തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സിപിഐ(എം) നേതാവ് ഡോ. ടി എം തോമസ് ഐസക്. വർഗീയത പ്രചരിപ്പിക്കുന്ന കാര്യത്തിൽ ആർഎസ്എസിനെയും കടത്തിവെട്ടുകയാണ് വെള്ളാപ്പള്ളിയെന്നു തോമസ് ഐസക് ഫേസ്‌ബുക്ക് കുറിപ്പിൽ പരാമർശിച്ചു.

വെള്ളാപ്പള്ളിയുടെ യാത്രയെപ്പറ്റി കഴിഞ്ഞ ദിവസം കേരളകൗമുദി പത്രത്തിൽ വന്ന വാർത്തയെ ഉദ്ധരിച്ചാണു തോമസ് ഐസക്കിന്റെ പരാമർശം. 'ക്ഷേത്രവരുമാനവും ലഭിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക്' എന്ന തലക്കെട്ടിൽ വന്ന വാർത്തയുടെ ചുവടുപിടിച്ചാണു ഫേസ്‌ബുക്കിൽ തോമസ് ഐസക് കുറിപ്പിട്ടത്.

ഹിന്ദുക്കൾ ബാങ്കിലിടുന്ന പണം, ഹിന്ദുക്കൾക്കേ വായ്പ നൽകാൻ പാടുള്ളൂ എന്നുള്ള വാദം ആർഎസ്എസു പോലും ഉന്നയിച്ചു കേട്ടിട്ടില്ല. വായ്പയെടുക്കുന്നവർ ആരാണെങ്കിലും ബാങ്കിനു പലിശ കൊടുക്കും. ആ പലിശയിൽ നിന്നാണ് നിക്ഷേപകർക്ക് ബാങ്കു പലിശ നൽകുന്നത്. വർഗീയ പ്രചരണത്തിൽ ആർഎസ്എസിനെ കടത്തിവെട്ടുകയാണ് വെള്ളാപ്പള്ളി. ഗുരുദേവ ധർമ്മത്തിന്റെ പേരിലാണ് ഈ വർഗീയ വിഷം ചീറ്റൽ എന്നുള്ളതാണ് ഏറ്റവും ഖേദകരമെന്നു േതോമസ് ഐസക് കുറിച്ചു.

'കാടാമ്പുഴ ക്ഷേത്രത്തിന്റെ വരുമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് നിക്ഷേപിക്കുന്നത്. ആ പണം മുഴുവൻ പങ്കിടുന്നത് ന്യൂനപക്ഷങ്ങളും' എന്നുതുടങ്ങുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. 'ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുള്ള കോടികളുടെ വരുമാനം ബാങ്കിലിടുന്നതു കൊണ്ട് ഹിന്ദുക്കൾക്കെന്തെങ്കിലും പ്രയോജനമുണ്ടോ? ക്ഷേത്രത്തിൽ വരുമാനമുണ്ടാക്കുന്നത് ഹിന്ദുക്കളാണ്. എന്നാൽ ഹിന്ദുക്കളുടെ സമ്പത്തു കൊണ്ടുപോകുന്നത് ന്യൂനപക്ഷങ്ങളാണ്'- എന്നും വെള്ളാപ്പള്ളി പറയുന്നുണ്ട്. ഇതിനെ ഖണ്ഡിച്ചാണ് തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരിക്കുന്നത്.

ഈ ബാങ്കുകൾ, ഹിന്ദുക്കളുടെ പണത്തിൽനിന്ന് ന്യൂനപക്ഷങ്ങൾക്കും വായ്പ കൊടുക്കുന്നു എന്നതാണ് വെള്ളാപ്പള്ളി കാണുന്ന ഏറ്റവും വലിയ അപകടമെന്നും തോമസ് ഐസക് പറയുന്നു. ബാങ്കിൽ പണമിട്ടാൽ പലിശ കിട്ടും. ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന ബാങ്കിലാണ് പണമിടേണ്ടത്. ക്ഷേത്രങ്ങൾക്കു വേണമെങ്കിൽ പണം നിലവറയിൽ സൂക്ഷിക്കാം. അതിൽ നിന്നും ചോർച്ച ചിലപ്പോൾ ഉണ്ടാകുമെന്ന അപകടമല്ലാതെ മറ്റൊരു നേട്ടവുമുണ്ടാകില്ല. ഏതു ബാങ്കിലിട്ടാലും പലിശ കിട്ടും. അതിനാണ് ബാങ്കുകൾ. അവയാകട്ടെ, മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളല്ലെന്നത് ഓർക്കണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

ഇന്നത്തെ കേരള കൗമുദിയിൽ വെള്ളാപ്പള്ളിയുടെ യാത്രയെക്കുറിച്ച് വിചിത്രമായ ഒരു റിപ്പോർട്ടുണ്ട്. "ക്ഷേത്രവരുമാനവും ലഭിക്കുന...

Posted by Dr.T.M Thomas Isaac on Saturday, 28 November 2015