തിരുവനന്തപുരം: ഇടതു മന്ത്രിസഭയിലെ മൂന്നാമത്തെ വിക്കറ്റ് ഇന്ന് വീഴുമോ എന്ന ചോദ്യം ഉയരുന്നതിനിടെ തലസ്ഥാനത്ത് നിർണായക എൽഡിഎഫ് യോഗം തുടങ്ങി. മുഖ്യമന്ത്രി പിണറായിയും മന്ത്രി തോമസ് ചാണ്ടിയുമുൾപ്പെടെ പങ്കെടുക്കുന്ന യോഗം രണ്ടുമണിയോടെയാണ് തുടങ്ങിയത്. മന്ത്രി തോമസ് ചാണ്ടിയുടെ രാജിസമ്മർദ്ദം ശക്തമാകുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് ഇന്ന് തിരക്കിട്ട കൂടിക്കാഴ്‌ച്ചകളും നടന്നിരുന്നു.

ഇതേത്തുടർന്നാണ് എൽഡിഎഫ് ചേരുന്നത്. ഇതോടെ ഇന്നത്തെ തീരുമാനം തോമസ് ചാണ്ടിയുടെ കാര്യത്തിൽ നിർണായകമായി. മന്ത്രിസ്ഥാനം നിലനിർത്താൻ വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് എൻസിപി. മുന്നണി യോഗം ചേരുന്നതിന് മുന്നോടിയായി ഇന്ന് തലസ്ഥാനത്ത് കൂടിയാലോചനകൾ നടക്കുന്നുണ്ട്. ഇതിനായി ദേശീയ നേതൃത്വം വഴി സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. ചാണ്ടി രാജിവച്ചാൽ പാർട്ടിക്ക് മന്ത്രിയുണ്ടാകില്ല എന്നതാണ് പ്രധാന പ്രശ്നം. തോമസ് ചാണ്ടി രാജിവെക്കേണ്ടന്നാണ് പാർട്ടിയുടെ നിലപാടെന്ന് എൻസിപി നേതാക്കൾ വ്യക്തമാക്കി.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ആരും രാജിവച്ചിട്ടില്ലെന്ന് പാർട്ടി വർക്കിങ് പ്രസിഡന്റ് ടി.എൻ പീതാംബരൻ മാസ്റ്റർ പറഞ്ഞു. അതേസമയം, ഫോൺവിളി വിവാദത്തിൽ എ.കെ ശശീന്ദ്രൻ കുറ്റവിമുക്തനായി തിരിച്ചുവന്നാൽ തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഒഴിഞ്ഞുനൽകും. അത് തോമസ് ചാണ്ടി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. വസ്തുതകളും രേഖകളും പരിശോധിച്ച ശേഷമാണ് മന്ത്രി രാജിവയ്ക്കകുക. സർക്കാർ പരിശോധന നടത്തിയിട്ടുണ്ട്. കലക്ടറുടെ റിപ്പോർട്ടും നിയമോപദേശവും ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് എൻ.സി.പിക്ക് അറിയില്ല. അതുകൊണ്ട് അഭിപ്രായം പറയാനില്ല. തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് പറയുന്ന ഒരു വസ്തുതയും എൻ.സി.പി കണ്ടെത്തിയിട്ടില്ല. എൽ.ഡി.എഫ് യോഗം കൂടിയ ശേഷമേ അജണ്ട തീരുമാനിക്കൂ.

തോമസ് ചാണ്ടി രാജിവയ്ക്കുകയോ ഇല്ലയോ എന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല. കുറ്റവാളിയാണെന്ന് സ്ഥാപിക്കപ്പെടാത്ത കാലത്തോളം മന്ത്രി രാജിവയ്ക്കേണ്ടതില്ല. നാളെ മന്ത്രിയായി തോമസ് ചാണ്ടി ഉണ്ടാവില്ലെന്ന് പറയാനുമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ എൻസിപി നേതാക്കളായ മാണി സി കാപ്പൻ, സുൾഫിക്കർ മയൂരി എന്നിവരാണ് തോമസ് ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മന്ത്രി രാജിവെക്കില്ലാന്നാണ് നിലപാടെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.

തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് ഇടതുമുന്നണി യോഗം ചേരുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിക്ക് എകെജി സെന്ററിലാണ് യോഗം. മന്ത്രിസ്ഥാനത്തുനിന്നുള്ള തോമസ്ചാണ്ടിയുടെ രാജി അനിവാര്യമെന്ന് സിപിഐ.യും നിയമലംഘനം തെളിഞ്ഞാൽ സംരക്ഷിക്കില്ലെന്ന് സിപിഎമ്മും നിലപാട് കൈക്കൊണ്ട പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി എകെജി സെന്റെറിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുമായി ചർച്ച നടത്തി. എൻസിപിയെ പിണക്കാതെ എങ്ങനെ രാജിവെപ്പിക്കാം എന്ന ആലോചനയിലാണ് നേതാക്കൾ.

സി.പി.എം നേതൃത്വം മന്ത്രിയെ കുറ്റക്കാരനായി കാണുന്നില്ലെന്നാണ് വിലയിരുത്തൽ. എജിയുടെ നിയമോപദേശം തോമസ് ചാണ്ടിയെ കുറ്റക്കാരനായി വിലയിരുത്തിക്കൊണ്ടുള്ളതല്ല. അതുകൊണ്ട് രാജി എന്ന ആവശ്യം സി.പി.എം മുന്നണി യോഗത്തിൽ വയ്ക്കില്ല. പകരം, യോഗത്തിലുണ്ടാകുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാമെന്നുമാണ് ധാരണ. എ.കെ ശശീന്ദ്രന് തിരികെ മന്ത്രിസ്ഥാനത്തേയ്ക്കു വരാനുള്ള നിർദ്ദേശം എൻസിപി മുന്നോട്ടുവച്ചാൽ മുന്നണി അത് സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

മന്ത്രി ഭൂമി കൈയേറിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങളുൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് തള്ളിക്കളയാനാകില്ലെന്നും സർക്കാരിന് ഭാവി കാര്യങ്ങൾ സ്വീകരിക്കാമെന്നുമാണ് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് നിയമോപദേശം നൽകിയത്. തോമസ് ചാണ്ടി കൈയേറ്റം ന്യായീകരിച്ച് നടത്തിയ പ്രസ്താവനകൾ അതിരു കടന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചിരുന്നു. ചാണ്ടിയെ പിന്തുണക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സി.പി.എം സംസ്ഥാന നേതൃത്വം എത്തിച്ചേരുകയും സെക്രട്ടേറിയറ്റ് യോഗം പ്രശ്‌നം ഗുരുതരമാണെന്ന് വിലയിരുത്തുകയും ചെയ്തു. മന്ത്രിസഭ കളക്ടറുടെ റിപ്പോർട്ട് നിയമോപദേശത്തിന് വിട്ടതോടെ അൽപ്പം സമയം നീട്ടി നൽകുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ നിലപാട് ശക്തമാക്കുകയായിരുന്നു.

കൈയേറ്റം കണ്ടെത്തിയ സാഹചര്യത്തിൽ തോമസ് ചാണ്ടി എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് വെള്ളിയാഴ്ച ചേർന്ന സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനമെടുത്തത്. നിയമോപദേശം ലഭിച്ചാൽ ഉടൻ അനന്തര നടപടി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. നിയമോപദേശം പ്രതികൂലമായ സാഹചര്യത്തിൽ സി.പി.എം എന്തു തീരുമാനിക്കുമെന്നാണ് ഇനി അറിയേണ്ടത്.