ഭാരവാഹി ലേക്ക് പാലസിലെ സ്ഥിരതാമസക്കാരനാണെന്ന ആരോപണവും യുവ നേതാക്കൾ ഉന്നയിക്കുന്നുണ്ട്.

ഇതിനിടെ ഹസന്റെ പൂർണ നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ചാനലും ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മന്ത്രി ചാണ്ടിക്ക് എതിരായ വാർത്തകളൊന്നും കൊടുക്കേണ്ടതില്ലെന്ന ഉത്തവ് വാക്കാൽ ലഭിച്ചിട്ടുണ്ടെന്ന് ചാനലിലെ ജീവനക്കാരും പറയുന്നു. ചാനൽ സിഇഒ കെപി മോഹനനും മന്ത്രി തോമസ് ചാണ്ടിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. തൊണ്ണൂറുകളുടെ  തുടക്കത്തിൽ കുവൈറ്റിലെ ഇന്ത്യൻ സ്‌കൂളുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിലും ഇരുവരും കൂട്ടുപ്രതികളായിരുന്നു. പ്രമാദമായ പെൺവാണിഭ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ നേരത്തെ ആരോപണം ഉയർന്നു വരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചാണ്ടിക്ക് എതിരായ വാർത്തയ്ക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയ നടപടിയും ചർച്ചയായിരിക്കുന്നത്.

മന്ത്രി ചാണ്ടിക്കെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തയാറായിട്ടില്ല. ജില്ലയിൽ നിന്നുള്ള മദ്യപാനികളായ കോൺഗ്രസുകാരുടെയെല്ലാ ഇടത്താവളമായാണ് ചാണ്ടിയുടെ ലേക്ക് പാലസ് അറിയപ്പെടുന്നത്. ജില്ലയിൽനിന്നുള്ള രണ്ട് അഖിലേന്ത്യാ നേതാക്കളായ കെസി വേണുഗോപാലോ പിസി വിഷ്ണുനാഥോ ചാണ്ടിയുടെ തട്ടിപ്പിനെതിരെ വാ തുറക്കാൻ ഇതുവരെ തയാറായിട്ടില്ല. ഇതിനിടെ പിജെ കുര്യൻ എംപി ലേക്ക് പാലസിലേക്കുള്ള റോഡ് പണിയാൻ എംപി ഫണ്ടിൽനിന്ന് പണം അനുവദിച്ചതും കോൺഗ്രസിനു നാണക്കേടായി. ഡിസിസി അധ്യക്ഷൻ എം ലിജു പ്രദേശികമായി ചില സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നേതാക്കളുടെ കാലുവാരലിൽ ഇതു വേണ്ടത്ര ക്ലച്ചു പിടിക്കുന്നില്ല. കോൺഗ്രസിലെ ഹരിത എംഎൽഎമാരും ചാണ്ടിക്കോ പിവി അൻവറിനോ എതിരെ മിണ്ടാത്തത് പണക്കൊഴുപ്പിന്റെ ശക്തി വെളിവാക്കുന്നതാണെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്.

ഇതിനിടെ ചാണ്ടിയുടെ കൈയേറ്റത്തിനെതിരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി രംഗത്തെത്തിയതും ശ്രദ്ധേയമാണ്. ആതിരപ്പിള്ളി വിഷയത്തിൽ ഉൾപ്പെടെയുള്ള എകെ ആന്റണിയുടെ പ്രതികരണം സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളെയും വെട്ടിലാക്കിയിട്ടുണ്ട്. ഇതിനിടെ ആന്റണി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നെന്ന അഭ്യൂഹങ്ങളും യുവനേതാക്കൾക്കിടയിൽ സജീവ ചർച്ചയായിട്ടുണ്ട്.