തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ വിവാദങ്ങളിൽ ഇനി സിപിഎം നേതാക്കൾ പരസ്യ പ്രതികരണം നടത്തില്ല. മുഖ്യന്ത്രി പിണറായി വിജയന്റേത് അന്തിമ നിലപാട് വിശദീകരണമായി തുടരും. ഇന്ന് ചേർന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാണ് ഈ തീരുമാനം എടുത്തത്. യോഗത്തിൽ പങ്കെടുത്തവർ ആരും കെ എസ് എഫ് ഇ വിഷയത്തിൽ ധനമന്ത്രി തോമസ് ഐസകിനെ പിന്തുണച്ചില്ല. എന്നാൽ ധനമന്ത്രി അറിയാതെ കെ എസ് എഫ് ഇയിൽ റെയ്ഡ് നടത്തിയത് തെറ്റ് തന്നെയാണെന്ന് തോമസ് ഐസക് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി സ്ഥാനം രാജിവയ്ക്കാമെന്നും തോമസ് ഐസക് നിലപാട് എടുത്തു. എന്നാൽ കടുത്ത തീരുമാനങ്ങൾ പ്രതിസന്ധി കൂട്ടുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഐസക്കിനെ അറിയിച്ചതായാണ് സൂചന.

രണ്ടും കൽപ്പിച്ചാണ് യോഗത്തിന് തോമസ് ഐസക് എത്തിയത്. അതൃപ്തി മുഴുവൻ തുറന്നു പറഞ്ഞു. കൂട്ടുത്തരവാദിത്തം നഷ്ടമാകുന്നുവെന്ന സൂചനകൾ നൽകിയായിരുന്നു ആഞ്ഞടിക്കൽ. എന്നാൽ ആരും പരസ്യമായി ഐസകിനെ പിന്തുണച്ചില്ല. സെക്രട്ടറിയേറ്റിലെ മുൻതൂക്കം പിണറായിക്ക് തന്നെയെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. പരസ്യ പ്രതികരണങ്ങൾ വേണ്ടെന്നും ഇതിൽ ഇനി ചർച്ചയില്ലെന്നും ഒടുവിൽ തീരുമാനവും എടുത്തു. എകെജി സെന്ററിൽ നിന്ന് പതിവ് രീതികൾ മാറ്റി വച്ച് മാധ്യമങ്ങൾക്ക് ചിരിച്ച മുഖം പോലും നൽകാതെ താഴെ നിലയിലൂടെ ഇറങ്ങി കാറിൽ മടങ്ങുകയും ചെയ്തു. കെ എസ് എഫ് ഇയിൽ ക്രമക്കേണ്ടുണ്ടെന്ന വ്യാഖ്യാനം പുറത്തു വന്നതിൽ തീർത്തും നിരാശനാണ് ഐസക്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കടുത്ത തീരുമാനങ്ങൾ എടുത്താൽ കേന്ദ്ര നേതൃത്വവും ഐസക്കിനെ കൈവിടും. അതുകൊണ്ട് തൽകാലം വിവാദങ്ങൾക്കോ പ്രതികരണങ്ങൾക്കോ ഐസക് മുതിരില്ല.

കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് സാധാരണമായിരുന്നു. ധനമന്ത്രിയുടെ വട്ട് പ്രയോഗം കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിൽ എത്തിച്ചുവെന്നും പിണറായി വിജയൻ നിലപാട് എടുത്തു. ഇതാണ് ഐസക്കിന് വിനായായത്. പരാതികൾ ഉണ്ടെങ്കിൽ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല. അത് സെക്രട്ടറിയേറ്റിൽ ഉന്നയിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി എടുക്കുന്നത്. ആരും മിണ്ടരുതെന്ന തീരുമാനം വരും മുമ്പ് മന്ത്രി ജി സുധാകരൻ പ്രസ്താവന നടത്തിയതിലും ഐസകിന് ദുരൂഹത തോന്നുണ്ട്. മുഖ്യമന്ത്രിയോട് ചേർന്ന് നിന്ന് ഐസകിനെ പരസ്യമായി തള്ളി പറയുകയായിരുന്നു സുധാകരൻ. ആലപ്പുഴയിൽ ഇനി ഔദ്യോഗിക പക്ഷം ഐസകിനെ ഒരു കാര്യത്തിനും അടുപ്പിക്കില്ലെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ തീർത്തും തിരിച്ചടിയാവുകയാണ് ഐസകിന് കെ എസ് എഫ് ഇ വിവാദം. പരസ്യ വിമർശനം നടത്തിയ ആനത്തലവട്ടം ആനന്ദനും ഇനി പ്രതികരണങ്ങൾ നടത്തില്ല.

കെഎസ്എഫ്ഇ റെയ്ഡ് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി.സുധാകരൻ രംഗത്തു വന്നതും പിണറായിക്ക് വേണ്ടിയാണ്. വിജിലൻസിന് ദുഷ്ടലാക്കില്ലെന്നും തന്റെ വകുപ്പിലും വിജിലൻസ് റെയ്ഡ് നടത്തിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കെ.എസ്.എഫ്.ഇ. റെയ്ഡിൽ മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. എന്റെ വകുപ്പിലും റെയ്ഡ് നടന്നു. ഞാനൊന്നും അറിഞ്ഞിട്ടില്ല. അതൊന്നും നമ്മെ ബാധിക്കില്ല. വിജിലൻസിന് ഏത് സമയത്തും അന്വേഷിക്കാം. ചില ക്രമക്കേടുകൾ വിജിലൻസ് തന്നെ അന്വേഷിക്കണം' സുധാകരൻ പറഞ്ഞു. സാധാരണ അന്വേഷണമാണ് കെഎസ്എഫ്ഇയിൽ നടന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് ലഭിക്കും. കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറന്നാൽ വിജിലൻസിനെ പിരിച്ചുവിടണമെന്നാണോ പറയുന്നതെന്നും സുധാകരൻ ചോദിച്ചു.

'ആറ് മാസം മുമ്പ് 12 പി.ഡബ്ല്യു.ഡി ഓഫീസിലാണ് വിജിലൻസ് കയറിയത്. ഞാൻ പത്രത്തിലൂടെയാണ് അറിയുന്നത്. അതൊരു മന്ത്രിയായ എന്നെ ബാധിക്കില്ല. അഴിമതിക്കെതിരെ നടപടിയെടുക്കുന്ന ആളെന്ന നിലയിൽ വിജിലൻസ് അഴിമതി കണ്ടെത്തുന്നത് തനിക്ക് സന്തോഷമേയുള്ളൂ' സുധാകരൻ പറഞ്ഞു. അതായത് വിജിലൻസ് റെയ്ഡ് മന്ത്രി അറിയണമെന്ന വാദത്തിനുള്ള മറുപടിയാണ് ഇത്. അങ്ങനെ ആലപ്പുഴയിലെ ശത്രുവിനെ കൊണ്ടു തന്നെ സുധാകരന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. കിഫ്ബിയിലെ ഇഡി അന്വേഷണത്തിലും മറ്റും അസ്വസ്ഥനായ ഐസക്കിന് തീർത്തും തിരിച്ചടിയാണ് ഈ വാദങ്ങൾ. കേന്ദ്ര നേതൃത്വം പിന്തുണയ്ക്കാത്തതും ഐസക്കിനെ ഞെട്ടിച്ചു.

കെഎസ്എഫ്ഇയിലെ 35 ശാഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലൻസ് പറയുന്നു. തെരച്ചിൽ നടത്തിയ ഉദ്യോഗസ്ഥർ നടത്തിയ വിജിലൻസ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെഎസ്എഫ്ഇ ചിട്ടിയിൽ അഞ്ച് ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസിന്റെ രഹസ്യാന്വേഷണവിഭാഗം കണ്ടെത്തിയിട്ടുള്ളത്. ക്രമക്കേടിന്റ വിശദാംശങ്ങൾ, ആരൊക്കെ കുറ്റക്കാർ, എടുക്കേണ്ട നടപടി എന്നിവ സംബന്ധിച്ച് അന്തിമ റിപ്പോർട്ടിൽ മാത്രമേ വ്യക്തമാകൂ. ഓപ്പറേഷൻ ബചത്ത് എന്ന് പേരിട്ട ഈ തെരച്ചിലിന്റെ അന്തിമ റിപ്പോർട്ട് ക്രോഡീകരിച്ച് ആഭ്യസന്ത്ര വകുപ്പിലെത്താൻ രണ്ടാഴ്ചയെങ്കിലും പിടിക്കുമെന്നാണ് സൂചന.

എസ്‌പിമാർ മുഖേനയായിരിക്കും ആഭ്യന്തര വകുപ്പ് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുക. സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് കണ്ടെത്തിയാൽ ഉദ്യോഗസ്ഥൻ ഇക്കാര്യം രേഖാമൂലം വിജിലൻസ് ഡയറക്ടറേറ്റിനെ അറിയിക്കണം എന്നാണ് ചട്ടം. അതേസമയം കെഎസ്എഫ്ഇ റെയ്ഡിനെതിരെ ഇടത് മുന്നണിയിലും സംസ്ഥാന സർക്കാരിലും അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നെങ്കിലും മുഖ്യമന്ത്രി കൂടി പിന്തുണ പ്രഖ്യാപിച്ച സ്ഥിതിക്ക് തെരച്ചിൽ നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കില്ല. കെഎസ്എഫ്ഇ റെയ്ഡിൽ തൂങ്ങി ഇനിയൊരു പരസ്യചർച്ചവേണ്ടെന്ന് പാർട്ടിക്കുള്ളിലും മുന്നണിയിലും ധാരണയാതും കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കൂടി മനസ്സിലാക്കിയാണ്.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമർശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. റെയ്ഡ് ആർക്കും തോന്നിയ വട്ടല്ലെന്നും വിജിലൻസിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി. 2019ലും ഈ വർഷവുമായി വിവിധ വകുപ്പുകളിൽ ഇരുപത്തിനാലു മിന്നൽ പരിശോധനകൾ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്നം ഇപ്പോൾ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ മനസ്സാണ് സിപിഎം സെക്രട്ടറിയേറ്റിലും ഇന്ന് നിറഞ്ഞത്.

വിജിലൻസിനെ പൂർണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമർശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാൽ പരിശോധന നടത്തും. അതിന് വിജിലൻസ് ഡയറക്ടറുടെ അനുമതി മതി, വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. 2019 ജനുവരി പതിനേഴിന് മോട്ടോർ വാഹന വകുപ്പിലേതു മുതൽ കെഎസ്എഫ്ഇ വരെയുള്ള വിജിലൻസിന്റെ മിന്നൽ പരിശോധനകൾ മുഖ്യമന്ത്രി വിശദീകരിച്ചു.

തോമസ് ഐസക്കിനും ആനത്തലവട്ടം ആനന്ദനും സിപിഐക്കും വിജിലൻസിന്റെ പരിശോധന മനസ്സിലായില്ലേ എന്ന ചോദ്യത്തിന് പതിവുപോലെ മാധ്യമങ്ങളെ വിമർശിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആഭ്യന്തര ഉപദേശകൻ രമൺ ശ്രീവാസ്തവയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.