ഴത്തിലുള്ള സ്വയം വിമർശനത്തിന് നാമോരുരുത്തരെയും പ്രേരിപ്പിക്കേണ്ടതാണ് കെവിനും നീനുവിനുമുണ്ടായ ദുരന്തം. അതിൽ ഒരു സംശയവും എനിക്കില്ല. എന്നാൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് ഇപ്പോൾ മാധ്യമങ്ങൾ നടത്തുന്ന ആക്രമണം നീതിക്കു നിരക്കുന്നതല്ല.

കെവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിന്മേൽ അന്വേഷണം നടത്താതിരിക്കുന്നതിന് ആ എസ്‌ഐ പറഞ്ഞ ഏറ്റവും ദുർബലമായ ഒരൊഴിവുകഴിവാണ് മുഖ്യമന്ത്രിയുടെ പരിപാടി. പരാതി ലഭിച്ചത് അതിരാവിലെ. മുഖ്യമന്ത്രിയുടെ പരിപാടി വൈകുന്നേരം. ആ പരാതിയിന്മേൽ അയാൾക്ക് എന്തൊക്കെ അന്വേഷണം നടത്താമായിരുന്നു? തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളുടെ നമ്പർ അയൽ സ്റ്റേഷനിലേയ്ക്ക് വയർലെസ് മെസേജു കൊടുക്കാം, പ്രതികളുടെ മൊബൈൽ ഫോൺ ലൊക്കേറ്റു ചെയ്യാം. ഇങ്ങനെ എത്രയോ കാര്യങ്ങൾ. ഇതൊന്നും ചെയ്യുന്നതിന് വൈകുന്നേരം നടക്കുന്ന മുഖ്യമന്ത്രിയുടെ പരിപാടിയിലെ ഡ്യൂട്ടി ഒരു തടസമേയല്ല.

പ്രതികളെ സഹായിക്കാൻ എസ്‌ഐ കണ്ടെത്തിയ ഒഴിവുകഴിവു മാത്രമായിരുന്നു അതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. ആ പരിപാടി ഇല്ലായിരുന്നെങ്കിൽ മറ്റൊരു കാരണം അയാൾ കണ്ടെത്തുമായിരുന്നു എന്നതിൽ ആർക്കാണ് സംശയം?എന്നാൽ എസ്‌ഐയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ കൃത്യവിലോപം മുഖ്യമന്ത്രിയെ അടിക്കാനുള്ള വടിയാക്കുകയാണ് മാധ്യമങ്ങൾ ചെയ്തത്. അത് അനീതിയാണ്. മാത്രമല്ല, പാർട്ടി സെക്രട്ടറിയെന്ന നിലയിൽ ഒന്നര ദശകത്തോളം മാധ്യമങ്ങൾ നടത്തിയ വേട്ടയാടലിന്റെ തുടർച്ചയുമാണ്. അന്നത്തെ അപവാദങ്ങളുടെയും ഉപജാപത്തിന്റെയും കഥകൾ ഓർമ്മയുള്ളവർക്കൊന്നും മാധ്യമങ്ങളുടെ ഈ അജണ്ടയ്ക്കു കീഴടങ്ങാനാവില്ല. പ്രധാനപ്രതികളുടെ രാഷ്ട്രീയബന്ധം മറച്ചുവെച്ച് ഡിവൈഎഫ്‌ഐയ്‌ക്കെതിരെ നടത്തിയ പ്രചാരണവും ഇതിന്റെ ഭാഗമായിത്തന്നെയാണ് കാണേണ്ടത്. അക്കാര്യം ഡിവൈഎഫ്‌ഐ തുറന്നു കാണിക്കുകയും ചെയ്തു.

ഇതിൽ നാം നടത്തേണ്ട ആത്മവിമർശനമെന്താണ്? കെവിനും നീനുവിന്റെയും പ്രണയസാഫല്യം ഡിവൈഎഫ്‌ഐയുടെ കാർമ്മികത്വത്തിലാണ് നടന്നത്. ആ പ്രണയത്തിന്റെ പേരിൽ അവർ വേട്ടയാടപ്പെട്ടപ്പോൾ അക്കാര്യം സ്റ്റേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്താനും നീതി തേടാനും ഒപ്പമുണ്ടായിരുന്നത് പാർട്ടി ഏരിയാ സെക്രട്ടറി അടക്കമുള്ളവരാണ്. സജീവമായി അവർ കെവിന്റെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു എന്ന് ആ കുടുംബം ഒന്നടങ്കം സമ്മതിക്കുന്നു.

എന്നിട്ടും കെവിൻ ഇന്ന് ജീവിച്ചിരിപ്പിച്ചില്ല. നീനുവിനോടൊപ്പം ഒരു ദിവസം പോലും കഴിയാൻ കെവിനു കഴിഞ്ഞില്ല. പാർട്ടിയും ഡിവൈഎഫ്‌ഐയും കൂടെയുണ്ടായിരുന്നിട്ടും, പാർട്ടി നേതാക്കളായ ഞങ്ങളൊക്കെ ഭരണനേതൃത്വത്തിലുണ്ടായിട്ടും, ആ ചെറുപ്പക്കാരന് ഭരണസംവിധാനത്തിൽ നിന്ന് ന്യായമായും കിട്ടേണ്ട സുരക്ഷ ലഭിച്ചില്ലെന്നു മാത്രമല്ല, ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നീനുവിനു ലഭിച്ചതോ? പേക്കിനാവുകൾ നിറഞ്ഞ ശിഷ്ടജീവിതവും തീരാത്ത കണ്ണുനീരും. ആ പെൺകുട്ടിയുടെ കണ്ണുനീർ നമ്മുടെ രാഷ്ട്രീയസാമൂഹ്യഭരണസംവിധാനത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും.

നീനുവിന്റെ മാതാപിതാക്കളും സഹോദരനും മിശ്രവിവാഹിതരാണ്. പ്രണയത്തിൽ ആ പാരമ്പര്യമാണ് നീനു പിന്തുടർന്നത്. ദൗർഭാഗ്യവശാൽ സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഭരണസംവിധാനത്തിൽ നിന്നും അവൾക്കു പിന്തുണ ലഭിച്ചില്ല. ആ പെൺകുട്ടിക്കു മുന്നിൽ അപമാനഭാരത്താൽ നമ്മിലോരോരുത്തരുടെയും തല കുനിയണം. നവോത്ഥാനകേരളത്തിന്റെ ശിരസിലേറ്റ ശാപമാണ് ആ കണ്ണുനീർ. ജാതിക്കും മതത്തിനുമതീതമായി ജീവിക്കാനെടുത്ത തീരുമാനത്തിന്റെ രക്തസാക്ഷികളാണിരുവരും. സവർണമനോഭാവമാണ് ഈ വധശിക്ഷ നടപ്പിലാക്കിയത്. അതിനു പൊലീസിൽ നിന്ന് ലഭിച്ച ഒത്താശ നൽകുന്ന സൂചന അപകടകരം തന്നെയാണ്. ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം ആരും ഒട്ടും കുറച്ചു കാണുന്നില്ല. കാണാൻ പാടില്ല.

ഇക്കാര്യങ്ങളൊക്കെ സ്വയം വിമർശനപരമായി പരിശോധിക്കപ്പെടും. കേരളത്തിലെ കൊടിയ അപമാനത്തിലേയ്ക്കു ചവിട്ടിത്താഴ്‌ത്തിയ പൊലീസുകാർക്കെതിരെ ഒരു നിമിഷം വൈകാതെ നടപടി സ്വീകരിച്ച മുഖ്യമന്ത്രിയും ഇക്കഴിഞ്ഞ ദിവസം കെവിന്റെ വീടു സന്ദർശിച്ച പാർട്ടി സെക്രട്ടറിയും ആ സന്ദേശം തന്നെയാണ് സമൂഹത്തിനു നൽകുന്നത്.