കെവിൻ പി ജോസഫ് എന്ന ചെറുപ്പക്കാരന്റെ ക്രൂരമായ കൊലപാതകം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിനേറ്റ തീരാക്കളങ്കമാണ്. ജാതിക്കോയ്മയുടെ മിഥ്യാഭിമാനബോധം വിചിത്രവും അപകടകരവുമായ വഴികളിലൂടെ വീണ്ടും തലപൊക്കുകയാണ്. നീനുവിന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണ്. പക്ഷേ, അവർക്ക് സ്വന്തം മകളുടെ ജാതിക്കതീതമായ പ്രണയം അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനു കാരണം സവർണതയുടെ പിശാചുബാധയാണെന്ന് കാണാൻ വിഷമമില്ല. ഒരുവേള, നീനുവിന്റെ പരാതിയെ നിസാരമായി അവഗണിച്ച പൊലീസുദ്യോഗസ്ഥരുടെ മനസിനെയും ഭരിച്ചത് ജാതിവിവേചനമായിരിക്കാം.

നവോത്ഥാനം അടിമുടി ഉഴുതുമറിച്ച മണ്ണിൽ നിന്നാണ് നമ്മുടെ രാഷ്ട്രീയവും സംസ്‌ക്കാരവും ഉയർന്നു വന്നത്. എന്നാൽ കുഴിച്ചു മൂടിയെന്ന് നാം അഹങ്കരിച്ച പലതും മുളച്ചു വരികയാണെന്ന യാഥാർത്ഥ്യത്തിനു നേരെ കണ്ണടച്ചു കൂടാ. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും തെരഞ്ഞെടുപ്പു നേട്ടത്തിനും വേണ്ടി മുതലെടുപ്പു നടത്തുന്നവരെയും ഇക്കാര്യങ്ങൾ അലോസരപ്പെടുത്തേണ്ടതു തന്നെയാണ്.