തിരുവനന്തപുരം: തീയറ്ററിൽ നിറഞ്ഞ സദസ്സിൽ ഓടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രധാന താരത്തിന് വേണ്ടത്ര പ്രതിഫലം നൽകിയില്ലെന്ന ആരോപണം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. നൈജീരിയക്കാരനായ അഭിനേതാവിനെ അണിയറക്കാർ തഴഞ്ഞതിനെ വിമർശിച്ച് വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സിനിമയിലെ നന്മ ഏറെ ആഘോഷിക്കപ്പെടുമ്പോഴും സിനിമക്ക് പുറത്തുള്ള തിന്മയെ കുറിച്ചാണ് വിമർശനം കടുക്കുന്നത്.

ഇപ്പോഴിതാ വിവാദത്തിൽ സുഡുവിനെ പിന്തുണച്ച് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. സിനിമയെ പ്രശംസിക്കാൻ മടി കാണിക്കാത്ത ഐസക്ക് എന്നാൽ വിദേശ നടന് അർഹതപ്പെട്ട പണം നൽകാതിരുന്ന നടപടിയെ വിമർശിച്ചാണ് ഐസക്ക് രംഗത്തെത്തിയത്. ഫുട്‌ബോൾ കളിക്കാരൻ സാമുവലിന് നൽകിയ ശുശ്രൂഷയും സ്‌നേഹവും പിന്നെ അവസാനം വിടവാങ്ങൽ വേളയിൽ നൽകിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്റെയും ഭാഗമായിരുന്നില്ലെന്ന് അണിയറക്കാരെ ഐസക്ക് ഓർമ്മപ്പെടുത്തുന്നു. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികൾ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ എന്നും ഐസക്ക് പറഞ്ഞു.

ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീൽ ഈ സിനിമ കാണണമെന്ന് ഇത്ര നിർബന്ധിച്ചതിന്റെ കാരണം മനസ്സിലായത്. മലപ്പുറത്തെ ഗ്രാമീണ നന്മകൾ മനസ്സ് നിറഞ്ഞു കണ്ടു. സുഡാനിയെ തങ്ങളുടെ വീടിന്റെ ഭാഗമാക്കാൻ ആ ഗ്രാമീണ കുടുംബങ്ങൾക്ക് നിറമോ മതമോ ഒന്നും തടസമായില്ല. ഫുട്‌ബോൾ കളിക്കാരൻ സാമുവലിന് നൽകിയ ശുശ്രൂഷയും സ്‌നേഹവും പിന്നെ അവസാനം വിടവാങ്ങൽ വേളയിൽ നൽകിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്റെയും ഭാഗമായിരുന്നില്ല. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് സാമുവലിന്റെ പ്രതിഷേധത്തിൽ നിന്ന് മനസ്സിലാവുന്നത്. തീർപ്പ് കൽപ്പിക്കണമെങ്കിൽ നൈജീരിയക്കാരൻ നടനുമായി ഉണ്ടാക്കിയ കരാർ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികൾ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ.