ബാങ്കോക്ക്: പതിനാല് തവണ ചാംപ്യന്മാരായ ഇന്തോനേഷ്യയെ 3-0ത്തിന് തകർത്ത് തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ആദ്യമായി കിരീടം നേടിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.

തോമസ് കപ്പിൽ ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇൻഡൊനീഷ്യയെ ആദ്യ മൂന്ന് മത്സരങ്ങളിലും കീഴടക്കിയാണ് ഇന്ത്യ കിരീടമുറപ്പിച്ചത്. 73 വർഷം പഴക്കമുള്ള ടീം ടൂർണമെന്റിന്റെ ചരിത്രത്തിൽ തങ്ങളുടെ ആദ്യ സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്.

14 തവണ ചാമ്പ്യന്മാരായ ഇൻഡൊനീഷ്യയ്ക്കെതിരേ കിഡംബി ശ്രീകാന്തും സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയ്ക്കായി ജയമൊരുക്കിയത്.

ഫൈനലിലെ ആദ്യ സിംഗിൾസ് പോരാട്ടത്തിൽ ലക്ഷ്യ സെൻ, എ. ഗിന്റിങ്ങിനെ (8-21, 21-17, 21-16) തകർത്തതോടെ ഇന്ത്യ 1-0ന് ലീഡെടുത്തു. തുടർന്ന് നടന്ന ഡബിൾസ് പോരാട്ടത്തിൽ സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സൻ - കെവിൻ സഞ്ജയ സുകമുൽജോ സഖ്യത്തെ 18-21, 23-21, 21-19 എന്ന സ്‌കോറിന് മറികടന്ന് ഇന്ത്യയുടെ ലീഡ് 2-0 ആക്കി ഉയർത്തി.

ഫൈനലിലെ നിർണായകമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത്, ജൊനാതൻ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തതോടെ ഇന്ത്യ ചരിത്ര സ്വർണം സ്വന്തമാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി , ദേശീയ ടീം ചീഫ് കോച്ച് പുല്ലേല ഗോപിചന്ദ് എന്നിവർ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോൾ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറും ടീമിനെ പ്രകീർത്തിച്ച് രംഗത്തെത്തി. അതോടൊപ്പം പാരിതോഷികവും പ്രഖ്യാപിച്ചു. ഒരു കോടിയാണ് ടീം ഇന്ത്യക്ക് ലഭിക്കുക. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ചരിത്രം രചിച്ചിരിക്കുന്നു. തോമസ് കപ്പ് കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിന് അഭിനന്ദനങ്ങൾ. അസാധാരണമായ നേട്ടമാണിത്. ശക്തരായ മലേഷ്യ, ഡെന്മാർക്ക്, ഇന്തോനേഷ്യ എന്നിവർക്കെതിരെ ഇന്ത്യ ജയിക്കുകയുണ്ടായി. 14 തവണ ചാംപ്യൻഷിപ്പ് നേടിയ ഇന്തോനേഷ്യയെ തോൽപ്പിക്കുകയെന്നത് മഹത്തായ നേട്ടമാണ്. ടീമിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിക്കുന്നു.'' ഠാക്കൂർ വ്യക്തമാക്കി.

അഭിമാനകരമായ നേട്ടമെന്നാണ് പുല്ലേല ഗോപിചന്ദ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''വിസ്മയിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. 1983ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ജയിച്ചതുപോലെയായിരുന്നത്. അല്ലെങ്കിൽ അതിനേക്കാൾ വലിയ നേട്ടമെന്ന് പറയാം.

ബാഡ്മിന്റൺ ചരിത്രത്തിൽ വലിയ പാരമ്പര്യം അവകാശപ്പെടാനുണ്ട് ഇന്തോനേഷ്യക്ക്. തോമസ് കപ്പിലും അങ്ങനെ തന്നെ. അവരെ തോൽപ്പിക്കുകയെന്നത് ഇന്ത്യ ഉയർന്ന തലത്തിലെത്തിയെന്നാണ്. അടുത്തകാലം വരെ വനിതാ വിഭാഗത്തിൽ സൈന നേവാൾ, പി സിന്ധു എന്നിവരിലൂടെ മാത്രമായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. എന്നാലിപ്പോൾ പുരുഷ താരങ്ങളും മികവ് കാണിക്കുന്നു.

ഈ നേട്ടം ഒരുപാട് പേർക്ക് പ്രചോദനമാകുമെന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് കുട്ടികളെ ബാഡ്മിന്റണിലേക്ക് കൊണ്ടുവരാൻ ഈ നേട്ടം ഉപകരിക്കും. അടുത്തകാലത്ത് ഇത്തരത്തിൽ ഒരുപാട് ബാഡ്മിന്റൺ രംഗത്തേക്ക് വരുന്നത് ഞാൻ കണ്ടിരുന്നു. രാജ്യത്ത് ഒരുപാട് അക്കാദമികൾ ഉയർന്നുവരുന്നുണ്ട്. ഒരുപാട് യുവതാരങ്ങളെ ഉയർത്തികൊണ്ടുവരാൻ അക്കാദമികൾക്ക് സാധിക്കും.'' ഗോപിചന്ദ് പറഞ്ഞു.