തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിളക്കുകൾ എൽഇഡിയാക്കിയാൽ ലാഭിക്കുന്ന വൈദ്യുതി അതിരപ്പള്ളി പദ്ധതി നടപ്പിലാക്കുന്നതിനേക്കാൾ വരുമെന്നു ധനമന്ത്രി ടി എം തോമസ് ഐസക്. ബൾബുകൾ എല്ലാം എൽഇഡിയാക്കിയാൽ ഒന്നര അതിരപ്പിള്ളി പദ്ധതിയുടെ വൈദ്യുതി ലാഭിക്കാമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായി ഏതാണ്ട് നാലര കോടി ബൾബുകൾ ഉണ്ട്. ഇതിൽ 90 ശതമാനം സിഎഫ്എൽ ആണെന്നാണ് കണക്ക് ഇവയൊക്കെ മാറ്റി എൽഇഡി ബൾബുകൾ പകരം കൊടുത്താൽ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്ന് ഐസക് ചൂണ്ടിക്കാണിക്കുന്നു.

നാലര കോടി ബൾബിന് ഏതാണ്ട് 250 കോടി രൂപയേ ചെലവു വരൂ. അതിരപ്പള്ളി പദ്ധതിയുടെ സ്ഥാപകശേഷി 150 - 170 മെഗാവാട്ടാണ്. ചെലവാകട്ടെ 1500 കോടി വരും. അഥവാ സർക്കാർ 250 കോടി മുടക്കി മുഴുവൻ വൈദ്യുതി വിളക്കുകളും സൗജന്യമായി എൽഇഡി വിളക്കുകളാക്കിയാൽ ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാം. പിന്നെന്തിന് സർക്കാർ അമാന്തിക്കണമെന്നും ഐസക് ചോദിക്കുന്നു.