തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ശേഷം തോമസ് ചാണ്ടി രാജി പ്രഖ്യാപിച്ചിരുന്നില്ല. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് തോമസ് ചാണ്ടി പറയുകയും ചെയ്തു. എന്നാൽ തോമസ് ചാണ്ടി പങ്കെടുത്ത മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തിരുന്നില്ല. ഇത് ബഹിഷ്‌കരണം തന്നെയായിരുന്നു. സിപിഐ സെക്രട്ടറി കാനം രാജന്ദ്രേൻ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടി രാജി പ്രഖ്യാപിച്ചത്. ഇടതു മുന്നണിക്ക് വേണ്ടി മാറി നിൽക്കാമെന്നാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. തൽകാലത്തേക്ക് മാറിനിൽക്കാമെന്നാണ് തോമസ് ചാണ്ടിയുടെ പ്രഖ്യാപനം.

എൻസിപി ദേശീയ അധ്യക്ഷൻ പീതാംബരൻ മാസ്റ്ററുമൊത്താണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാൻ ക്ലിഫ് ഹൗസിലെത്തിയത്. കൈയേറ്റ വിഷയത്തിൽ ഹൈക്കോടതി നിലപാട് എതിരായപ്പോൾ തന്നെ രാജി അനിവാര്യമാണെന്ന സൂചന തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാനം ഒഴിയുന്നത്. തോമസ് ചാണ്ടി രാജിവച്ച സാഹചര്യത്തിൽ എകെ ശശീന്ദ്രന്റെ ഹണിട്രാപ്പിൽ കോടതി തീരുമാനം അനുകൂലമായാൽ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് പീതാംബരൻ മാസ്റ്റർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ ലേക്ക പാലസിലെ കൈയേറ്റമാണ് തോമസ് ചാണ്ടിക്ക് വിനയായത്. ഭൂമികൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനമേറ്റുവാങ്ങേണ്ടിവന്ന മന്ത്രി തോമസ് ചാണ്ടിക്ക് രാജിയല്ലാതെ മറ്റൊരു മാർഗ്ഗം ഇല്ലാതെയായി. മന്ത്രിസഭാ യോഗത്തിന് മുമ്പ് രാവിലെ എട്ട് മണിക്ക് അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. ഇതോടെ ഒന്നര വർഷത്തിനിടെ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്ന മൂന്നാമനായി തോമസ് ചാണ്ടി. മൂന്നു പേരും ആരോപണ വിധേയരായാണ് രാജി വച്ചത്. ബന്ധുത്വ നിയമന വിവാദമാണ് മന്ത്രിസഭയിലെ രണ്ടാമനായ ഇപി ജയരാജന്റെ സ്ഥാനം തെറിപ്പിച്ചത്. ഹണിട്രാപ്പിൽ കുടുങ്ങി ശശീന്ദ്രന് രാജി വയ്ക്കേണ്ടി വന്നതോടെ പകരക്കാരനായി തോമസ് ചാണ്ടി എൻസിപി പ്രതിനിധിയായി മന്ത്രിയായി. എന്നാൽ കൈയേറ്റത്തിലെ വിവാദ വാർത്തകൾ തോമസ് ചാണ്ടിക്ക് തിരിച്ചടിയായി.

മുഖ്യമന്ത്രി പറഞ്ഞാൽ സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ മാറി നിൽക്കുമെന്നും പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് എയർ ഇന്ത്യ വിമാനത്തിൽ മന്ത്രി തിരുവനന്തപുരത്തേക്ക് പോയത്. തോമസ് ചാണ്ടി നൽകിയ ഹർജി തള്ളിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തേ മന്ത്രിക്കെതിരെ രൂക്ഷമായ പരാമർശങ്ങൾ നടത്തിയിരുന്നു. ആലപ്പുഴ ജില്ലാകളക്ടറുടെ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഹൈക്കോടതിവിധിയും പാർട്ടിയിലെ ഭൂരിപക്ഷ വികാരവും എതിരായതോടെ, കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി പിടിച്ചുനിൽക്കാൻ തോമസ് ചാണ്ടി ശ്രമിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിതന്നെ ഡൽഹിക്ക് പോകാനും ഒരുങ്ങി. സുപ്രീംകോടതിയിൽ പോകുന്നതിനായി ഡൽഹിക്കുപോകുന്നുവെന്നാണ് അദ്ദേഹം പാർട്ടി നേതാക്കളോട് പറഞ്ഞത്.

സി.പി.എം. രാജിക്കായി പിടിമുറുക്കുമ്പോൾ സംസ്ഥാനത്ത് നിന്ന് തൽക്കാലത്തേക്ക് മാറിനിൽക്കാനും ഡൽഹിയിൽ ചെന്ന് കേന്ദ്ര നേതൃത്വത്തെ കാര്യങ്ങൾ ധരിപ്പിക്കാനുമായിരുന്നു ചാണ്ടിയുടെ അവസാന ശ്രമം. എന്നാൽ മന്ത്രി ഡൽഹിക്കുപോകുന്നുവെന്ന വാർത്ത വന്നയുടനെ മന്ത്രിയെയും കൂട്ടി തിരുവനന്തപുരത്ത് എത്തണമെന്ന സി.പി.എം.സന്ദേശം ടി.പി.പീതാംബരന് ലഭിച്ചു. ഡൽഹിക്കുപോകാനിരുന്ന മന്ത്രി അതോടെ യാത്ര തിരുവനന്തപുരത്തേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിലെത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജി ഇനിയും നീട്ടിക്കൊണ്ടുപോകുന്നത് കൂടുതൽ ദോഷം ചെയ്യുമെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായതെന്നാണ് സൂചന. ഇതോടെയാണ് തോമസ് ചാണ്ടി തിരുവനന്തപുരത്ത് പറന്നെത്തിയത്. മുഖ്യമന്ത്രിയുടെ മനസ്സറിഞ്ഞ് രാജിവയ്ക്കുകയും ചെയ്തു. തോമസ് ചാണ്ടിക്കൊപ്പം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിയിൽ നിന്നും രാജി മുഖ്യമന്ത്രി വാങ്ങിയതും.