റണാകുളം മഹാരാജാസ് കോളജിൽ നിന്നു കേട്ട വാർത്ത ഞെട്ടിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമാണ്. ഞാനും പഠിച്ചത് മഹാരാജാസിലാണ്. ഞങ്ങളുടെ രാഷ്ട്രീയപാഠശാലയായിരുന്നു മഹാരാജാസ്. വായിക്കാനും പഠിക്കാനും അഭിനയിക്കാനും കലാപ്രവർത്തനങ്ങൾക്കും പ്രണയിക്കാനുമൊക്കെ ഇത്രയേറെ സ്വാതന്ത്ര്യം കുട്ടികൾക്ക് നൽകിയിട്ടുള്ള കലാലയം കേരളത്തിൽ അപൂർവമായേ ഉണ്ടാകൂ. സദാചാരപ്പൊലീസിന്റെ കണ്ണുമായി ഒരധ്യാപകനും പ്രിൻസിപ്പലും ഞങ്ങൾക്കു പിന്നാലെ ഉണ്ടായിരുന്നില്ല. സാനുമാഷ്, ലീലാവതി ടീച്ചർ, ഡി. വിനയചന്ദ്രൻ, തോമസ് മാത്യു, കെ. പി. ശശിധരൻ, ജി. എൻ. പണിക്കർ, ടി ആർ, ഭരതൻ മാഷ്, രാമചന്ദ്രൻ സാർ, കെ. അരവിന്ദാക്ഷൻ എന്നിങ്ങനെ നീളുന്നൊരു നിര അദ്ധ്യാപകരുടെ സ്‌നേഹവാത്സല്യങ്ങൾ ആവോളം ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്.

ആ കോളജിലാണ്, സദാചാരപ്പൊലീസിംഗിനെതിരെ പ്രതികരിച്ച കുട്ടികളെ പ്രിൻസിപ്പൽ! സസ്‌പെൻഡു ചെയ്തിരിക്കുന്നത്. കാരണമെന്തുമാകട്ടെ, പാർലമെന്റു തിരഞ്ഞെടുപ്പിനുശേഷം സംഘപരിവാറിനെതിരെ പുതിയ തലമുറയുടെ ആദ്യത്തെ രാജ്യവ്യാപക പ്രതിഷേധമാണിത്. രാഷ്ട്രീയത്തിനതീതമായാണ് ആ പ്രതിഷേധം പടരുന്നത്. അതിന്റെ പ്രാധാന്യം ഈ അദ്ധ്യാപകന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സസ്‌പെൻഡു ചെയ്യപ്പെട്ട കുട്ടികളെ എത്രയും വേഗം കോളജിൽ പ്രവേശിപ്പിച്ച് പ്രശ്‌നം തീർക്കുന്നില്ലെങ്കിൽ പൂർവവിദ്യാർത്ഥികളായ ഞങ്ങൾക്കും ആ സമരത്തിൽ പങ്കെടുക്കേണ്ടി വരും.

അടിയന്തരാവസ്ഥക്കാലത്തിന്റെ കൗതുകകരമായ ഒരു മഹാരാജാസ് ഓർമ്മ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താം. പെൻഗ്വിൻ പ്രസിദ്ധീകരിച്ച സോഷ്യലിസ്റ്റ് കവിതകളുടെ സമാഹാരം അന്നു !ഞങ്ങൾക്കു തന്നത് സാനുമാഷാണ്. ആ സമാഹാരത്തിലെ ഇതിലെ പല കവിതകളും തർജമ ചെയ്തു പ്രസിദ്ധീകരിച്ചു. പൊതിരെ തല്ലും വാങ്ങി. കൂട്ടത്തിൽ ബ്രെഹ്‌തോൾഡ് ബ്രെഹ്തിന്റെ ഒരു കവിതയുമുണ്ടായിരുന്നു.. വിധ്വംസക പ്രവർത്തനങ്ങൾക്കുള്ള ആഹ്വാനമാണ് കവിതയെന്നാരോപിച്ച് പിന്നാലെ പൊലീസെത്തി. ആരെടാ ബ്രെഹ്‌തോൾഡ് ബ്രെഹ്ത് എന്ന ചോദ്യവുമായി ക്ലാസ് മുറികളും വരാന്തകളും കയറിയിറങ്ങിയ പൊലീസുകാരെ ഇന്നും ഞങ്ങൾ മറന്നിട്ടില്ല. ഇന്നത്തെ തലമുറയ്ക്ക് അതുപോലൊരു പരിഹാസ്യമായ ഓർമ്മയാകരുത് പുതിയ പ്രിൻസിപ്പൽ. അതിനുള്ള വിവേകം അദ്ദേഹത്തിനുണ്ടാകണം.