തിരുവനന്തപുരം: കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്‌നമായിട്ട്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്‌പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു.

കോടിയേരി ഇവിടെനിന്ന് താമസംമാറിയപ്പോൾ മറ്റുള്ളവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും ഇവിടെ എത്തിയില്ല. എം വിരാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്.

അദ്ദേഹത്തിന് പകരം മത്സരിച്ച മകൻ ആര്യാടൻ ഷൗക്കത്താകട്ടെ ജയമുറപ്പിച്ച സീറ്റിൽ ഇക്കുറി തോറ്റുപോയതോടെ സഭകാണാൻ ഭാഗ്യമുണ്ടായില്ല. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്‌തെന്നത് മറ്റൊരു കാര്യം.

എന്തായാലും, ഇക്കുറി ഇടതുസർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ തുടങ്ങിയ ചർച്ചയായിരുന്നു ആരാകും മന്മോഹൻ മന്ദിരത്തിലെ താമസക്കാരനെന്നത്. അതുപോലെത്തന്നെ 13-ാം നമ്പർ കാറിന്റെ കാര്യവും. ഒരു പേടിയും പ്രകടിപ്പിക്കാതെ ധനമന്ത്രി തോമസ് ഐസക് മന്മോഹൻ ബംഗ്ലാവിൽ താമസിക്കാനെത്തിയതോടെ വിവാദങ്ങൾ അടങ്ങി. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആരും ഏറ്റെടുക്കാതെ മാറ്റിയിട്ട 13-ാം നമ്പർ കാറും സധൈര്യം തോമസ് ഐസക് ഏറ്റെടുത്തു. വി എസ് സർക്കാരിന്റെ കാലത്ത് 13-ാം നമ്പർകാർ ഏറ്റെടുക്കാൻ സധൈര്യം മുന്നോട്ടുവന്നത് എംഎ ബേബിയായിരുന്നു.

കാര്യങ്ങൾ ഇങ്ങനെയിരിക്കെയാണ് തോമസ്‌ഐസക്കിന് മന്മോഹൻ ബംഗ്ലാവ് മന്ത്രിമന്ദിരമായി ലഭിക്കുന്നത്. പക്ഷേ, മന്ത്രിയായി മാസമൊന്നു കഴിഞ്ഞിട്ടും അദ്ദേഹം അവിടെ കാലെടുത്തുകുത്താൻ തയ്യാറായിട്ടില്ല. ധൈര്യമില്ലാഞ്ഞിട്ടല്ല. ബംഗ്ലാവിലെ അറ്റകുറ്റപ്പണികളും ഇലക്ട്രിക്കൽ വർക്കുകളും അടുത്തിടെ കഴിഞ്ഞതേയുള്ളൂ. പണികൾ കഴിഞ്ഞെങ്കിലും അതിനിടെ ബജറ്റ് തയ്യാറാക്കുന്ന തിരക്കിലുമായി മന്ത്രി. ഈ വരുന്ന വെള്ളിയാഴ്ചയാണ് ബജറ്റ് അവതരണം. അതിനാൽത്തന്നെ കൂടെയുള്ള പലരും തന്നെ മന്ത്രിയെ ഉപദേശിക്കുന്നു. ബജറ്റ് അവതരിപ്പിച്ചിട്ടു പോരേ മന്മോഹൻ ബംഗ്ലാവിലേക്ക് പോകുന്നതെന്ന്.

അങ്ങനെവിട്ടാൽ ശരിയല്ലല്ലോ എന്നു പറഞ്ഞ് ബജറ്റ് അവതരണത്തിന് മുമ്പുതന്നെ പുതിയ വീട്ടിലെത്തുമെന്ന് തോമസ് ഐസക് പ്രഖ്യാപിക്കുകയാണ്. അന്ധവിശ്വാസങ്ങൾ പറഞ്ഞ് തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്ന് തോമസ് ഐസക് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്യുന്നു. ബജറ്റ് തയ്യാറാക്കുന്നതിന്റെയും അവസാന മിനുക്കുപണികളുടേയും കാര്യം വ്യക്തമാക്കുന്ന പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞുനിർത്തുന്നത്. മന്മോഹൻ ബംഗ്ലാവിലേക്ക് പോകുന്നത് ബജറ്റൊക്കെ കഴിഞ്ഞിട്ടുപോരേയെന്നു പറയുന്നവരുണ്ടെന്നും വടക്കേഗേറ്റ് തുറന്നിടണമെന്നും തെക്കേഗേറ്റ് വഴി പോകരുതെന്നും ഉപദേശിക്കുന്നവരുണ്ടെന്നും മന്ത്രി പറയുന്നു. ഉപദേശകരിൽ ചിലർ ഉയർന്ന ഉദ്യോഗസ്ഥർ തന്നെയാണെന്ന സത്യവും മന്ത്രി മറച്ചുവയ്ക്കുന്നില്ല.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

'മന്മോഹൻ ബംഗ്ലാവാണ് പുതിയ വീട്. ഇതുവരെ അവിടെ പോയില്ല. ഇതിനകം തന്നെ ഒരുപാട് ഉപദേശങ്ങൾ പലരിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിലർ ഉയർന്ന ഉദ്യോഗസ്ഥർ തന്നെയാണ്. വടക്കേ ഗേറ്റ് തുറന്നിടണം. തെക്കേ ഗേറ്റ് വഴി പോകരുത്. ഇങ്ങനെ പലജാതി ഉപദേശങ്ങൾ. മന്മോഹൻ ബംഗ്ലാവിനെ സംബന്ധിച്ച വിശ്വാസങ്ങൾ പതിമൂന്നാം നമ്പരിനേക്കാൾ കലശലാണ്. അവിടെ താമസിക്കുന്നവർ വാഴില്ലത്രേ. ബഡ്ജറ്റൊക്കെ കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് മാറിയാൽ മതിയെന്ന് പറയുന്നവരുമുണ്ട്. ഏതായാലും നാളെ രാത്രി ആകുമ്പോഴേക്കും വിഴിഞ്ഞം വിടാമെന്ന് കരുതുന്നു.' -

അന്ധവിശ്വാസങ്ങൾക്കെതിരെ രണ്ടുംകൽപിച്ച് നീങ്ങുന്ന തോമസ് ഐസക്കെങ്കിലും മന്മോഹൻ ബംഗ്ലാവിന്റെ ചീത്തപ്പേരുമാറ്റുമെന്ന് പ്രതീക്ഷിക്കാം. വിഴിഞ്ഞം ഇൻസ്‌പെക്ഷൻ ബംഗ്ലാവിലിരുന്ന് ബജറ്റിന്റെ അന്തിമ മിനുക്കുപണികളിലാണ് ഇപ്പോൾ തോമസ് ഐസക്.