തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും വിരമിക്കൽ പ്രായം 58 ആക്കണമെന്നു ധനവകുപ്പിന്റെ ശുപാർശ ചെയ്തു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. വാർത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാർക്കും. ഇത്തരത്തിലൊരു ഫയലോ നിർദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല എന്നും ഇതു വളരെ മോശമായിപ്പോയെന്നും ഒന്നുകിൽ ഫയൽ നമ്പർ സഹിതം പ്രസിദ്ധീകരിച്ച് വാർത്ത ശരിയെന്നു തെളിയിക്കുകയോ അല്ലെങ്കിൽ വാർത്ത പിൻവലിക്കാനുള്ള മാന്യത മനോരമ കാണിക്കുകയോ ചെയ്യണമെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്‌ബുക്ക് വഴിയാണ് ധനമന്ത്രിയുടെ പ്രതികരണം.

ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പെൻഷൻ പ്രായം 58 ആക്കാൻ ധനവകുപ്പിന്റെ ശിപാർശ എന്ന വാർത്ത മനോരമയ്ക്ക് എവിടെ നിന്നാണ് കിട്ടിയത് എന്നറിയില്ല. എനിക്കു മാത്രമല്ല, വകുപ്പിലാർക്കും. ഇത്തരത്തിലൊരു ഫയലോ നിർദ്ദേശമോ ധനവകുപ്പിനു മുന്നിലില്ല. വായനക്കാരെ സംഭ്രമിപ്പിക്കുക എന്ന ഒറ്റലക്ഷ്യം മാത്രം മുൻനിർത്തി മനോരമ പോലൊരു പ്രമുഖ പത്രത്തിന് ഇങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിക്കാൻ കഴിയുമോ? വകുപ്പുതല ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെ ഞാൻ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറി എന്നാണ് മനോരമ ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയൽ നമ്പർ മനോരമ പ്രസിദ്ധീകരിക്കണം.

ഇത്തരം വാർത്തകൾ നൽകുന്നതിനു മുമ്പ് എന്റെ ഓഫീസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത ലേഖകനു കാണിക്കാമായിരുന്നു. സത്യസന്ധമായ വിവരങ്ങൾ നൽകാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്.

എന്നാൽ, ഇതു വളരെ മോശമായിപ്പോയി. ഒന്നുകിൽ ഫയൽ നമ്പർ സഹിതം പ്രസിദ്ധീകരിച്ച് വാർത്ത ശരിയെന്നു തെളിയിക്കണം. അല്ലെങ്കിൽ വാർത്ത പിൻവലിക്കാനുള്ള മാന്യത കാണിക്കണം.