ആലപ്പുഴ: ആലുപ്പുഴയിലെ മിടുമിടുക്കികളാണ് അശ്വതിയും ശ്രീക്കുട്ടിയും. അതുകൊണ്ട് തന്നെ സ്ഥലം എംഎൽഎയ്ക്ക് ഇവരുടെ കാര്യം ഏറെ സീരിയസാണ്. ഈ പ്രതിഭകൾക്ക് രാജ്യാന്തര വേദിയിൽ കഴിവ് തെളിയിക്കാൻ ഒരുവസരം. അതിന് സോഷ്യൽ മീഡിയയുടെ സഹായം അഭ്യർത്ഥിക്കുകയാണ് തോമസ് ഐസക് എംഎൽഎ. കോഴിക്കോട് നടന്ന സംസ്ഥാന സബ് ജൂനിയർ പവർലിഫ്റ്റിങ്് ചാമ്പ്യൻഷിപ്പിൽ താരമായ അശ്വതിക്കും ശ്രീകുട്ടിക്കുമായി തോമസ് ഐസക് നടത്തിയ ഫെയ്‌സ് ബുക്ക് അഭ്യർത്ഥന വെറലാകുകയാണ്.

വേറിട്ട വഴിയിലൂടെ ഈ കുട്ടികളുടെ പ്രശ്‌ന പരിഹാരമാണ് തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഒറ്റ സ്‌പോൺസർഷിപ്പിനപ്പുറം സുഹൃത്തുകളുടെ കൂട്ടായ്മയിൽ നിന്ന് ചെറിയ തുക സമാഹരിച്ച് ആശ്വാസമെത്തിക്കാനാണ് ശ്രമം. അശ്വതിക്കും ശ്രീക്കുട്ടിക്കും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാണ് ഈ സഹായ അഭ്യർത്ഥന. ആയിരം രൂപവച്ച് 300 പേരിൽ നിന്ന് സ്വരൂപിച്ച് ഈ കായികതാരങ്ങളുടെ പ്രതിഭയ്ക്ക് കൈതാങ്ങ് നൽകാനാണ് ആവശ്യം.

തോമസ് ഐസക് എംഎൽഎയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

ശ്രീകുട്ടിയുടെ വീടിന്റെ നീല പ്ലാസ്റ്റിക് മറയിൽ തൂങ്ങുന്ന മെഡൽ കൂട്ടത്തിലേക്ക് മൂന്ന് മെഡലുകൾ കൂടി .
അശ്വതിക്കും ശ്രീക്കുട്ടിക്കും വീണ്ടും സുവർണ തിളക്കം അതും റെക്കോർഡോടെ. കോഴിക്കോട് നടന്ന സംസ്ഥാന സബ് ജൂനിയർ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിലാണ് ഈ സുവർണ നേട്ടം കൊയ്തത് . 57 Kg വിഭാഗത്തിൽ മത്സരിച്ച ശ്രീകുട്ടി 320 കിലോ ഉയർത്തിയത് സ്‌കോട്ട്, ബെഞ്ച് പ്രസ്സ് , ഡെഡ് ലിഫ്റ്റ് ഇനങ്ങളിൽ റെക്കോർഡോട് കൂടിയാണ് . ഇപ്പോൾ കോയമ്പത്തൂരിൽ ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്. ഈ വർഷം ഇന്ത്യൻ ടീമിലേക്കുള്ള സെലക്ഷൻ ലഭിച്ചിട്ടുണ്ട് . ജൂൺ അവസാനത്തോടെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചൈനയിൽ പോകണം. ഒരാൾക്ക് 3 ലക്ഷം രൂപയോളം ചെലവ് വരും പകുതി ഭാരോദ്വഹന അസ്സോസ്സിയേഷൻ വഹിക്കും . ഈ കുട്ടികളുടെ സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ അവർക്ക് ഈ തുക കണ്ടെത്താൻ കഴിയും എന്ന് തോന്നുന്നില്ല .
1000 രൂപ വച്ച് എന്റെ 300 സുഹൃത്തുക്കൾ ശ്രീകുട്ടിയുടെ അക്കൗണ്ടിലേക്ക് ഇട്ടാൽ ഇവരുടെ പ്രശ്‌നം തീരും.
ശ്രീകുട്ടിയുടെ അക്കൗണ്ട് നമ്പർ താഴെ കാണുന്നതാണ്
Account Number : 67186742170
Account Name : Sreekutty
Bank and Branch: SBT , Muhamma , Alappuzha
IFSC Code : SBTR0000299
ഇതിലേക്ക് അയക്കുന്ന പണം ഇരുവർക്കുമായി വീതിക്കും. ഇനി കൂടുതൽ ഉണ്ടങ്കിൽ സ്‌കൂളിലെ ഇവരുടെ കോച്ച് സവിനയൻ സാറിനും ഇവരോടൊപ്പം പോകാനായി നൽകും. അദ്ദേഹത്തിന്റെ ചെലവ് അസ്സോസ്സിയേഷൻ വഹിക്കുന്നതല്ല. സവിനയൻ സാറിനെ പോലൊരു കോച്ച് നടത്തുന്ന ആത്മാർത്ഥമായ ഇടപെടൽ എത്ര വലിയ നേട്ടങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ നാടിന് നേടി തരുന്നത്. ശ്രീകുട്ടിയും അശ്വതിയും മാത്രമല്ല പുതിയൊരു താരം കൂടി സംസ്ഥാന സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വിജയം കണ്ടു. ഈ സ്‌കൂളിലെ തന്നെ മറ്റൊരു കുട്ടി ഭാഗ്യലക്ഷ്മിക്ക് ദേശീയ മത്സരത്തിൽ മാറ്റ് ഉരയ്ക്കാൻ അവസരം ലഭിച്ചു.