തിരുവനന്തപുരം: പൊഴിയൂരും അടിമലത്തുറയും സന്ദർശിച്ച വാർത്തയും ഓഖിയുമായി ബന്ധപ്പെട്ട വാർത്തകളും മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്ന് തോമസ് ഐസക്. രൂക്ഷമായ ഭാഷയിൽ പ്രതിഷേധം ഒഴൂകിയതോടെ വിഴിഞ്ഞം, പൂന്തുറ സന്ദർശനം റദ്ദാക്കി തോമസ് ഐസക് മടങ്ങിയെന്നും റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെ പേരെടുത്ത് മന്ത്രി വിമർശിച്ചു. സോഷ്യൽ മീഡിയയിലെ കുറിപ്പിനൊപ്പം മന്ത്രി സന്ദർശനത്തിന്റെ വീഡിയോയും പങ്കുവച്ചു.

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാവിലെ പൊഴിയൂരും അടിമലത്തുറയും സന്ദർശിച്ച വാർത്ത മംഗളത്തിൽ കണ്ടു. ഇങ്ങനെയാണ് റിപ്പോർട്ടെങ്കിൽ, പ്രിയപ്പെട്ട മാധ്യമസുഹൃത്തുക്കളേ, നിങ്ങളോടു സഹതപിക്കുകയല്ലാതെ വഴിയില്ല. നിങ്ങൾ നിങ്ങളുടെ ജോലി തുടരൂ. ഞങ്ങൾ ഞങ്ങളുടേതും.
അടിമലത്തുറയിലെ ദുരിതാശ്വാസ ക്യാംപിൽ എത്തിയ എന്നെ വാഹനത്തിൽ നിന്ന് ഇറങ്ങാൻ പോലും അനുവദിക്കാതെ സ്ത്രീകൾ തടഞ്ഞുവച്ച് പ്രതിഷേധിച്ചുവെന്നാണ് മംഗളം റിപ്പോർട്ടു ചെയ്യുന്നത്. പച്ചക്കള്ളമാണിത്. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടേയില്ല.

രൂക്ഷമായ ഭാഷയിൽ പ്രതിഷേധം ഒഴൂകിയതോടെ വിഴിഞ്ഞം, പൂന്തുറ സന്ദർശനം റദ്ദാക്കി തോമസ് ഐസക് മടങ്ങിയെന്നും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. പത്തു മണിക്ക് പാർട്ടി സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ മടങ്ങിയതിനെക്കുറിച്ചാണ് ഈ വ്യാഖ്യാനം. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് കേരളത്തിലെ തീരപ്രദേശം ഇരയായത്. അതിന്റെ രോഷവും സങ്കടവും വേദനയുമൊക്കെ അവിടെയുണ്ടാകും. പരാതികളുണ്ടാകും, വിമർശനങ്ങളും നിർദ്ദേശങ്ങളുമുണ്ടാകും. അതൊക്കെ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരിന്റെ കടമ. അതു ഞങ്ങൾ നിറവേറ്റും.

രാവിലെ ഏഴേകാലിന് പൊഴിയൂരിലെത്തുമ്പോൾ മാധ്യമങ്ങളുണ്ടായിരുന്നില്ല. പൊഴിയൂരിലെ രണ്ടു പള്ളികളിലും പോയി. അവർക്കൊക്കെ ചില വിമർശനങ്ങളുണ്ടായിരുന്നു. ചില നിർദ്ദേശങ്ങളും. അതൊക്കെ അവർ മാന്യമായി പറഞ്ഞു. വാക്കേറ്റമോ രൂക്ഷമായ ഭാഷയിലെ അധിക്ഷേപമോ ഒന്നും അവിടെയുണ്ടായില്ല. ഇല്ലാത്തതു പറഞ്ഞു പ്രചരിപ്പിച്ച് ആ നാടിനെ അധിക്ഷേപിക്കരുത്.അടിമലത്തുറയിലെത്തിയപ്പോൾ മാധ്യമങ്ങളുണ്ടായിരുന്നു. നഷ്ട പരിഹാരപ്പാക്കേജിനെക്കുറിച്ച് വിമർശനമുണ്ടായത് അവിടെയാണ്.

അവിടെ എന്നെയാരും വാഹനത്തിൽ നിന്നിറങ്ങാൻ പോലും അനുവദിക്കാതെ തടഞ്ഞുവെച്ചില്ല. യഥാർത്ഥത്തിൽ പ്രാർത്ഥനായോഗത്തിൽ കുറച്ചു നേരം മത്സ്യത്തൊഴിലാളികൾക്കൊപ്പം കൂടിയ ശേഷമാണ് അവരിൽ ചിലരുടെ അഭ്യർത്ഥന പ്രകാരം സംസാരിച്ചത്. രൂക്ഷമായ ഭാഷയിൽ ഒരു പ്രതിഷേധവും ഒഴുകിയില്ല. നഷ്ടപരിഹാരം പോര എന്നു പറയാൻ അതു സ്വീകരിക്കുന്നവർക്ക് അവകാശമുണ്ട്. അവരുടെ അഭിപ്രായം എന്നോടു പറഞ്ഞു. പോസ്റ്റിനൊപ്പമുള്ള ഫോട്ടോകളും വീഡിയോയും നോക്കൂ. എന്നിട്ടു തീരുമാനിക്കൂ. കാറിൽ നിന്നിറങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ചോ, വിഴിഞ്ഞവും പൂന്തറയും സന്ദർശിക്കേണ്ട എന്നു തീരുമാനിക്കേണ്ട വിധത്തിലുള്ള പ്രതിഷേധമുണ്ടോ എന്നൊക്കെ. എന്തിനാണ് ഇത്തരത്തിൽ നുണയെഴുതി പ്രചരിപ്പിക്കുന്നത്? എന്തു പ്രതിഫലത്തിനാണ് ഈ നുണകൾ നിർമ്മിക്കുന്നത്? ആരാണത് വിതരണം ചെയ്യുന്നത്?

ജോലിക്കു പോകാൻ കഴിയാത്തവരുടെ കുടുംബത്തിന് അനുവദിച്ച ഉപജീവനപ്പടി മതിയാവില്ല എന്നാണ് ഒരു പ്രധാന വിമർശനം. ശരാശരി 2000 രൂപ വീതം 1.49 ലക്ഷം കുടുംബങ്ങൾക്കാണ് സഹായം അനുവദിച്ചിരിക്കുന്നത്. ആകെ 31 കോടി രൂപ വേണ്ടിവരും. ഏതെങ്കിലുമൊരു ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങൾക്ക് ഉപജീവനപ്പടിക്കുവേണ്ടി ഇന്ത്യയിലൊരിടത്തും ഇത്രയും വലിയൊരു തുക അനുവദിച്ചിട്ടില്ല. സുനാമി വന്നപ്പോൾപ്പോലും തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു മുഴുവൻ ഇതുപോലെ സഹായം നൽകിയിട്ടില്ല. സുനാമി ബാധിതർക്കു മാത്രമാണ് ചെറിയ സഹായം നൽകിയത്. . ഇതു സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടലാണ്. പോര എന്നുണ്ടെങ്കിൽ അതു സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെടുത്തി പരിശോധിക്കുക തന്നെ ചെയ്യും. കേന്ദ്രത്തിനുമുണ്ടല്ലോ ബാധ്യത. അവരെന്തു ചെയ്യുമെന്നും നോക്കട്ടെ.

അടിമലത്തുറയ്ക്ക് അടുത്തുള്ള മറ്റു രണ്ടു കേന്ദ്രങ്ങളിലും പോയിരുന്നു. ചിലരുടെ വീടുകളിലും. സേവയുടെ ഒരു പ്രധാന പ്രവർത്തകയായ മേഴ്‌സിയും സഹോദരിയും തീരാദുഃഖത്തിലാണ്. ഇവരുടെ ഭർത്താക്കന്മാർ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പ്രതീക്ഷ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ പ്രാർത്ഥനായോഗത്തിലും പങ്കെടുത്ത് കുറച്ചധികം സമയം സംസാരിച്ച ശേഷമാണ് തിരുവനന്തപുരത്തേയ്ക്കു മടങ്ങിയത്.

മനോരമയുടെ റിപ്പോർട്ടിലും പ്രതിഷേധം, തടയൽ എന്നീ ആംഗിളിലാണ് വാർത്ത മുന്നേറുന്നത്. അതവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിന് കാതുകൊടുക്കാൻ തൽക്കാലം ഞങ്ങൾക്കു നേരമില്ല. ദുരന്തബാധിതർക്ക് എത്രയും വേഗം സഹായമെത്തിക്കണം. അതിനാണ് മുൻഗണന.