- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ സിംഗിൾസിൽ ഗംഭീര തിരിച്ചുവരവുമായി ലക്ഷ്യ സെൻ; ഡബിൾസിലും വിജയിച്ച് മുന്നേറ്റം; തോമസ് കപ്പ് ഫൈനലിൽ ഇന്തോനേഷ്യക്കെതിരെ ലീഡുയർത്തി ഇന്ത്യ; ആദ്യ ഫൈനൽ പോരാട്ടം ചരിത്രനേട്ടമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ കലാശപ്പോരിൽ ഇന്തോനേഷ്യക്കെതിരെ ലീഡുയർത്തി ഇന്ത്യ. ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ച് മുന്നേറിയപ്പോൾ പിന്നാലെ മറ്റൊരു തിരിച്ചുവരവിലൂടെ പുരുഷ വിഭാഗം ഡബിൾസിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് ലീഡുയർത്തി.
ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് ഷാൻ- കെവിൻ സഞ്ജയ സുകമൽജോ സഖ്യത്തെയാണ് വീഴ്‌ത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടും മൂന്നും ഗെയിമുകൾ നേടിയാണ് ഇന്ത്യൻ സഖ്യം വിജയിച്ചു കയറിയത്. 18-21, 23-21, 21-19.
നേരത്തെ പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെൻ വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. സിംഗിൾസ് പോരാട്ടത്തിൽ ലക്ഷ്യ ഇന്തോനേഷ്യൻ താരം അന്റണി ജിന്റിങിനെ വീഴ്‌ത്തിയാണ് ഇന്ത്യയെ മുന്നിൽ കടത്തിയത്.
ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോർ: 8-21, 21-17, 21-16.
ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ മികച്ച തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ആദ്യ ഗെയിമിൽ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്യ, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളാണ് ഫൈനലിലുള്ളത്. ഇനി ഒരു ഡബിൾസും രണ്ട് സിങ്ൾസും ബാക്കിയുണ്ട്.
73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പിൽ ചരിത്രം സൃഷ്ടിക്കാനാണ് ഇന്ത്യയിറങ്ങിയിട്ടുള്ളത്. 1952ലും 1955ലും 1979ലും സെമിയിലെത്തിയ ഇന്ത്യയുടെ ആദ്യ ഫൈനൽ പോരാട്ടമാണിത്. 1979ലെ സെമിഫൈനലിൽ എതിരാളികൾ ഇന്തോനേഷ്യയായിരുന്നു.
സെമിഫൈനലിൽ ഡെന്മാർക്കിനെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രത്തിലെ നിർണായക നേട്ടമാണ് എച്ച്.എസ്. പ്രണോയ് നയിച്ച സംഘത്തിലൂടെ ഇന്ത്യ കൈവരിച്ചത്.
സ്പോർട്സ് ഡെസ്ക്