ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ പുരുഷ ടീം. മലയാളി താരം എച്ച് എസ് പ്രണോയ് നേടിയ ആവേശജയത്തിന്റെ കരുത്തിൽ മലേഷ്യയെ 3-2ന് തോൽപ്പിച്ച് സെമിയിലെത്തിയ ഇന്ത്യൻ പുരുഷ ടീം തോമസ് കപ്പിൽ ഇന്ത്യയുടെ ആദ്യ മെഡൽ ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്മാരായ മലേഷ്യയെ തകർത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയത്.

2-2 സമനിലയിൽ നിന്ന് പോരാട്ടത്തിനുശേഷം നിർണായക പോരാട്ടത്തിൽ മലയാളി താരം എച്ച് എസ് പ്രണോയ് മലേഷ്യയുടെ ലിയോങ് ജുന്നിനെ തോൽപ്പിച്ചതാണ് ഇന്ത്യയുടെ ചരിത്രനേട്ടത്തിൽ നിർണായകമായത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ വിജയം. സ്‌കോർ 21-3, 21-18. തോമസ് കപ്പിൽ ഇന്ത്യ ഇതുവരെ മെഡൽ നേടിയിട്ടില്ല.

2014ലും 2016ലും ഊബർ കപ്പിൽ ഇന്ത്യൻ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഊബർ കപ്പിൽ പി വി സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തിൽ തോമസ് കപ്പിൽ ടീം ഇനത്തിൽ ഇന്ത്യയുടെ ചരിത്രനേട്ടം.

മലേഷ്യക്കെതിരെ ലോക ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ മെഡൽ ജേതാവായ ലക്ഷ്യ സെൻ മലേഷ്യയുടെ ലീ സി ജിയയോട് തോറ്റു. ഇതുവരെ സി ജിയയോട് തോറ്റിട്ടില്ലാത്ത ലക്ഷ്യ ആദ്യ ഗെയിമിൽ പൊരുതി നോക്കിയെങ്കിലും രണ്ടാം ഗെയിമിൽ പോരാട്ടമില്ലാതെയായിരുന്നു കീഴടങ്ങിയത്. സ്‌കോർ 23-21, 21-9.

എന്നാൽ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം ഡബിൾസിൽ ജയം നേടി ഇന്ത്യയെ 1-1ന് ഒപ്പമെത്തിച്ചു. ഫീ സെ ഗോ, ഇസുദ്ദീൻ നൂർ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യൻ സഖ്യം കീഴടക്കിയത്. സ്‌കോർ 21-19, 21-15.

മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്ത് യങ് സെ എൻജിയെ നേരിട്ടുള്ള ഗെയിമുകളിൽ തോൽപ്പിച്ച് ഇന്ത്യക്ക് ലീഡ് നൽകി. സ്‌കോർ 21-11, 21-17 . എന്നാൽ ഇന്ത്യയുടെ യുവ സഖ്യമായ കൃഷ്ണപ്രസാദ്-പഞ്ചാല വിഷ്ണുവർധൻ സഖ്യത്തെ തോൽപ്പിച്ച് ആൺ ചിയ-ടിയോ യെ ഐ സഖ്യം മലേഷ്യയെ ഒപ്പമെത്തിച്ചു. സ്‌കോർ 21-19, 21-17.

പിന്നീടായിരുന്നു എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന പ്രണോയിയുടെ പോരാട്ടം. നിർമ്മായക പോരാട്ടത്തിൽ അസാമാന്യ മികവിലേക്ക് ഉയർന്ന പ്രണോയ് എതിരാളിക്ക് അവസരം നൽകാതെ വെറും 30 മിനിറ്റിൽ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചു. സ്‌കോർ 21-13, 21-8.