തിരുവനന്തപുരം: മാർത്താണ്ഡം കായൽ കൈയേറിയ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒടുവിൽ നാണം കെട്ട് രാജിവെച്ചു. മന്ത്രിക്കെതിരെ കലക്ടറുടെ റിപ്പോർട്ടുണ്ടായതും ഈ റിപ്പോർട്ടിനെതിരെ ഹൈക്കോടതിയിൽ പോയപ്പോഴേറ്റ കനത്ത പ്രഹരവുമാണ് തോമസ് ചാണ്ടിയുടെ രാജിയിലേക്ക് എത്തിയത്. അവസാന നിമിഷം വരെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ ശ്രമിച്ച ചാണ്ടിക്ക് അടിപതറിയാണ് ഒടുവിൽ രാജിവെക്കേണ്ടി വന്നത്. ഇന്ന് ഉച്ചക്ക് 12.50തോടെയാണ് മന്ത്രി രാജിവെച്ചത്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി പി പീതാംബരൻ മാസ്റ്റർക്ക് രാജിക്കത്ത് കൈമാറിയ ശേഷം തോമസ് ചാണ്ടി കൊച്ചിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. പൊലീസ് അകമ്പടിയോടെയാണ് രാജിവെച്ച ശേഷവും ചാണ്ടി യാത്ര ചെയ്തത്.

ഔദ്യോഗിക വാഹനത്തിലാണ് ചാണ്ടിയുടെ യാത്ര. ഇതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട പീതാംബരൻ മാസ്റ്റർ രാജിക്കത്ത് അദ്ദേഹത്തിന് കൈമാറുകയായിരുന്നു. ഇന്ന് ചേർന്ന എൻസിപി നേതൃയോഗത്തിലാണ് തോമസ് ചാണ്ടി രാജിവെക്കാൻ സന്നദ്ധത അറിയിച്ചത്. ഈ തീരുമാനത്തിന് എൻസിപി കേന്ദ്ര നേതൃത്വവും അംഗീകാരം നൽകി. ഇതോടെയാണ് ചാണ്ടിക്ക് രാജി ആസന്നമായത്. തോമസ് ചാണ്ടിയുടെ രാജിക്കത്ത് ഗവർണർക്ക് അയച്ചു കൊടുത്തിട്ടുണ്ട്. നിലവിൽ ഗതാഗത വകുപ്പ് മുഖ്യമന്ത്രി തന്നൈ കൈകാര്യം ചെയ്യും. എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടാനാണ് ധാരണയായത്. രണ്ട് എംഎൽഎമാർക്കുമെതിരെ കേസ് നിലനിൽക്കുന്നതിനാൽ ആദ്യം കുറ്റവിമുക്തനാകുന്നയാൾ മന്ത്രിയാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

അതേസമയം ചാണ്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അവസാന നിമിഷം വരെ ശ്രമം നടത്തിയെങ്കിലും സിപിഐയുടെ കടുത്ത എതിർപ്പിലാണ് ഈ നീക്കം പൊളിഞ്ഞത്. ഉപാധികളോടെയാണോ രാജിയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യം പറയാനാകില്ലെന്ന് എ കെ ശശീന്ദ്രൻ എംഎൽഎയും മാധ്യമങ്ങളോട് വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തൽക്കാലം മാറിനിൽക്കാമെന്നാണ് തോമസ് ചാണ്ടി അറിയിച്ചത്. ആരോപണങ്ങൾ സത്യമല്ലെന്ന് തെളിയിക്കുന്നതുവരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ സന്നദ്ധനാണ്. സുപ്രിംകോടതിയിൽ നിയമപോരാട്ടം നടത്തി സത്യം തെളിയിക്കുമെന്നും ചാണ്ടി വ്യക്തമാക്കിയെന്നാണ് അറിയുന്നത്.

കായൽ കയ്യേറ്റവുമായി ബന്ധപ്പെട്ട കളക്ടറുടെ റിപ്പോർട്ട് തിരുത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് ചാണ്ടിയുടെ രാജി നിർബന്ധിതമായത്. സർക്കാരിനെതിരെ മന്ത്രി തന്നെ ഹർജിയുമായെത്തിയതിനെതിരെ ഹൈക്കോടതി ഇന്നലെ രൂക്ഷ വിമർശനമുന്നിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ തോമസ് ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമുയർന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത തോമസ് ചാണ്ടി അറിയിച്ചത്.

രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പിണറായി വിജയനുമായി മന്ത്രി തോമസ് ചാണ്ടി നടത്തിയ കൂടിക്കാഴ്ച നടത്തിയിരുന്നു. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും മന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഈ അവസരത്തിൽ മുഖ്യമന്ത്രി രാജി ആവശ്യത്തിൽ തീരുമാനം തിരക്കിയിരുന്നു. എൻസിപി ദേശീയ നേതൃത്വവുമായി ആലോചിക്കണമെന്ന ആവശ്യം നേതാക്കൾ മുഖ്യമന്ത്രിക്ക് മുന്നിൽ വെക്കുകയും ചെയ്തു. ഇത് പ്രകാരം തീരുമാനമെടുക്കാൻ മുഖ്യമന്ത്രി സമയം നൽകുകയും ചെയതു. തുടർന്ന് കേന്ദ്രനേതൃത്വവുമായി ചർച്ച നടത്തിയ ശേഷം രാജി എഴുതു നൽകുകയായിരുന്നു.

തോമസ് ചാണ്ടി രാജിവയ്ക്കുന്നതിനു പകരം അവധിയെടുത്തു മാറിനിൽക്കുന്ന കാര്യവും എൻസിപി പരിഗണിച്ചെങ്കിലും. അതൊന്നും അംഗീകരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ചികിൽസയ്ക്കായി തോമസ് ചാണ്ടി യുഎസിലേക്കു പോകാനിരിക്കുകയാണ്. അതിനാൽ രാജി വയ്ക്കുന്നതിനു പകരം അവധിയെടുക്കാനാണ് സാധ്യതയെന്നും വാർത്തകൾ വന്നിരുന്നു.

കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടർ ടി.വി അനുപമ നൽകിയ റിപ്പോർട്ടിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോഴായിരുന്നു ഹർജി തള്ളിക്കൊണ്ട് കോടതി മന്ത്രിയെ രൂക്ഷമായി വിമർശിച്ചത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം ഇല്ല എന്ന് വരെ കോടതി നിരീക്ഷിച്ചു. തുടർന്ന് തോമസ് ചാണ്ടിയോട് ദന്തഗോപുരത്ത് നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനായി നിയമത്തെ നേരിടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിക്ക് പിന്നാലെ കൊച്ചിയിൽ ചേർന്ന എൻ.സി.പിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലും മന്ത്രിയുടെ രാജിക്കായി മുറവിളിയുണ്ടായിരുന്നു.

ഹൈക്കോടതിയിൽ നിന്നും മുന്നണിയിൽ നിന്നും തിരിച്ചടിയുണ്ടായതോടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പിടിച്ച് നിൽക്കാനായിരുന്നു തോമസ് ചാണ്ടിയുടെ ശ്രമം. ഇതിനായി ഇന്നലെ രാത്രി തന്നെ തോമസ് ചാണ്ടി ഡൽഹിയിലേക്ക് പോവാനൊരുങ്ങിയിരുന്നു. എന്നാൽ യാത്ര റദ്ദാക്കി ഉടൻ തിരുവനന്തപുരത്തേക്ക് മടങ്ങണമെന്ന് തോമസ് ചാണ്ടിക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നു. തുടർന്നാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി രാജിവെക്കാൻ തീരുമാനിച്ചത്.