കുവൈത്ത് സിറ്റി: മന്ത്രിസ്ഥാനം ഉപേക്ഷിച്ച എൻസിപി നേതാവ് തോമസ് ചാണ്ടി വീണ്ടും വിവാദത്തിൽ. കുവൈത്തിൻ ഇന്ത്യൻ സ്‌കൂൾ നടത്തുന്ന തോമസ് ചാണ്ടി പുതിയൊരു സ്ഥലത്തേക്ക് തന്റെ സ്‌കൂൾ പറിച്ചു നടാൻ നടത്തിയ നീക്കമാണ് വിവാദത്തിൽ പെട്ടത്. ചാണ്ടിയുടെ ഉടമസ്ഥതയിൽ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ കുട്ടികളെ മുന്നറിയിപ്പുകളൊന്നുമില്ലാതെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കം രക്ഷിതാക്കൾക്കിടയിൽ കടുത്ത എതിർപ്പിന് ഇടയാക്കി. സാമൂഹ്യ വിരുദ്ധരുടെ താവളമായി അറിയപ്പെടുന്ന ഹസ്സാവിയിൽ പണി തീർത്ത പുതിയ സ്‌കൂൾ മന്ദിരത്തിലേക്കാണ് 9,10 ക്ലാസുകളിലെ വിദ്യാർത്ഥികളെ മാറ്റുന്നത്. പുതിയ അധ്യായന വർഷം മുതൽ പരിഷ്‌ക്കാരം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ക്രിമിനലുകളുടെ താവളമായ പ്രദേശത്ത് സ്‌കൂൾ മാറ്റി സ്ഥാപിക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ അടക്കം കടുത്ത ആശങ്കയാണ് രക്ഷിതാക്കൾക്കുള്ളത്.

മലയാൡകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അബ്ബാസിയ. ഇവിടെയാണ് ചാണ്ടിയുടെ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം കൂടി കണക്കിലെടുത്താണ് പലപ്പോവും മലയാളികൾ ഇവിടെ താമസിക്കുന്നത്. ്എന്നാൽ സ്‌കൂളിന്റെ പുതിയ മന്ദിരം പുതിയ സ്‌കൂൾ ഇവിടെ നിന്നും കിലോമീറ്ററുകൾ അകലെയുള്ള ഹസ്സാവിയിലാണ്. രക്ഷിതാക്കൾപോലും സഞ്ചരിക്കാൻ മടിക്കുന്ന ലേബർ ക്യാമ്പും കള്ളന്മാരും മറ്റുമുള്ള സ്ഥലമാണിത്. വൃത്തിഹീനവും സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്നതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കുന്നത്. ആശങ്ക പങ്കുവെക്കാൻ രക്ഷിതാക്കൾ മാനേജ്‌മെന്റിനെ സമീപിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല.

യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ എന്നാണ് ഹസ്സാവിയയിലെ പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ബോർഡ്. അങ്ങനെയെങ്കിൽ പുതിയ സ്‌കൂളിലേക്ക് വിദ്യാർത്ഥികളെ എത്തിച്ച് മികച്ച റിസൾട്ടും സൃഷ്ടിച്ച് സ്‌കൂൾ വിജയിപ്പിക്കുന്നതിനുള്ള നീക്കമാണോ ഇതെന്നാണ് രക്ഷിതാക്കളുടെ സംശയം. കുട്ടികൾ എത്താൻ മടിക്കുന്ന പ്രദേശത്തേക്ക് തുടക്കത്തിൽ കുറെ കുട്ടികളെ എത്തിക്കാനായാൽ പിന്നെ ഇവിടെയ്ക്ക് കുട്ടികളെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് ഇവർ കണക്കുകൂട്ടുന്നത്.

അതേസമയം 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് മാനെജ്‌മെന്റ് സമ്മർദ്ദം ചെലുത്തിയാൽ അനുസരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല. കാരണം ഈ ക്ലാസുകളിലേക്ക് മറ്റൊരു സ്‌കൂളിൽ അഡ്‌മിഷൻ കിട്ടാൻ പ്രയാസമാണ്. അതിനാൽ തന്നെ താല്പര്യമില്ലാത്തവർ ടി സിയും വാങ്ങി പൊയ്‌ക്കൊള്ളാനാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഇതോടെ കുട്ടികളും രക്ഷിതാക്കളും ത്രിശങ്കുവിലായിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം കാണാനായി തോമസ് ചാണ്ടി കുവൈറ്റിൽ രക്ഷിതാക്കളുടെ യോഗം വിളിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് യോഗം അലങ്കോലമാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രക്ഷിതാക്കളെ വീണ്ടും ചർച്ചയ്ക്ക് വിളിച്ചെങ്കിലും അവിടെയും തീരുമാനമായില്ല. 9, 10 ക്ലാസുകളിലെ കുട്ടികളെ നിലവിൽ ഉണ്ടായിരുന്നതുപോലെ അബ്ബാസിയയിലെ സ്‌കൂളിൽ തന്നെ നിലനിർത്തണമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിൽക്കുകയാണ്.

എന്നാൽ ഹസ്സാവിയിലെ പുതിയ സ്‌കൂളിലേക്ക് മാറ്റുമ്പോൾ കുട്ടികൾക്ക് ഒരു വർഷത്തെ സൗജന്യ ട്രാൻസ്‌പൊർട്ടേഷൻ നൽകാമെന്നാണ് ഇപ്പോൾ മാനേജ്‌മെന്റിന്റെ വാഗ്ദാനമത്രേ. ഇത് ആദ്യം കുട്ടികളുടെ പഠനം തീരുംവരെയെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീടത് ഒരു വർഷം എന്നാക്കി മാറ്റുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു. ഉന്നത നിലവാരമുള്ള ലാബ് സൗകര്യമാണ് പുതിയ സ്‌കൂളിൽ എന്നൊക്കെയാണ് മാനെജ്‌മെന്റ് വാഗ്ദാനം. മാത്രമല്ല, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കുമെന്നും സ്‌കൂൾ അധികൃതർ പറയുന്നു. എന്നാൽ, ഇതൊന്നും രക്ഷിതാക്കളുടെ ആശങ്ക അകറ്റിയിട്ടില്ല. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.