തിരുവനന്തപുരം: ചരക്ക് സേവന നികുതിക്ക് എതിരാണ് സിപിഎമ്മും പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും. എന്നാൽ കേരളം ഭരിക്കുന്ന പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ജിഎസ്ടിയെന്ന ചരക്ക് സേവന നിയമത്തെ എല്ലാ അർത്ഥത്തിലും പിന്തുണയ്ക്കുന്നു. അതിന്റെ നേർ ചിത്രമാണ് തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. കേന്ദ്ര സർക്കാരിന്റെ നികുതി നയത്തെ കേരളം പിന്തുണയ്ക്കുന്നത് സിപിഎമ്മിൽ വലിയ ചർച്ചയ്ക്കാകും വഴിവയ്ക്കുക. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും സംസ്ഥാന താൽപ്പര്യം മാത്രമാണ് വലുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇത് സിപിഐ(എം) ജനറൽ സെക്രട്ടറി യെച്ചൂരിക്ക് വലിയ തിരിച്ചടിയാണ്. ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസാകാതിരിക്കാൻ നിലപാടുകളെടുക്കുന്ന യെച്ചൂരിയുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനം പോലും ജിഎസ്ടിയെ അംഗീകരിക്കുന്നുവെന്നത് കേന്ദ്രസർക്കാരിന് ആവേശവുമാകും.

എൻഡിഎ സർക്കാർ കൊണ്ടു വന്ന ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പിലാക്കാൻ കേരളം തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടി കേരളത്തിന് ഗുണകരമാണെന്ന പൊതുഅവബോധം സൃഷ്ടിക്കാനായത് നേട്ടമായെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റിന് മുമ്പ് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുൻ സർക്കാർ ഉത്തമവിശ്വാസത്തിൽ ഉണ്ടാക്കിയ കരാറാണ് നിലവിലുള്ളതെന്നും ധനമന്ത്രി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പിന്നീട് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിലും ജിഎസ്ടിയെ ധനമന്ത്രി ഉയർത്തിക്കാട്ടി. ജിഎസ്ടി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിനായി രണ്ടരക്കോടി രൂപയും മാറ്റി വച്ചു. ഇതിലൂടെ സംസ്ഥാനത്തിന് കിട്ടുന്ന നികുതി കൂടും. വാറ്റിനേക്കാൾ ഗുണകരമാകുമെന്നും ധനമന്ത്രി വിശദീകരിച്ചു. അതേ സമയം ജിഎസ്ടി നടപ്പാക്കിയാലും ചെക്ക് പോസ്റ്റുകൾ പൂട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാത്തിനും പ്രധാനം മദ്യനയത്തിലും പങ്കാളിത്ത പെൻഷനിലും പിണറായി വിജയന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനമൊന്നുമില്ല. തെരഞ്ഞെടുപ്പ് കാലത്ത് കേരളം ചർച്ച ചെയ്ത പ്രധാന വിഷയങ്ങളായിരുന്നു മദ്യനയവും പങ്കാളിത്ത പെൻഷനും. കടുത്ത സാമ്പത്തിക പ്രതിസന്ധയിൽ നൂൽപാലത്തിന് മുകളിലൂടെ നീങ്ങുമ്പോഴും മദ്യനയത്തിൽ ഒരുവാക്കു പോലും ധനമന്ത്രി പറഞ്ഞില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ ദിശാബോധം വ്യക്തമാക്കാനും ശ്രമിച്ചില്ല. അരേയും പിണക്കാതിരിക്കാനാണ് ഇത്. ഇടതു മുന്നണിയിൽ അന്തിമ ധാരണ ഉണ്ടായാൽ മാത്രമേ മദ്യനയത്തിൽ എന്തെങ്കിലും നിലപാട് സർക്കാർ പറയൂവെന്നതിന്റെ സൂചനയാണ് ഇത്. ത്രി സ്റ്റാർ ബാറുകളും ടു സ്റ്റാർ ബാറുകളും തൽക്കാലം അടഞ്ഞു തന്നെ കിടക്കും. ഫോർ സ്റ്റാറുകൾക്ക് ബാർ ലൈസൻസ് നൽകി വരുമാനം ഉയർത്തുന്ന നയവും പ്രതീക്ഷിച്ച പോലെ ഉണ്ടായില്ല.

അച്ചടക്കത്തിലൂന്നിയ ധനകാര്യ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രതിന്ധിയുടെ കാലത്ത് പുതിയ സ്ഥാപനങ്ങളൊന്നുമില്ല. അടിസ്ഥാന സൗകര്യവികസനത്തിൽ ചെറിയ പദ്ധതികൾ മാത്രമാണ് പ്രഖ്യാപിച്ചതും. ക്ഷേമ പ്രവർത്തനങ്ങൾ തുടരാനുള്ള സാമ്പത്തിക തന്ത്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ തൊഴിൽ ഇല്ലായ്മയെന്ന വലിയ പ്രശ്‌നത്തെ ആദ്യമായി ഇടത് സർക്കാർ അംഗീകരിക്കാത്ത സ്ഥിതിയും ഉണ്ടാകുന്നു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതുകൊണ്ട് തന്നെ പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപനം വരുമെന്നും കരുതി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ഇതിനുള്ള ആർജ്ജവം തോമസ് ഐസക് കാണിച്ചില്ലെന്നതാണ് വസ്തുത.

യുവജനങ്ങൾക്ക് ഒന്നുമില്ലാത്ത ബജറ്റെന്നാകും ബജറ്റിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന വാദം. എന്നാൽ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് വലിയ മാജിക്കുകൾ കാണിക്കാൻ തോമസ് ഐസക്കിന് കഴിയില്ലെന്നതായിരുന്നു യാഥാർത്ഥ്യം. ക്ഷേമ പെൻഷനുകളും ക്ഷേമ പദ്ധതികളും ഉയർത്തി ഇതിനെ ഭരണപക്ഷം പ്രതിരോധിക്കും. 12,000 കോടി രൂപയുടെ രണ്ടാം മാന്ദ്യ വിരുദ്ധ പാക്കേജ്, ഭൂമി ഏറ്റെടുക്കുന്നതിന് 8,000 കോടി രൂപ, കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി ബഡ്ജറ്റിന് പുറത്ത് ധന സമാഹരണം, മോട്ടോർവാഹന നികുതിയുടെ ഒരു വിഹിതം എല്ലാവർഷവും കിഫ്ബിക്ക് നൽകുന്നതിന് നിയമനിർമ്മാണം, പെട്രോളിനു മേലുള്ള സെസും കിഫ്ബിക്ക്, പൊതുമേഖലാ ഔഷധ നിർമ്മാണ കമ്പിനിയായ കെ.എസ്.ഡി.പി.യുടെ നവീകരണത്തിന് ചേരമാൻ ഫിനാൻഷ്യൽ സർവ്വീസസ് വഴി 250 കോടിയെന്നും തോമസ് ഐസക് പ്രഖ്യാപിക്കുന്നു.

പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത അഞ്ചു വർഷത്തെ പരിവർത്തനത്തിനുള്ള ദിശാസൂചികയാണെന്നാണ് ധനമന്ത്രി തോമസ് ഐസക് വിശദീകരിക്കുന്നത്. ആഭ്യന്തര വരുമാനം വർധിപ്പിക്കാൻ സർവശക്തിയും ഉപയോഗിക്കും. സംസ്ഥാനം നേരിടുന്ന പ്രതിസന്ധിക്കു കാരണം നികുതി വരുമാനത്തിലെ ഇടിവാണെന്നും ബജറ്റിന്റെ തുടക്കത്തിൽ ഐസക് വ്യക്തമാക്കി. നികുതി ഭരണത്തിലെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് നികുതി പിരിവ് മന്ദീഭവിക്കാൻ കാരണം. ധനവകുപ്പുമായി ആലോചിക്കാതെ പദ്ധതികൾ നടപ്പാക്കിയും ഇത് വർധിപ്പിച്ചു. ആഭ്യന്തര വരുമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് 2016-17 വർഷത്തെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഐസക് പറഞ്ഞു.