തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോർന്നുവെന്നു പ്രതിപക്ഷം ആരോപിക്കുമ്പോഴും ഇന്നത്തെ സൂപ്പർസ്റ്റാർ ധനമന്ത്രി തോമസ് ഐസക് തന്നെ. രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് അവതരണം രണ്ടു മണിക്കൂർകൊണ്ടു പൂർത്തിയായെങ്കിലും തോമസ് ഐസകിന്റെ ഇന്നത്തെ ഷെഡ്യൂൽ അവിടെ അവസാനിക്കുന്നില്ല. തുടർന്നങ്ങോട്ട് ടെലിവിഷൻ ചാനലകളുടെ ബജറ്റ് അനുബന്ധ പരിപാടികളിൽ പങ്കെടുക്കാനുള്ള മാരത്തോൺ ഓട്ടമാണ് ധനമന്ത്രിക്ക്.

സംസ്ഥാന ബജറ്റ് ചോർന്നതൊന്നും ധനമന്ത്രിയുടെ സൂപ്പർസ്റ്റാർ പരിവേഷത്തിന് തെല്ലും കോട്ടം വരുത്തിയിട്ടില്ല. ഒമ്പതിന് ബജറ്റ് ആരംഭിച്ച് 10.26 ആയപ്പോഴേക്കും ബജറ്റ് ചോർന്നുവെന്നാണ് ലഭിക്കുന്ന വിവരം. ധനമന്ത്രിയുടെ പ്രസ് സെക്രട്ടറി മനോജ് പുതിയവിളയുടെ ഇ-മെയിലിൽ നിന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ മാദ്ധ്യമങ്ങൾക്കു ചോർന്നു കിട്ടിയത്. ഇത് ആയുധമാക്കിയ പ്രതിപക്ഷം നിയമസഭയിൽ സമാന്തര ബജറ്റ് അവതരിപ്പിക്കുക വരെ ചെയ്തുവെങ്കിലും ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിലാണ് ഐസക്കിന്റെ ബജറ്റ്ദിനത്തിലെ ഷെഡ്യൂൾ.

രാവിലെ ഒമ്പതിനു തുടങ്ങുയ തോമസ് ഐസക്കിന്റെ ഷെഡ്യൂൾ രാത്രി 9.00നുള്ള ടെലിവിഷൻ പരിപാടിയാടെയാണു പൂർത്തിയാകുന്നത്. 11.49 നു ബജറ്റ് അവതരണം പൂർത്തിയാക്കിയ തോമസ് ഐസക് നിയമസഭയിലെ മീഡിയ റൂമിൽ 12.00ന് മാദ്ധ്യമപ്രവർത്തകരെ കണ്ടു. തുടർന്നങ്ങോട്ട് ചാനലുകൾ മാറിമാറി കയറിയിറങ്ങി ബജറ്റ് പരിപാടികളിൽ പങ്കെടുക്കുകയാണ് ധനമന്ത്രി.

12.30 മുതൽ 1.30 വരെ കൈരളിയുടെ പരിപാടിയായിരുന്നു. അപ്പോളോ ഡി മോറ ഹോട്ടലിലായിരുന്നു ചിത്രീകരണം. തുടർന്ന് ഉച്ചഭക്ഷണത്തിനുശേഷം 2.00 തൊട്ട് 2.30 വരെ ഇതേ ഹോട്ടലിൽവച്ച് ഏഷ്യനെറ്റ് ചാലനിന്റെ പരിപാടി. 3.00 തൊട്ട് 4.00 വരെയുള്ള ബജറ്റ് പരിപാടി ദൂരദർശന്റെ സ്റ്റുഡിയോയിലാണ്.

4.30 മുതൽ 5.00 വരെ മീഡിയ വൺ ചാനലിന്റെയും ഹിന്ദുവിന്റെുയും പരിപാടി താജ് ഹോട്ടലിൽവച്ച്. 5.00 മുതൽ 5.30വരെയുള്ള പരിപാടി ന്യൂസ്18 ചാനലിന്റെ ഓഫീസിൽവച്ചാണ്. തുടർന്നുള്ള അര മണിക്കൂർ കൗമുദി ചാനലിന്റെ പരിപാടി. തുടർന്നുള്ള അര മണിക്കൂർ(6.00 -6.30) നീക്കിവച്ചിരിക്കുന്നത് മനോരമ ചാനലിനുവേണ്ടിയാണ്.

6.30 മുതൽ 7.00 വരെ വീണ്ടും കൈരളി ചാനലിവേണ്ടിയുള്ള പരിപാടി. ഇത് കൈരളിയുടെ ഓഫീസിൽവച്ചാണ്. 7.00 തൊട്ട് 7.30 വരെ റിപ്പോർട്ടർ ചാനലിന്റെ പരിപാടി. 7.30 മുതൽ 8.00 വരെ വീണ്ടും ഏഷ്യാനെറ്റിന്റെ ഓഫീസിലെത്തി പരിപാടി.

8.00 തൊട്ട് 8.30 വരെ മാതൃഭൂമി ചാനലിന്റെ പരിപാടിയും തുടർന്ന് 9.00 വരെ മനോരമയുടെ പരിപാടിയും 9.00 മുതൽ 9.30 വരെ വീണ്ടും ന്യൂസ്18 ചാനലിന്റെ പരിപാടിയിലുമാണ് തോമസ് ഐസക് പങ്കെടുക്കുന്നത്.

ചുരുക്കത്തിൽ കേരളത്തിലെ എല്ലാവിധ ചാനകളിലും ഇന്ന് സംസ്ഥാന ധനമന്ത്രിയെ കാണാം. നിന്നു തിരിയാൻ സമയമില്ലെങ്കിലും ഒരു ചാനലിനെയും തോമസ് ഐസക് നിരാശമാക്കിയിട്ടില്ല.