- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആക്രമണമാണ് മികച്ച പ്രതിരോധം എന്ന തിരിച്ചറിവിൽ സിപിഎം; കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് മുഖ്യമന്ത്രി; ബിജെപിയേക്കാൾ ശക്തമായി പ്രതിപക്ഷ നേതാവ് ജുഡീഷ്യൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടെന്നും പിണറായി വിജയൻ
കൊച്ചി: കിഫ്ബിയും സ്വർണക്കടത്തും സജീവ ചർച്ചയിൽ നിർത്താൻ ശ്രമിക്കുന്ന ഇടതുപക്ഷം, ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ നിശബ്ദത പാലിക്കും. കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയുണ്ടെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പിൽ കിഫ്ബി പ്രധാന പ്രചാരണ വിഷയമാക്കാൻ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം വഴി സാധിക്കുമെന്ന നിഗമനത്തിലാണ് ഇടതുപക്ഷം.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന്റെ മറവിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ജുഡീഷ്യൽ അന്വേഷണം എന്നാണ് പിണറായി വിജയൻ പറയുന്നത്. അന്വേഷണം നടത്താൻ സർക്കാരിന് അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന പിണറായി, ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ നിലപാടിനെയും രൂക്ഷമായി വിമർശിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിയേക്കാൾ ശക്തമായി ജുഡീഷ്യൽ അന്വേഷണത്തെ എതിർക്കുന്നത് എന്തുകൊണ്ടാണ് എന്ന് പിണറായി ചോദിക്കുന്നു. അസ്വസ്ഥനാകാതെ അന്വേഷണത്തെ പിന്തുണയ്ക്കുകയാണ് ചെന്നിത്തല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കൽ മത്സ്യബന്ധന വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള ചെന്നിത്തലയുടെ വെല്ലുവിളി മുഖ്യമന്ത്രി സ്വീകരിച്ചില്ല. വിവാദത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം പര്യാപ്തമാണെന്നായിരുന്നു നിലപാട്. സോളർ പീഡനക്കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേ സമയം കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണം ശരിയാണോ എന്ന് കോടതി തീരുമാനിക്കട്ടേയെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. കേന്ദ്ര ഏജൻസികൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാൽ നോക്കി നിൽക്കാനാവില്ലെന്ന് പറഞ്ഞ ഐസക്ക്, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കള്ളക്കേസെടുക്കുന്നത് ക്രമസമാധാന പ്രശ്നമാണെന്നും ജനങ്ങൾ ഇതിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയാൽ എന്തു ചെയ്യുമെന്നും ചോദിച്ചു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാറിന് മേൽ വിവിധ കേന്ദ്ര ഏജൻസികൾ പിടിമുറുക്കുമ്പോഴാണ് സംസ്ഥാനസർക്കാറിന്റെ അപ്രതീക്ഷിത ജുഡീഷ്യൽ അന്വേഷണം. കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് നിയമസാധുതയിൽ നിയമവൃത്തങ്ങൾക്കിടയിൽ രണ്ടഭിപ്രായം നിലനിൽക്കെ സർക്കാർ ഉറച്ച് തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടേയും ധനമന്ത്രിയുടേയും പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.
ആക്രമണമാണ് മികച്ച പ്രതിരോധം എന്ന നിലയിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. സ്വർണ്ണക്കടത്ത് കേസുകളിലടക്കം പല നിർണ്ണായകവിവരങ്ങളും ഇനിയും പുറത്ത് വരാനിരിക്കെ എല്ലാം സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വെക്കുകയാണ് ഉദ്ദേശം. ഒപ്പം ബിജെപിയെ ഏറ്റവും ശക്തമായി നേരിടുന്നത് സിപിഎമ്മാണെന്ന സന്ദേശവും അസാധാരണ നീക്കങ്ങൾ വഴി നൽകാൻ ശ്രമിക്കുന്നു. എന്നാൽ ജൂഡീഷ്യൽ അന്വേഷണം തട്ടിപ്പാണെന്നും എല്ലാം സിപിഎം-ബിജെപി ഒത്തുകളിയാണെന്നും ആവർത്തിച്ചാണ് യുഡിഎഫ് മറുപടി. പ്രധാനശത്രു ബിജെപിയെന്നാണ് അവസാനനിമിഷത്തെ യുഡിഎഫ് പ്രചാരണം.
മറുനാടന് മലയാളി ബ്യൂറോ