- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം ഫെമ ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി; തോമസ് ഐസക്കിനെതിരെ നടപടികൾ കടുപ്പിക്കാൻ എൻഫോഴ്സ്മെന്റ്; ചോദ്യം ചെയ്യലിന് 11നും മുൻ മന്ത്രി ഹാജരാകാനിടയില്ല; നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാൻ സിപിഎമ്മും
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് ഉടൻ ഹാജരാകില്ല. ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ് അയച്ചിരുന്നു. കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടിസ് അയച്ചത്. ഓഗസ്റ്റ് 11ന് ഇഡിയുടെ കൊച്ചി ഓഫിസിൽ ഹാജരാകണമെന്നാണ് ആവശ്യം. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്, കിഫ്ബിയുടെ വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യലിനായി ഇഡി നോട്ടിസ് നൽകിയത്.
ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടിസ് അയയ്ക്കുന്നത്. ഇതിനു മുൻപ് ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. എന്തെങ്കിലും കാരണം പറഞ്ഞ് പുതിയ നോട്ടീസും തള്ളും. സിപിഎം ഈ വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. അതിന് ശേഷം ഐസക് കോടതിയെ സമീപിക്കുന്നതും ആലോചനയിലാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ മന്ത്രി എന്ന നിലയിൽ നയപരമായ തീരുമാനമാണ് ഐസക് എടുത്തത്. ഇതിൽ ദുരൂഹത ആരോപിക്കുന്നത് രാഷ്ട്രീയമാണെന്നാണ് സിപിഎം നിലപാട്. ഇഡിക്കെതിരെ കോൺഗ്രസ് ഉയർത്തുന്ന രാജ്യവ്യാപക പ്രക്ഷോഭവവും സിപിഎമ്മിന് തുണയാണ്. രാഷ്ട്രീയ എതിരാളികളെ ഇഡിയെ ഉപയോഗിച്ച് തകർക്കുകയാണ് കേന്ദ്രമെന്ന് സിപിഎം വിശദീകരിച്ചു കഴിഞ്ഞു.
എന്നാൽ സുപ്രീംകോടതിയുടെ പുതിയ ഉത്തരവോടെ ഇഡിക്ക് കൂടുതൽ കരുത്തുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ ഐസക്കിനെ അറസ്റ്റ് പോലും ചെയ്യും. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വഴി വിദേശ നിക്ഷേപം സ്വീകരിച്ച കേസിൽ നടപടി കടുപ്പിക്കാനാണ് ഇഡി തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) നോട്ടിസ് നൽകിയാണ് ചോദ്യം ചെയ്യുന്നതിനാണ് തോമസ് ഐസക്കിനെ വിളിപ്പിച്ചിരിക്കുന്നത്.
കിഫ്ബിയുടെ 'മസാല ബോണ്ട്' നിക്ഷേപ സമാഹരണം വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന ആരോപണത്തിനു തുടക്കമിട്ടത് സിഎജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ) റിപ്പോർട്ടിലാണ്. സിഎജി റിപ്പോർട്ട് ലഭിച്ചതിനു ശേഷം കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഇഡി 2020 നവംബർ 20നു റിസർവ് ബാങ്കിനു കത്ത് നൽകിയിരുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ സർക്കാരിനു താങ്ങാൻ കഴിയാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്ന സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫെമ നിയമലംഘനം സംബന്ധിച്ച അന്വേഷണം ഇഡി ആരംഭിച്ചത്. 'മസാല ബോണ്ട്' വഴി വിദേശനിക്ഷേപം സ്വീകരിക്കാൻ കിഫ്ബി ശ്രമം തുടങ്ങിയ 2019 മാർച്ച് മുതൽ കിഫ്ബിയുടെ നീക്കങ്ങൾ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.
ആദ്യം ചോദ്യം ചെയ്യാനായി ഇഡി നോട്ടീസ് നൽകിയെങ്കിലും ഐസക്ക് ഒഴിഞ്ഞ് മാറിയിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി എത്താൻ സാധിക്കില്ലെന്നാണ് തോമസ് ഐസക് അന്നു മറുപടി നൽകിയിരിക്കുന്നത്. ഇതിനെ തുടർന്നാണ് രണ്ടാമതും ഇഡി നോട്ടീസ് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ